തിരുവനന്തപുരം: സംസ്ഥാന നിയമസഭയിൽ സ്പീക്കറും പ്രതിപക്ഷവും തമ്മിലെ ഭിന്നത രൂക്ഷമാകുന്നു. ടിപി കേസിലെ പ്രതികൾക്ക് ശിക്ഷ ഇളവ് നൽകാൻ ഉള്ള നീക്കത്തിലെ അടിയന്തര പ്രമേയ നോട്ടിസ് സ്പീക്കർ തള്ളിയതാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. മുഖ്യമന്ത്രി പറയേണ്ട മറുപടി സ്പീക്കർ പറഞ്ഞത് അനൗചിത്യം ആണെന്ന് കാണിച്ചു പ്രതിപക്ഷ നേതാവ് സ്പീക്കർക്ക് കത്തു നൽകി.
എന്നാൽ, നോട്ടിസ് തള്ളിയതിനെ ന്യായീകരിച്ചു സ്പീക്കരുടെ ഓഫീസ് വിശദീകരണം ഇറക്കിയിരുന്നു. സർക്കാർ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ ആണ് നീക്കം ഇല്ലെന്ന് വിലയിരുത്തിയത് എന്നാണ് സ്പീക്കറുടെ നിലപാട്. ശിക്ഷ ഇളവിനുള്ള നീക്കം എന്നത് അഭ്യൂഹം മാത്രം എന്നാണ് വിശദീകരണം. പ്രശ്നം ഇന്ന് വീണ്ടും പ്രതിപക്ഷം ഉന്നയിക്കാൻ സാധ്യതയുണ്ട്.
അതേസമയം, അടിയന്തര പ്രമേയ നോട്ടീസ് തള്ളിക്കൊണ്ട് സർക്കാരിനുവേണ്ടി മുഖ്യമന്ത്രി നിയമസഭയിൽ പറയേണ്ട മറുപടിയാണ് സ്പീക്കർ പറഞ്ഞതെന്ന തരത്തിലുള്ള പ്രചാരണം വസ്തുതാപരമല്ലെന്ന് സ്പീക്കറുടെ ഓഫീസ് വ്യക്തമാക്കി. ടി. പി. വധക്കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള നീക്കം അടിയന്തര പ്രമേയമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് കെ. കെ. രമ മറ്റ് അഞ്ചുപേരും ചേര്‍ന്ന് നൽകിയ നോട്ടീസ് അടിയന്തര പ്രമേയമായി പരിഗണിക്കാൻ കഴിയില്ലെന്നും സബ്മിഷനായി പരിഗണിക്കാമെന്നുമാണ് സ്പീക്കർ എ. എൻ. ഷംസീർ പറഞ്ഞത്.
പ്രസ്തുത കേസിലെ പ്രതികള്‍ക്കു മാത്രമായി ശിക്ഷാ ഇളവ് നൽകാനുള്ള നീക്കം ഉണ്ടായിട്ടില്ലെന്ന് ബോധ്യപ്പെട്ടു കഴിഞ്ഞ സാഹചര്യത്തിലാണ് തീരുമാനം. നോട്ടീസുകളിൽ ഉന്നയിക്കുന്ന വിഷയത്തിന്റെ നിജസ്ഥിതിയും പ്രാധാന്യവും വിശദമായി പരിശോധിക്കുകയും ബന്ധപ്പെട്ട രേഖകള്‍ കൂടി പരിഗണിക്കുകയും ചെയ്യുന്നതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര പ്രമേയമായി ഉന്നയിക്കുന്നതിന് ചട്ടം 50 പ്രകാരം അനുമതി നല്കി വരുന്നത്.
ടി.പി. ചന്ദ്രശേഖരന് കേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്കാന് നിലവില്‍ നീക്കമൊന്നുമില്ലെന്ന സര്‍ക്കാര്‍ വിശദീകരണം പുറത്തുവന്നതിനാല്‍ അതിന്റെ പിന്‍ബലത്തിലാണ് ചട്ടം 52 (5) പ്രകാരം അഭ്യൂഹങ്ങളോ ആരോപണങ്ങളോ എന്ന വിഭാഗത്തില്‍പ്പെടുത്തി അടിയന്തര പ്രമേയമായി പരിഗണിക്കാതിരുന്നത്.
കെ കെ രമ നൽകിയ നോട്ടീസിലെ വിഷയം നിലവിൽ ചർച്ച ചെയ്യപ്പെടുന്നതോ അത്തരമൊരു നീക്കം നടക്കുന്നതോ അല്ല, മറിച്ച് അതൊരു അഭ്യൂഹം മാത്രമാണെന്നും സ്പീക്കറുടെ ഓഫീസ് അറിയിച്ചു.