തിരുവനന്തപുരം: കേരളതീരം മുതൽ തെക്കൻ ഗുജറാത്ത് തീരംവരെ ന്യൂനമർദപാത്തി സ്ഥിതിചെയ്യുന്നതിനാൽ സംസ്ഥാനത്ത് മഴ തുടരും. അഞ്ചു ദിവസം ഇടിമിന്നലോടുകൂടിയ മിതമായ/ ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പടിഞ്ഞാറൻ, വടക്കു പടിഞ്ഞാറൻ കാറ്റും രണ്ടു ദിവസം ശക്തമായി തുടരും.
എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർകോട് ജില്ലകളില്‍ വ്യാഴാഴ്ചയും കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർകോട് ജില്ലകളില്‍ വെള്ളിയാഴ്ചയും മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇവിടെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണു സാധ്യത. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാം.
കുറഞ്ഞ സമയംകൊണ്ട് വലിയ മഴയുണ്ടാകുന്നത് മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും നദിക്കരകൾ, അണക്കെട്ടുകളുടെ താഴെയുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി താമസിക്കണണം. ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ മേൽക്കൂര ശക്തമല്ലാത്തതുമായ വീടുകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം.