‘ലോകത്തെ നടുക്കിയ കേരളത്തിന്റെ കഥ നിങ്ങളുടെ മുന്നിലേക്ക്’ എന്ന ക്യാപ്ഷനോടെ സുദീപ്തോ സെന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ദ കേരള സ്റ്റോറി എന്ന ചിത്രം ഇന്ന് രാത്രി ദൂരദര്ശന് സംപ്രേക്ഷണം ചെയ്യാന്‍ ഒരുങ്ങുകയാണ്. നാനാഭാഗത്തുനിന്ന് എതിര്‍പ്പിന്റെ ബുള്ളറ്റുകള്‍ പാഞ്ഞടുത്തിട്ടും, സിനിമയുടെ സംപ്രേക്ഷണത്തില്‍ ഉറച്ചുനില്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.
പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ച് മതപരിവര്‍ത്തനം നടത്തുകയും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്യുന്നുണ്ടെന്ന ഗൗരവകരമായ വാദമാണ് ചിത്രം മുന്നോട്ടുവയ്ക്കുന്നത്. രാഷ്ട്രീയപരമായ നേട്ടങ്ങള്‍ ലക്ഷ്യം വയ്ക്കുന്ന സംഘപരിവാര്‍ അജണ്ടയാണ് ‘കേരള സ്റ്റോറി’യെന്നാണ് മുഖ്യമന്ത്രി ആരോപിച്ചിരുന്നത്. പൊതുജനത്തിനെ ഒന്നുകൂടൊന്ന് ആലോചിക്കാന്‍ പ്രേരിപ്പിക്കുന്ന പ്രസ്താവനകളും കുറവായിരുന്നില്ല.
https://youtu.be/ELX1XXEfFHo?si=3Pq-qemYCEEXIRde
തീവ്രവാദത്തെ അനുകൂലിക്കുന്ന സംസ്ഥാനമായി കേരളത്തെ വരുംകാലം മുദ്രകുത്തുമെന്നും, മതസൗഹാര്‍ദ്ദത്തിന് വിള്ളലേല്ക്കുമെന്നുമായിരുന്നു പ്രേക്ഷക പ്രതികരണങ്ങള്‍. എന്നാല്‍ കലാ ആവിഷ്കാരത്തെ അതിന്റെ രീതിയില്‍ കണ്ടുകൊണ്ട് ഇത് വെറുമൊരു സിനിമ കഥയല്ലേ.. ചരിത്ര പുസ്തകമല്ലല്ലോ എന്ന പ്രതികരിച്ചവരും ഏറെയായിരുന്നു. കേരള സ്റ്റോറി തങ്ങളുടെ മതത്തെ അധിക്ഷേപിക്കുന്നു, പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്നു, സത്യം വളച്ചൊടിക്കുന്നു എന്നിങ്ങനെ പരാതികള്‍ ഒരുവശത്ത് ഉയര്‍ന്നപ്പോള്‍ മറുവശത്ത് ചിത്രത്തെ അനുകൂലിച്ചുകൊണ്ടും അഭിപ്രായങ്ങളെ ഭയക്കുന്നവരാണ് പ്രതികരിക്കുന്നതെന്നുമായിരുന്നു സംഘപരിവാറിന്റെ പക്ഷം.
ആദ്യം മുതല്‍ തന്നെ സിപിഎമ്മും കോണ്‍ഗ്രസും ഒരുപോലെയാണ് ചിത്രത്തിനെതിരെ പടക്കോട്ട കെട്ടിയിരുന്നത്. പാന്‍ ഇന്ഡ്യാതലത്തിലിറങ്ങിയ സിനിമ, കേരളത്തിന്റെ തനിമയുള്ള സംസ്കാരത്തിനുതന്നെ കോട്ടം വരുത്തുന്നതാണ്. എന്നാല്‍ കേരളത്തില്‍ ലൗ ജിഹാദ് ഇല്ലായെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് പറയുമ്പോഴും ഒരു മറയ്ക്കു പിന്നില്‍ ലൗജിഹാദ് മുന്നേറുകയാണെന്ന് തെളിവുകള്‍ നിരത്തുംപോലെയാണ് സിനിമയുടെ യാത്ര. ആരും വിശ്വസിച്ചുപോകുന്നൊരു കഥ പറച്ചില്.
ആഗോളതലത്തില്‍ ബോക്സ് ഓഫീസില്‍ 300 കോടിയിലെത്തിയിരുന്നു ചിത്രം
വന്‍ വിവാദങ്ങള്‍ സൃഷ്ടിച്ച സിനിമ അതിശയിപ്പിക്കുന്ന കളക്ഷനായിരുന്നു നേടിയത്. 40 കോടിയില്‍ താഴെ പ്രൊഡക്ഷന്‍ ബഡ്ജറ്റില്‍ ഒരുങ്ങിയ ചിത്രം 100 കോടിയിലധികം കളക്ഷനാണ് ബോക്സോഫീസില്‍ നേടിയത്. ആഗോളതലത്തില്‍ ബോക്സ് ഓഫീസില്‍ 300 കോടിയിലെത്തിയിരുന്നു ചിത്രം. എന്നാല്‍ വിവാദങ്ങള്‍ക്ക് ശമനം ഇല്ലാതിരുന്നതുകൊണ്ടുതന്നെ തിയേറ്റര്‍ വിട്ട് ഏറെക്കാലം കഴിഞ്ഞ്, ഇക്കഴിഞ്ഞ ഫെബ്രുവരി 16 നാണ് ചിത്രം സീ 5ലൂടെ ഒടിടിയില്‍ എത്തിയത്. ബോളിവുഡ് ഹംഗാമയുടെ റിപ്പോര്‍ട്ടില്‍ കേരള സ്റ്റോറി ഒരു പ്രൊപ്പഗണ്ട ചിത്രമാണെന്ന വാദം ഒടിടി ഭീമന്മാരെ ചിത്രം ഏറ്റെടുക്കുന്നതില്‍ നിന്ന് പിന്നോട്ട് വലിക്കുകയായിരുന്നു.
പ്രതീക്ഷിക്കാതെ വീണുകിട്ടിയൊരു ശരം കൃത്യസമയത്ത് ഉപയോഗപ്പടുത്തുകയാണ് ബിജെപി
ഇടതുമുന്നണിക്കും പ്രതിപക്ഷത്തിനും ചങ്കില് കനല്‍കോരിയിട്ട് കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ദൂരദര്ശന് ചാനലില്‍ ചിത്രം പ്രദര്‍ശനത്തിനെത്തുകയാണ്. തെരഞ്ഞെടുപ്പുകാലത്തുള്ള കേന്ദ്രത്തിന്റെ ഈ നീക്കം കേരളാ ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും ഒരുപോലെ ബാധിക്കുമെന്നത് സംശയമില്ലാത്ത കാര്യമാണ്. അതുകൊണ്ടുതന്നെ മുഖ്യമന്ത്രി അടക്കമുള്ള നേതാക്കള്‍ സിനിമയുടെ ചിത്രീകരണം തടയുന്നതിന് പലവലികള് ശ്രമിക്കുമ്പോള്‍ അഭിപ്രായങ്ങളെ ഭയക്കുന്നവരാണ് സിനിമാ സംപ്രേക്ഷണത്തിനെതിരെ കേസിനും പ്രതിഷേധത്തിനുമിറങ്ങുന്നതെന്നാണ് എന്‍ഡിഎ പറയുന്നത്. പ്രതീക്ഷിക്കാതെ വീണുകിട്ടിയൊരു ശരം കൃത്യസമയത്ത് ഉപയോഗപ്പടുത്തുകയാണ് ബിജെപി.
മതേതര സമൂഹത്തിനുള്ളില്‍ ഭിന്നിപ്പുണ്ടാക്കുകയെന്ന തന്ത്രമാണ് മോദിയുടെ നേതൃത്വത്തിലുള്ള സംഘപരിവാര്‍ ഭരണകൂടം നടപ്പാക്കുന്നത്
കേരളത്തെ കുറിച്ചുള്ള അസത്യങ്ങള്‍ കുത്തി നിറച്ച ‘കേരള സ്റ്റോറി’ എന്ന സിനിമ ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്നാണ് പ്രതിപക്ഷനേതാവും ആവശ്യപ്പെടുന്നത്. മതേതര സമൂഹത്തിനുള്ളില്‍ ഭിന്നിപ്പുണ്ടാക്കുകയെന്ന തന്ത്രമാണ് മോദിയുടെ നേതൃത്വത്തിലുള്ള സംഘപരിവാര്‍ ഭരണകൂടം നടപ്പാക്കുന്നത്. ലോകത്തിനു മുമ്പില്‍ തലയുയര്‍ത്തി നില്ക്കുന്ന കേരളത്തെ അപഹസിക്കാനും മതസ്പര്‍ദ്ധ വളര്‍ത്തുവാനും ലക്ഷ്യമിട്ട് സംഘപരിവാര്‍ തലച്ചോറില്‍ ഉടലെടുത്ത കുടിലതയുടെ ഉല്‍പ്പന്നമാണ് ഈ സിനിമ.
അതി ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തില്‍ രാജ്യത്തിന് തന്നെ മാതൃകയായ,നീതി ആയോഗിന്റെ അടക്കമുള്ള വിവിധ സൂചികളില്‍ മുന്‍പന്തിയില്‍ ഉള്ള കേരളത്തെ സോമാലിയ എന്ന് വിളിച്ച് ആക്ഷേപിച്ചവര്‍ ഇപ്പോള്‍ മതം മാറ്റത്തിന്റെ കേന്ദ്രം എന്ന് പ്രചരിപ്പിക്കാനുള്ള ഗൂഢശ്രമമാണ് നടത്തുന്നതെന്ന വ്യക്തധാരണയാണ് മുഖ്യമന്ത്രി ഇക്കാര്യത്തില്‍ നല്‍കിയിരിക്കുന്നത്.
ഇന്ന് രാത്രി എട്ടുമണിയില്‍ ഫോക്കസ് ചെയ്തിരിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിനെതിരെ തെരഞ്ഞെടുപ്പുകമ്മീഷന്റെ സഹായം തേടിയിരിക്കുന്ന പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും ചങ്കിടിപ്പേറുമോ എന്നാണ് ഇനി അറിയേണ്ടത്.