തലശ്ശേരി നഗരത്തിന്റെ ഹൃദയ ഭാഗത്ത് 1969 ഏപ്രില്‍ 28ന്ന് നടന്ന വാടിക്കല്‍ രാമകൃഷ്ണന് കൊലപാതകത്തോടെയാണ് ഉത്തരമലബാര്‍ രാഷ്ട്രീയ കുരുതിക്കളങ്ങളായി മാറുന്നത്.അന്തരിച്ച സി.പി.എം.സംസ്ഥാന സെക്രട്ടറി യുവ നേതാവായ കാലത്ത് നടന്ന നിഷ്ഠൂര നരഹത്യ.ആ യുവ നേതാവുമായുണ്ടായ ഒരു ചെറിയ വഴക്കാണ് ഇന്നത്തെ മുഖ്യമന്ത്രി പ്രതിയായിട്ടുള്ള വാടിക്കല്‍ രാമകൃഷ്ണനെന്ന ജനസംഘം അനുഭാവിയുടെ ജീവനെടുത്ത സംഭവം.
കണ്ണൂര്‍ പിന്നീട് സമാധാനത്തിലെക്ക് തിരിച്ചു പോയിട്ടില്ല.എത്രയെത്ര നിരപരാധികളാണ് കൊലക്കത്തിക്കിരയായത്.ഒരിടത്തുമില്ലാത്ത പാര്‍ട്ടി ഗ്രാമങ്ങള്‍ കണ്ണൂരില്‍ സൃഷ്ടിക്കപ്പെട്ടത് ഈ ഹീനമായ രാഷ്ട്രീയ കൊലപാതകങ്ങളൊടൊപ്പമാണ്.മറ്റ് രാഷ്ട്രീയ ആശയക്കാര്‍ ഭയവിഹ്വലരായാണ് ഈ പാര്‍ട്ടി ഗ്രാമങ്ങളിലൂടെ സഞ്ചരിക്കുന്നതെന്ന് വിശ്വസിക്കാന്‍ കഴിയുമോ? ഈ പ്രാകൃതത്വം കാണണമെങ്കില്‍ കണ്ണൂരിലേക്ക് വരിക.ചാരായഷാപ്പില് വെച്ച് കത്തിക്കുത്തില്‍ മരിച്ചവര്‍ക്ക് പോലും രക്തസാക്ഷി മണ്ഡപങ്ങള്‍ ഉയര്‍ന്നു വന്ന പ്രദേശങ്ങള്‍ കണ്ണൂരിലും പരിസര പ്രദേശങ്ങളിലും മാത്രമെ ഭൂമിമലയാളത്തില് കാണാന്‍ കഴിയുകയുള്ളൂ.
രക്തസാക്ഷി ദിനാചരണത്തില്‍ നടത്തപ്പെടുന്ന പണപ്പിരിവ്,ആവേശ പ്രകടനം,ഉന്നത നേതാക്കന്മാര് പങ്കെടുക്കുന്ന പൊതുസമ്മേളനം. ‘രക്തസാക്ഷി മരിക്കുന്നില്ല, ഞങ്ങളിലൂടെ ജീവിക്കുന്നു’എന്ന തൊണ്ട പൊട്ടു മാറ് ഉച്ചത്തിലുള്ള ആര്‍പ്പുവിളികള്‍.ആ ദിവസങ്ങളില്‍ മര്യാദക്കാര് പുറത്തിറങ്ങാന്‍ പോലും മടിക്കുന്നു വെന്ന സ്ഥിതി.കൊലനിലങ്ങളില്‍ നിന്നുയരുന്ന ദീനരോദനങ്ങള്‍ കേട്ട് അല്പം പോലും മനം മാറ്റമുണ്ടാകാത്ത ഒരു പിടി നേതാക്കന്മാരും ഭ്രാന്ത് പിടിച്ച കുറെ സാമൂഹ്യ ദ്രോഹികളും.ഒരു ഹീനമായ രാഷ്ട്രീയ കൊലപാതകത്തെക്കുറിച്ച് ‘വയലിലെ പണി വരമ്പത്ത് കൂലി ‘ എന്ന് പറഞ്ഞ ,’വേണ്ടി വന്നാല്‍ പോലീസ് സ്റ്റേഷനില്‍ കയറിയും ബോംബുണ്ടാക്കും’ എന്നും പറഞ്ഞ നേതാക്കന് മാരുടെ പാര്‍ട്ടിയാണ് സി.പി.എം എന്ന് ഓര്‍ക്കുക. വല്ലാത്തൊരു പതനമാണ് ഈ നാട് കാണുന്നത്.
നാടന്‍ ബോംബുകള്‍ നിര്‍മ്മിക്കുന്ന കുടില്‍ വ്യവസായം ഇവിടെ നിര്‍ബാധം നടക്കുന്നുവെന്ന് ഏത് പോലീസുകാരനാണറിയാത്തത്.അത് കണ്ടെത്താന്‍,കുറ്റവാളികളെ കര്‍ശന ശിക്ഷക്ക് വിധേയരാക്കാന്‍ നിയമ സമാധാന ചുമതലയുള്ളവര്‍ക്ക് കഴിയാതെ പോകുന്നു.പണ്ടൊക്കെ പ്രഗത്ഭരായ നിരവധി ഐ.പി.എസ്സ്. ഉദ്യോഗസ്ഥര്‍ തലശ്ശേരിയിലും കണ്ണൂരിലും പ്രവര്‍ത്തിച്ചത് ഓര്‍ക്കുന്നു.നിര്‍ഭയരും നീതിമാന്മാരും ഭരണഘടനയോട് അചഞ്ചലമായ കൂറും കാട്ടിയ അത്തരം ഓഫീസര്‍മാരെ എങ്ങിനെ മറക്കും?ഇന്ത്യന്‍ പോലീസ് സര്‍വീസിന്ന് അഭിമാന തിലകം ചാര്‍ത്തിയ ഇത്തരം ഓഫീസര്‍മാരാണ് നിയമ സമാധാന വാഴ്ചയുടെ ശക്തമായ ആണിക്കല്ലുകള്‍.
കേരളത്തില്‍ ഇപ്പോഴും മിടുക്കന്മാരും മിടുക്കികളുമായ കുറെ നല്ല ഓഫീസര്‍മാരുണ്ട്.സമൂഹത്തിന്റെ പ്രതീക്ഷ അവരിലാണ്.ആഭ്യന്തര വകുപ്പിന് അപമാനമായി നില്ക്കുന്ന ഭരണാധികാരികളുടെ മുമ്പില്‍ മുട്ടുവിറച്ചു നില്കുന്ന ഓഫീസര്‍മാരല്ല നാട്ടിന്റെ അഭിമാനം.ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി അധികാരമേറ്റെടുത്തത് മുതല്‍ നിയമ സമാധാനം പാളം തെറ്റുകയായിരുന്നു.അടുത്തൂണ്‍ വാങ്ങി പിരിഞ്ഞു പോയ ഏതാനും ഓഫീസര്‍മാരുടെ ഉപദേശങ്ങളില്‍ ഒരു ആഭ്യന്തരമന്ത്രി മുന്നോട്ടു പോകുന്നുവെന്നത് എത്ര മാത്രം ദയനീയ അവസ്ഥയാണ്. തലശ്ശേരി എരഞ്ഞോളിയില്‍ സ്റ്റീല്‍ ബോംബ് പൊട്ടി നിരപരാധിയായ വയോധികന് മരിച്ച സംഭവം നിയമ സഭയില്‍ ചര്‍ച്ചക്ക് വന്നപ്പോള്‍ മുഖ്യമന്ത്രി നല്കിയ മറുപടി വിചിത്രമാണ്.
‘ ഇക്കാലത്ത് പലരും ബോംബുണ്ടാക്കാം; അതിനൊക്കെ രാഷ്ട്രീയ നിറം നല്‍കാനല്ല ശ്രമിക്കേണ്ടത്.’ബഹുമാനപ്പെട്ട മുഖ്യമന്ത്രി എന്തും പറയാന്‍ മടിയില്ലാത്ത അങ്ങ് ഇരിക്കുന്ന പദവിയുടെ മഹത്വം മറക്കരുതെന്ന് മാത്രം വിനീതമായി പറയട്ടെ.കണ്ണൂരില്‍ ഇനിയൊരു നിരപരാധിയും കൊലക്കത്തിക്കിരയാകാതിരിക്കാന്‍, കണ്ണൂരിലെ ഗ്രാമങ്ങളില്‍ നിന്ന് നിലക്കാത്ത നിലവിളികള്‍ ഇനിയും ഉയരാതിരിക്കാന്‍ അങ്ങ് മാത്രം തീരുമാനമെടുത്താല്‍ മതി. ‘കൊലക്കത്തി താഴെ വെക്കു ‘ എന്ന് സ്വന്തം അനചരന്മാരോട് പറയാനുള്ള ആര്‍ജ്ജവ ബോധവും നിശ്ചയ ദാര്‍ഢ്യവും താങ്കള്‍ കാണിക്കുക.ആ നിമിഷം കണ്ണൂരില്‍ പൂര്‍ണ്ണസമാധാനം തിരിച്ചു കൊണ്ടുവരാന്‍ കഴിയും.എരഞ്ഞോളിയിലെ സ്റ്റീല്‍ ബോംബ് പൊട്ടി വയോധികന് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് അയല്‍ വാസിയായ സീന എന്ന പെണ്‍കുട്ടി നടത്തിയ ധീരമായ പ്രതികരണം ഒറ്റപ്പെട്ടതായി ആരും കാണരുത്.കണ്ണൂരില്‍ ശാശ്വത സമാധാനവും മാനവ മൈത്രിയും ആഗ്രഹിക്കുന്ന മുഴുവന്‍ ജനങ്ങളുടെയും ഉറച്ച ശബ്ദമായേ അതിനെ കാണാന്‍ കഴിയുകയുള്ളൂ.