തൃശൂർ: തൃശൂരിൽ ബിജെപി- സിപിഎം ധാരണയുണ്ടെന്ന കെ. മുരളീധരന്റെ ആരോപണത്തിൽ പ്രതികരിച്ച് എൻഡിഎ സ്ഥാനാർഥി സുരേഷ്ഗോപി. ആരോപണത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ‘മുരളീധരനോട് ഇ.ഡിയുടെ മുന്നിൽ പോയി സത്യാഗ്രഹം ഇരിക്കാൻ പറ’ എന്നായിരുന്നു സുരേഷ്ഗോപിയുടെ മറുപടി. കരുവന്നൂർ കേസിൽ ഇ.ഡി തുടർച്ചയായി നോട്ടീസ് നൽകിയിട്ടും സിപിഎം നേതാക്കൾ എന്തുകൊണ്ട് ഹാജരാകുന്നില്ല എന്ന ചോദ്യത്തിന്, ‘ഹാജരാകാത്തവർ എന്തൊക്കെ ആയി എന്ന് അറിയാമല്ലോ’ എന്നും സുരേഷ് ഗോപി മറുപടി പറഞ്ഞു.
അതേസമയം, കരുവന്നൂരിലെ ജനതയെ കണ്ണീരിലാഴ്ത്തിയത് ആരാണെന്നും സിപിഎം കള്ളപ്പണം വെളുപ്പിച്ചോ എന്നതടമുള്ള ചോദ്യങ്ങളോട് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല. ‘സഹകരണ പ്രസ്ഥാനങ്ങളിലെ അധമം തൂക്കിലേറ്റണം. കരുവന്നൂരിലെ ജനതയുടെ പണത്തെ സംബന്ധിച്ച് മാത്രമാണ് എന്റെ ഇടപെടൽ. അവരുടെ പണം തിരിച്ചുകിട്ടണം. പണം തിരിച്ചുകൊടുത്തില്ലെങ്കിൽ പാർലമെന്റിൽ ശക്തമായി പോരാടി പുതിയ നിയമം കൊണ്ടുവരും. എന്റെ മുന്നിൽ മുരളിച്ചേട്ടനും ഇല്ല, കർഷകനും ഇല്ല. സമ്മതിദായകരേ ഉള്ളൂ, ജനങ്ങളെ ഉള്ളൂ, അവരുടെ തൃശൂരും’, സുരേഷ്ഗോപി വ്യക്തമാക്കി.