പട്ടിക ജാതി – പട്ടിക വർഗ വിഭാഗ സംവരണത്തിനുള്ളിൽ ഉപസംവരണത്തിന് അംഗീകാരം നൽകി സുപ്രീം കോടതിയുടെ നിർണ്ണായക വിധി.കൂടുതൽ അർഹതയുള്ളവർക്ക് പ്രത്യേക ക്വാട്ട നൽകുന്നത് ഭരണഘടന വിരുദ്ധമല്ലെന്ന് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഏഴംഗ ബെഞ്ച് വിധിച്ചു. ജോലിക്കും വിദ്യാഭ്യാസത്തിലും എസ്സി-എസ്ടി വിഭാഗക്കാരിലെ അതി പിന്നോക്കക്കാർക്കായി ഉപസംവരണം ഏർപ്പെടുത്താൻ ഇതോടെ സംസ്ഥാനങ്ങൾക്ക് കഴിയും.
ആറ് ജഡ്ജിമാർ വിധിയോട് യോജിച്ചപ്പോൾ ജസ്റ്റിസ് ബേല എം ത്രിവേദി മാത്രമാണ് വിയോജിച്ചത്.ഉപസംവരണം ശരിവച്ചെങ്കിലും ഇതിന് പരിധി വേണമെന്നും കൃത്യമായ കാരണങ്ങളുടെ അടിസ്ഥാനത്തിലാകണം ഇതു നൽകേണ്ടതെന്നും കോടതി നിർദ്ദേശിച്ചു. പട്ടിക ജാതി-പട്ടിക വർഗ്ഗ സംവരണ ക്വാട്ടയിൽ ഉപസംവരണം പാടില്ലെന്ന 2004 ലെ അഞ്ചംഗ ഭരണഘടന ബെഞ്ച് വിധിയാണ് ഏഴംഗ ബഞ്ച് തിരുത്തിയത്. പഞ്ചാബ്, തമിഴ്നാട് സംസ്ഥാനങ്ങൾ നൽകിയ ഉപസംവരണം സുപ്രീം കോടതി ഇതുവഴി ശരിവെച്ചു.