ആ മഹാമനസ്കനെ, ആ വിശാല ഹൃദയനെ, ആ സ്നേഹ സമ്പന്നനെ ജനങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞു സുഹുര്‍ത്തുക്കളേ…എന്താ കറക്ടല്ലേ… വേണമെങ്കില്‍ ഒന്നു തിരുത്താം, മഹാമനസ്കതകൊണ്ട്, ഹൃദയവിശാലത കാണിച്ച്, സ്നേഹം വാരി വിതറി ജനങ്ങളെ കയ്യിലെടുത്തുകഴിഞ്ഞു സുരേഷ് ഗോപി. അതേ..അടിച്ച് കേറി വരുകയാണ് നമ്മടെ പുത്യ കേന്ദ്രമന്ത്രി സുരേഷ് ഗോപി.
തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം എവിടൊക്കെ പോകണം എന്തൊക്കെ ചെയ്യണമെന്നറിയാതെ പാഞ്ഞ് നടക്കുകയാണ് സുരേഷ് ഗോപി.കണ്ണൂര്‍ പയ്യാമ്പലത്ത് പോകുന്നു, പറശ്ശിനിക്കടവ് പോകുന്നു, കേരളത്തിലെ ആദ്യത്തെ ധീര ബലിദാനി സ്വ:വാടിക്കല്‍ രാമകൃഷ്ണന്റെ തലശ്ശേരിയിലെ വീട്ടിലേയ്ക്ക് പോകുന്നു, ഇ കെ നായനാരുടെ വീട്ടില്‍ പോകുന്നു, ടി പത്മനാഭന്റെ വീട്ടില്‍ പോകുന്നു, വീട് വാഗ്ദാനം ചെയ്യുന്നു, കോവിക്കോട് തളീ ക്ഷേത്രത്തില്‍ പോകുന്നു, കരുണാകരന്റെ വീട്ടില്‍ പോകുന്നു, മാതാവിന് കൊന്ത – സ്വര്‍ണക്കൊന്ത കൊടുക്കുന്നു എന്റമ്മോ… ഇത് പോലെ പ്രവര്‍ത്തന നിരതനായ രാഷ്ട്രീയ പ്രവര്ത്തകന സിനിമയിലല്ലാതെ കണ്ടിട്ടുണ്ടോ നിങ്ങള്‍… ഇല്ലായെങ്കില്‍ കണ്ടോളൂ.. കണ്‍നിറയേ കണ്ടോളൂ…എത്രനാള്‍ കാണുമെന്ന് പറയാന്‍ പറ്റൂലേ…
നന്ദിയാല്‍ പാടുന്നു ദൈവമേ…രാവിലെ മുതല്‍ ചാനലുകളില്‍ മുഴങ്ങുകയാണ് ഈ ഗാനം.തെരഞ്ഞെടുപ്പിന് മുന്‍പ് മകളുടെ വിവാഹത്തോടനുബന്ധിച്ച് സുരേഷ് ഗോപി ലൂര്‍ദ് മാതാവിന് സ്വര്‍ണ കിരീടം സമര്‍പ്പിച്ചിരുന്നു. സ്വര്‍ണ കിരീടത്തിന്റെ തൂക്കം നോക്കണമെന്ന ആവശ്യം ഉള്‍പ്പെടെ ഉയര്‍ന്നത് വിവാദമായിരുന്നു അന്ന് ഉയര്‍ന്നിരുന്നത്. നന്ദി എന്ന് പറയുന്നത് ഹൃദയത്തിലാണുള്ളതെന്നും അത് ഉല്പന്നങ്ങളില് അല്ലായെന്നുമുള്ള ടാഗ് ലൈനോടെയായിരുന്നു ഇത്തവണ സ്വര്‍ണ കൊന്ത സമര്പ്ണത്തിന് സുരേഷ് ഗോപി ലൂര്‍ദ് പള്ളിയില്‍ എത്തിയത്. അങ്ങനെ ആണെങ്കില്‍ ഇതിനൊക്കെ എന്തിന് പബ്ലിസിറ്റി കൊടുക്കണം… ചെറിയ പരസ്യങ്ങള്‍ ഒന്നുമല്ല സരേഷ്ഗോപിക്കായ് ചാനലുകളില്‍ നടക്കുന്നത്. കേന്ദ്രമന്ത്രിയുടെ പ്രവര്‍ത്തനങ്ങളിലൂടെയാണ് ദിവസം ആരംഭിക്കുന്നതും അവസാനിക്കുന്നതും. ഈ ഓട്ടവും പ്രവര്‍ത്തനങ്ങളുമൊക്കെ എത്ര നാളത്തേയ്ക്കാണോ എന്തോ…
മനുഷ്യബന്ധങ്ങള്‍ രാഷ്ട്രീയത്തിന് അതീതമാണ്. സുരേഷ് ഗോപി കഴിവുള്ളവനാണ്. മാന്യമായ മനസ്സും അദ്ദേഹത്തിനുണ്ട്,’ ടൂറിസവും പെട്രോളിയവും നല്ല വകുപ്പുകളാണെന്നും സംസ്ഥാനത്തിന്റെ വികസനത്തിന് മികച്ച സംഭാവന നല്കാന് അദ്ദേഹത്തിന് കഴിയുമെന്നുമാണ് എത്തുകാരന് ടി പത്മനാഭന് പറഞ്ഞത്. അതേ..ആ കാരണം കൊണ്ട് മാത്രമാകാം കോണ്‍ഗ്രസിന്റെ സമുന്നത നേതാവായ കെ മുരളീധരനേയും ഇടതുമുന്നണിയുടെ കരുത്തുറ്റ സഖാവിനേയും താഴേക്കിടാന്‍ തൃശ്ശൂരുകാരെ പ്രേരിപ്പിച്ചതും.
ബിജെപിയുടെ മൂര്‍ച്ചയേറിയ വാളാണ് മതവിശ്വാസങ്ങള്‍. ഹിന്ദു മതവികാരത്തെ മോദി അവിടെ കെട്ടിപടുത്തുമ്പോള് കേരളത്തില്‍ സുരേഷ് ഗോപിക്ക് ചെറിയൊരു വ്യത്യാസം മാത്രം, എല്ലാ മതങ്ങളിലും ഇടപെടുന്നു. കേരളത്തിലെ അഹിന്ദുക്കള്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ സ്നേഹ യാത്രയില്‍ വീടുവീടാന്തരം കയറിയുള്ള പ്രചാരണം, പ്രത്യേക ക്രിസ്ത്യന്‍ ഗ്രൂപ്പുകളുമായി ചര്‍ച്ച, പ്രത്യേകിച്ച് സീറോ മലബാര്‍ കമ്മ്യൂണിറ്റികളുമായി നിരവധി മീറ്റിംഗുകള്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ശ്രദ്ധ ഒക്കെ കൊമ്ടുതന്നെയാണ് ബിജപി കേരളത്തില്‍ താമര വിരിയിച്ചത്. അതുമൊരു തന്ത്രം അല്ലേ.. വെറും തന്ത്രമല്ല വല വീശിയിട്ട് വീഴാത്തവരെ പിടിക്കാനുള്ള കുതന്ത്രം. അത് കൃത്യമായി ഉപയോഗിച്ചു ഉപയോഗിക്കുന്നുമുണ്ട് സുരേഷ് ഗോപി.
സാധാരണക്കാരില്‍ സാധാരണക്കാരുടെ നേതാവായി സുരേഷ് ഗോപി തൃശ്ശൂരില്‍ വന്നിറങ്ങിയത് ഫ്ലയ്റ്റിനും കാറിനൊന്നുമല്ലകേട്ടോ..ട്രയ്നിലാണ്. ചെണ്ടമേളത്തോടെ സുരേഷ് ഗോപിയെ സ്വീകരിക്കാന്‍ പ്രായഭേതമന്യേയായിരുന്നു അണികളുണ്ടായിരുന്നതും. തൃശ്ശൂര്‍ മാത്രമല്ല മക്കളേ…കേരളം മൊത്തം ഇങ്ങെടുക്കും നോക്കിക്കോ…ആ ഒരു മോഹം കൊണ്ടുതന്നെയാ ഈ ഓട്ടപ്രദക്ഷിണവും…അത് നടപടിയാകുമെന്ന് തോന്നുന്നുണ്ടോ ഗോപ്യേട്ടാ…നിങ്ങള്‍ നല്ലൊരു മനുഷ്യനായിരിക്കാം…ജാതീയതയുടെ വിത്ത് പാകി മുളപ്പിച്ച് വിഷക്കനികൊയ്യുന്ന മോദിയുടെ അനുയായി അല്ലേ… ആ ഒരു കാരണം മാത്രം മതി… നടക്കൂലാട്ടോ…