സുരേഷ് ഗോപി കേന്ദ്രസഹമന്ത്രി സ്ഥാനം രാജിവെക്കുമോ? ഉടന്‍ രാജിവച്ചേക്കുമെന്നാണ് ഏറ്റവും ഒടുവിലായി വരുന്ന റിപ്പോര്‍ട്ടുകള്‍. കേന്ദ്രസഹമന്ത്രി സ്ഥാനത്തില്‍ നിരാശനാണ് സുരേഷ് ഗോപിയെന്നാണ് ലഭ്യമാവുന്ന വിവരം.തന്നെ ഒഴിവാക്കിത്തരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അത് ഉടന്‍ സംഭവിച്ചേക്കുമെന്നാണ് ഞാന്‍ കരുതുന്നത്.എനിക്ക് ഒരു എം പിയായിരുന്നാല്‍ മതി.തൃശ്ശൂരില്‍ കുറച്ചുകൂടി ഇടപെടാന്‍ കഴിയുന്നത് എം പി യായിരിക്കുമ്പോഴാണ് എന്നും സുരേഷ് ഗോപി പറയുന്നു.
ബി ജെ പിക്ക് ബാലികേറാമലയായ തൃശ്ശൂര്‍ എടുത്ത് ബി ജെ പിക്ക് നല്കിയ സുരേഷ് ഗോപിക്ക് വലിയ സ്വീകാര്യത ലഭിക്കുമെന്നായിരുന്നു ആരാധകരും കരുതിയത്.എന്നാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞതില്‍ നിരാശനാണ് സുരേഷ് ഗോപി.തനിക്ക് ഏറ്റവും പ്രിയപ്പെട്ടത് സിനിമയാണെന്നും തന്നെ സിനിമ ചെയ്യാന്‍ അനുവദിക്കണമെന്നുമുള്ള അഭ്യര്‍ത്ഥനയാണ് സുരേഷ് ഗോപി വീണ്ടും ആവര്‍ത്തിക്കുന്നത്.സുരേഷ് ഗോപിയും അപ്രതീക്ഷിതമായി കേന്ദ്രമന്ത്രിസഭയിലേക്കെത്തിയ ജോര്‍ജ് കുര്യനും കേന്ദ്രമന്ത്രിസഭയില്‍ സഹമന്ത്രിമാരാണ്.
കേരളത്തില്‍ ത്രികോണ മത്സരത്തില്‍ ബി ജെപിക്ക് അക്കൗണ്ട് തുറന്നതിന്റെ പരിഗണന എന്തുകൊണ്ടാണ് മലയാള സിനിമയിലെ ആക്ഷന്‍ ഹീറോയ്ക്ക് ലഭിക്കാതെ പോയതെമന്ന ചര്‍ച്ച തൃശ്ശൂരില്‍ വ്യാപകമാണ്.ഇതിനിടയിലാണ് സഹമന്ത്രിസ്ഥാനത്തുനിന്നും തന്നെ ഒഴിവാക്കണമെന്ന ആവശ്യം സുരേഷ് ഗോപി നേതൃത്വത്തിന് മുന്നില്‍ വച്ചിരിക്കുന്നത്.
സുരേഷ് ഗോപി മന്ത്രിസ്ഥാനത്തുനിന്നും ഏറെ താമസിയാതെ രാജിവച്ചാല്‍ അത് ബി ജെ പിക്ക് വലിയ ക്ഷീണമാവും.സിനിമാ തിരക്ക് എന്ന ന്യായമാണ് നിരത്തുന്നതെങ്കിലും അതല്ല പ്രധാന കാരണമെന്ന് എല്ലാവര്ക്കും വ്യക്തമായി അറിയാം.തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ തീര്‍ച്ചയായും മന്ത്രിയാവുമെന്നുതന്നെയായിരുന്നു സുരേഷ് ഗോപി പ്രവര്‍ത്തകരോടും പറഞ്ഞിരുന്നത്. എന്നാല്‍ സത്യപ്രതിജ്ഞാദിനത്തില്‍ മന്ത്രിസ്ഥാനത്തേക്കില്ലെന്ന നിലപാട് സ്വീകരിച്ച് തിരുവനന്തപുരത്ത് നില്ക്കാന് ശ്രമിച്ചത് എല്ലാവര്‍ക്കിടയിലും സംശയം ജനിപ്പിച്ചിരുന്നു.
മന്ത്രിയാകാന്‍ ഇല്ലെന്ന നിലപാടില്‍ ഉറച്ചുനിന്ന സുരേഷ് ഗോപിയെ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് വിളിച്ച് മന്ത്രിസ്ഥാനത്ത് അവരോധിച്ചു എന്നൊക്കെയാണ് മാധ്യമവാര്ത്തയെങ്കിലും കാര്യങ്ങള്‍ അങ്ങിനെയൊന്നുമല്ലെന്നാണ് അദ്ദേഹവുമായി അടുത്ത കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്.തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഡല്‍ഹിയിലേക്ക് പോയ സുരേഷ് ഗോപിയോട് കേന്ദ്രസഹമന്ത്രിയാവണമെന്ന് ബി ജെ പി നേതൃത്വം ആവശ്യപ്പെട്ടു.കേന്ദ്രത്തില്‍ ക്യാബിനറ്റ് വകുപ്പ് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു സുരേഷ് ഗോപി. തൃശ്ശൂരിലെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലെല്ലാം സുരേഷ് ഗോപി ഇക്കാര്യം വ്യക്തമാക്കിയിരുന്നതുമാണ്.
മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ സുരേഷ് ഗോപി കേന്ദ്രത്തില്‍ ക്യാബിനറ്റ് റാങ്കോടെ മന്ത്രിയാവുമെന്ന് ബി ജെ പി നേതാക്കളെല്ലാം തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ വ്യക്തമാക്കിയിരുന്നു.പ്രധാനമന്ത്രിയും അത്തരത്തിലുള്ള സൂചനകള്‍ നല്‍കിയിരുന്നു. എന്നാല്‍ ഡല്‍ഹിയിലെത്തിയ സുരേഷ് ഗോപിയോട് കേന്ദ്രസഹമന്ത്രിയുടെ ചുമതലയാണെന്ന് അറിയിച്ചതോടെ സത്യപ്രതിജ്ഞയ്ക്ക് കാത്തുനില്‍ക്കാതെ സുരേഷ് ഗോപി തിരുവനന്തപുരത്തേക്ക് തിരിക്കുകയായിരുന്നു.
തനിക്ക് നേരത്തെ ഏറ്റെടുത്ത സിനിമ ചെയ്യാനുണ്ടെന്നാണ് സുരേഷ് ഗോപി മാധ്യമങ്ങളോട് വ്യക്തമാക്കുന്നത്.മമ്മൂട്ടി കമ്പനിയുടേയും ഗോകുലം പ്രൊഡക്ഷന്സിന്റെയും അടക്കം നാല് സിനിമകള്‍ തീര്‍ക്കാനുണ്ടെന്നും അതിനാല്‍ തന്നെ രണ്ട് വര്‍ഷത്തേക്ക് മന്ത്രി സ്ഥാനത്തേയേക്ക് പരിഗണിക്കരുതെന്നുമായിരുന്നു സുരേഷ് ഗോപി വ്യക്തമാക്കിയത്.നിലവില്‍ ഒരു സിനിമയുടെ ഷൂട്ടിംഗ് പാതിവഴിയിലാണ് എന്നും സുരേഷ് ഗോപി പറയുന്നു. ഇന്നലെ പ്രധാനമന്ത്രി നേരിട്ട വിളിച്ചതിനാല്‍ ഡല്‍ഹിക്കു പോകുന്നുവെന്നു പറഞ്ഞ സുരേഷ് ഗോപി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തെങ്കിലും സന്തോഷവാനായിരുന്നില്ല.
മോദി മന്ത്രിസഭയില്‍ സാംസ്കാരിക വകുപ്പോ, ടൂറിസം വകുപ്പോ ലഭിക്കുമെന്നായിരുന്നു സുരേഷ് ഗോപി കണക്കൂകൂട്ടിയിരുന്നത്. ക്യാബിനറ്റ് പദവിയോടെ സാംസ്കാരിക വകുപ്പ് ലഭിക്കുകയാണെങ്കില്‍ ചെയ്യാവുന്ന പദ്ധതികളെക്കുറിച്ചുള്ള ചര്‍ച്ചയും ചിലരുമായി നടത്തിയിരുന്നു..
എന്നാല്‍ സ്വതന്ത്ര ചുമതലയുള്ള മന്ത്രിപോലുമല്ല തനിക്ക് ലഭിക്കുകയെന്നറിഞ്ഞതോടെ സുരേഷ് ഗോപി മന്ത്രിസ്ഥാനം വേണ്ടെന്ന നിലപാടിലേക്ക് മാറി. ഹിന്ദി ലോബികളുടെ ഇടപെടലോടെയാണ് സുരേഷ് ഗോപിക്ക് കാബിനറ്റ് പദവി നഷ്ടമായതെന്നാണ് വിവരം. സംസ്ഥാനത്തെ ബി ജെ പിക്ക് വന്‍ നേട്ടമുണ്ടാക്കിയ സ്ഥാനാര്‍ത്ഥിയാണ് സുരേഷ് ഗോപിയെങ്കിലും കേരളത്തിലെ മിക്ക ബി ജെ പി നേതാക്കള്‍ക്കും സുരേഷ് ഗോപിയോട് വലിയ താല്പര്യമില്ല. ഇതും കേന്ദ്രത്തില്‍ ക്യാബിനറ്റ് റാങ്ക് നഷ്ടമാവാന്‍ കാരണമായതായി സുരേഷ് ഗോപി സംശയിക്കുന്നുണ്ട്.