ബിലാസ്പുര്‍:അച്ചടക്കത്തിന്റെയും പഠനത്തിന്റെയും പേരില്‍ വിദ്യാര്‍ഥികളെ ശാരീരികമായി ഉപദ്രവിക്കുന്നത് ക്രൂരമാണെന്ന് ഛത്തീസ്ഢ് കോടതിയുടെ നിരീക്ഷണം. 12കാരിയായ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത കേസില്‍ അധ്യാപിക നല്കിയ ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ ഈ നിരീക്ഷണം.ശാരീരിക ഉപദ്രവം കൊണ്ട് കുട്ടിയെ നവീകരിക്കുന്നത് വിദ്യാഭ്യാസത്തിന്റെ ഭാഗമല്ലെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് രമേഷ് സിന്‍ഹ ജസ്റ്റിസ് രവീന്ദ്ര കുമാര്‍ അഗര്‍വാള്‍ എന്നിവര്‍ അടങ്ങുന്ന ഡിവിഷന് ബെഞ്ചാണ് ഈ കേസ് പരിഗണിച്ചത്.
അബിക്കാപുരിലെ കാർമൽ കോൺവെന്റ് സ്കൂളിലെ അധ്യാപികയായ സിസ്റ്റർ മേഴ്സിയുടെ ഹർജിയാണ് കോടതി തള്ളിയത്. ഇവരുടെ വിദ്യാലയത്തിലെ വിദ്യാര്‍ഥിനി ഫെബ്രുവരി 6ന് ആത്മഹത്യ ചെയ്തിരുന്നു. അധ്യാപികയുടെ ക്രൂരമായ പീഡനം കാരണമാണ് ആത്മഹത്യ ചെയ്യുന്നതെന്ന് കുറിപ്പ് എഴുതി വെച്ചാണ് കുട്ടി ജീവനൊടുക്കിയത്. ഇതേ തുടർന്ന് അധ്യാപികക്കെതിരെ പ്രേരണാ കുറ്റത്തിന് കേസെടുത്തിരുന്നു.
മരണപ്പെട്ട വിദ്യാര്‍ഥിനിയെയും രണ്ട് സഹപാഠികളെയും അവസാന പീരീഡ് സ്കൂള്‍ ശൗചാലയത്തില്‍ അധ്യാപിക കണ്ടെത്തി. ഇവരുടെ ഐഡി കാര്‍ഡ് അധ്യാപിക പിടിച്ചു വെച്ചു. മാതാപിതാകളെ വിളിപ്പിക്കുമോ എന്ന ഭയത്താലാണ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക കണ്ടെത്തിയത്.കുട്ടിയുടെ ആത്മഹത്യയെ തുടര്‍ന്ന് അധ്യാപികയെ അറസ്റ്റ് ചെയ്തു.
ആത്മഹത്യ കുറിപ്പിന്റെ മാത്രം അടിസ്ഥാനത്തിലാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും അധ്യാപികയുടെ വക്കീല്‍ വാദിച്ചു. തന്റെ കര്‍ക്കശ സ്വാഭാവം കാരണം തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് ഇവര്‍ വാദിച്ചു.
എന്നാല്‍ അധ്യാപികയുടെ പ്രവൃത്തി വിദ്യാര്‍ഥികളില്‍ കടുത്ത മാനസികാഘാതം സൃഷ്ടിച്ചുവെന്നും തത്ഫലമായിട്ടാണ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തതെന്നും വിദ്യാര്‍ഥിനിയുടെ വക്കീല്‍ വാദിച്ചു. അച്ചടക്കത്തിന്റേയോ പഠനത്തിന്റേയോ പേരിൽ ഒരു വിദ്യാര്‍ഥിയുടെ മേല്‍ ശാരിരികവും മാനസികവുമായി ശിക്ഷ ചുമത്തുന്നത് ഇന്ത്യന്‍ ഭരണഘടനയുടെ 21ാം അനുഛേദ പ്രകാരമുള്ള ജീവിക്കാനുള്ള അവകാശവുമായി പൊരുത്തപ്പെടുന്നതല്ലെന്ന് കോടതി വ്യക്തമാക്കി.