കൊച്ചി:സി.എം.ആര്.എല്‍-എക്സാലോജിക് ദുരൂഹയിടപാടില്‍ വിദേശ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് എസ്.എഫ്.ഐ.ഒ അന്വേഷണം നടക്കുന്നതായി അഡ്വ ഷോണ്‍ ജോര്‍ജ്. വിവാദ കമ്പനികളായ പ്രൈസ് വാട്ടര്‍ കൂപ്പര്‍, എസ് എന്‍ സി ലാവ്ലിന് കമ്പനികളില്‍ നിന്നായി കോടികള്‍ അബുദാബി കമേഴ്സ്യല്‍ ബാങ്കിലെ അക്കൗണ്ടിലേക്ക് വന്നതായും ഷോണ്‍ ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ തൈക്കണ്ടിയിലിന്റെയും മുന്‍ ബന്ധുവായ എം സുനീഷ് എന്നിവരുടെ പേരില്‍ എക്സാ ലോജിക്കിന്റെ പേരിലുള്ള അബുദാബിയിലെ അക്കൗണ്ടില്‍ നിക്ഷേപമായി എത്തിയത് കോടികളാണെന്നത് വെളിപ്പെടുത്തുന്ന രേഖകള്‍ ഷോണ്‍ ജോര്‍ജ് പുറത്തുവിട്ടത്.
2018 മുതല്‍ 2020 വരെയുള്ള കാലത്താണ് പണം വന്നത്. ഈ അക്കൗണ്ടിലേക്ക് വന്ന പണം പിന്നീട് അമേരിക്കയിലേക്കുമാണ് കൈമാറിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ അമേരിക്കന്‍ യാത്രയും മറ്റു വിദേശ യാത്രകളും വിവാദമായതിനുപിന്നാലെയാണ് ഷോണ്‍ ജോര്‍ജിന്റെ പുതിയ വെളിപ്പെടുത്തല്‍.എക്സാ ലോജിക്കിന്റെ അക്കൗണ്ടിലേക്ക് വിവിധ കോര്‍പ്പറേറ്റ് കമ്പനികളില്‍ നിന്നും പണം എത്തിയത് മാസപ്പടിയും കമ്മീഷനുമാണ് എന്നായിരുന്നു ഷോണിന്റെ ആരോപണം. സി എം ആര് എല്‍ നല്കിയ പണം എങ്ങോട്ടു പോയെന്ന അന്വേഷണത്തിന് ഈ ബാങ്ക് വിവരങ്ങള്‍ കൃത്യമായ തെളിവുകള്‍ ലഭിക്കുമെന്നും എല്ലാ രേഖകളും കഴിഞ്ഞ മാസം 17 ന് എസ് എഫ് ഐ ഒയ്ക്ക് കൈമാറിയിട്ടുണ്ടെന്നും ഷോണ്‍ പറഞ്ഞു.
എക്സാലോജികിലെ ഓഹരിയുടമകളുടെ പേരിലാണ് അക്കൗണ്ടുകളെന്നും ഷോണ്‍ ആരോപിക്കുന്നു. ഇത് സംബന്ധിച്ച രേഖകള്‍ കമ്പനികാര്യ മന്ത്രാലയത്തിനും എസ്എഫ്ഐഒക്കും കൈമാറി. അക്കൗണ്ട് വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഹൈക്കോടതിയിലും ഷോണ്‍ ഹര്‍ജി സമര്‍പ്പിച്ചു. അക്കൗണ്ടുകള്‍ കള്ളപ്പണ ഇടപാടുകള്‍ക്കായി തുറന്നതാണെന്ന് ആരോപിച്ച ഷോണ്‍. എസ്എന്‍സി ലാവലിന്‍, പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ് എന്നീ കമ്പനികളും ഈ അക്കൗണ്ടില്‍ പണം നിക്ഷേപിച്ചതായും പറയുന്നു
വിദേശത്തെ അക്കൗണ്ടിലേക്ക് പണം എത്തിയത് തെളിവുസഹിതം അന്വേഷണ ഏജന്‍സിക്ക് കൈമാറിയതോടെ എക്സാലോജിക്കിനെതിരെയുള്ള അന്വേഷണം കൂടുതല്‍ ശക്തിപ്പെടുകയാണ്.മുഖ്യമന്ത്രിയുടെ ഓഫീസിനടക്കം പങ്കുള്ള വലിയ അഴിമതിയാണിതെന്നും, മുഖ്യമന്ത്രി പിണറായി വിജയനുമായി ബന്ധപ്പെട്ട വലിയ അഴിമതിയാണ് പുറത്തുവരാനുള്ളതെന്നും, കേരളം പിണറായി വിജയെന്ന അഴിമതിക്കാരനെ ഉടന്‍ തിരിച്ചറിയുമെന്നും ഷോണ്‍ പറഞ്ഞു.