ചെങ്ങന്നൂർ: 15 വർഷം മുമ്പ് കാണാതായ ശ്രീകലയുടെ മൃതദേഹത്തിന്റെ ഭാഗങ്ങൾ ഇനിയും കണ്ടെത്താനായില്ല. അന്വേഷണത്തിൽ വഴി മുട്ടി പൊലീസ്. ചെന്നിത്തല തൃപ്പെരുംന്തുറ ഗ്രാമപഞ്ചായത്ത് ഇരമത്തൂർ രണ്ടാംവാർഡിൽ ഐക്കര ജങ്ഷൻ മീനത്തേതിൽ പരേതരായ ചെല്ലപ്പൻ-ചന്ദ്രിക ദമ്പതികളുടെ ഇളയ മകൾ കല എന്ന ശ്രീകലയാണ് കൊല്ലപ്പെട്ടത്.
ഇരമത്തൂർ കിഴക്ക് മൂന്നാംവാർഡിൽ കണ്ണമ്പള്ളിൽ അനിലുമായി പ്രണയത്തിലായ കല വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് ഒളിച്ചോടിയായിരുന്നു വിവാഹം. ഒന്നരവയസ്സുള്ള കുട്ടിയെ ഉപേക്ഷിച്ച് കല ഒളിച്ചോടിയെന്നാണ് ഭർത്താവും കുടുംബാംഗങ്ങളും പറഞ്ഞിരുന്നത്. തുടർന്ന് അനിൽ രണ്ടാമത് വിവാഹം കഴിച്ചു.കൊലപ്പെടുത്തിയതാണെന്ന വിവരം മൂന്നുമാസം മുമ്പ് അമ്പലപ്പുഴ പൊലീസിന് ഊമക്കത്തിലൂടെയാണ് ലഭിച്ചത്.
തുടർന്നുള്ള അന്വേഷണത്തിലാണ് ഭർതൃവീട്ടിലെ സെപ്റ്റിക് ടാങ്കിൽ കലയുടേതെന്ന് സംശയിക്കുന്ന ചിലവസ്തുക്കൾ കണ്ടെത്തിയത്. എന്നാൽ മൃതദേഹാവശിഷ്ടം കിട്ടാതായതോടെയാണ് ദുരൂഹത വർധിച്ചത്.വലിയ പെരുമ്പുഴ പാലത്തിൽ വെച്ച് കൊന്നശേഷം മൃതദേഹം സെപ്റ്റിക്ക് ടാങ്കിൽ ഇട്ടതാണെന്ന കൂട്ടുപ്രതികളുടെ മൊഴിക്ക് പിന്നാലെ തെരച്ചിൽ നടത്തിയെങ്കിലും പൊലീസിന് കാര്യമായ തുമ്പ് കിട്ടിയിട്ടില്ല.
അതിനിടെ, മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റിയോയെന്ന സംശയവുമുണ്ട്. ഇസ്രായേലിലള്ള അനില്‍ മകനോട് പറഞ്ഞത് അമ്മ ജീവിച്ചിരിപ്പുണ്ടെന്നാണ്. കസ്റ്റഡിയിലുള്ള പ്രതികൾ പറഞ്ഞതിന്റെ പിന്‍ബലത്തിലാണ് പരിശോധനയുണ്ടായത്. ഇവരറിയാതെ മറ്റൊരുസംഘത്തിന്റെ സഹായത്തോടെ മൃതദേഹം മാറ്റിയോയെന്നും സംശയിക്കുന്നുണ്ട്.
നാട്ടിലുള്ള ബന്ധുക്കൾ ഉൾപ്പെടെ പലരെയും ചോദ്യം ചെയ്യുന്നുണ്ടെങ്കിലും കാര്യമായ വിവരം കിട്ടിയിട്ടില്ല.കേസില്‍ വാദിയായി മാറിയ കെ.വി. സുരേഷ് കുമാറിന്റെ മൊഴിയെ ബലപ്പെടുത്തുന്നതിനായി മറ്റുള്ളവരില്‍ നിന്നും അനുബന്ധ മൊഴികള്‍ കണ്ടെത്താനാണ് പൊലീസിന്റെ ഇപ്പോഴത്തെ ശ്രമം. മൃതദേഹാശിഷ്ടങ്ങള്ക്ക് 15 വര്‍ഷത്തിന് മേൽ പഴക്കമുള്ളതിനാൽ ഫോറന്‍സിക് പരിശോധനയിലൂടെ ഡി.എന്‍.എ വേര്‍തിരിച്ചെടുക്കുന്നത് ഏറെ ദുഷ്കരമാണ്.