തിരുവനന്തപുരം: രാഷ്ട്രീയപ്രേരിതമായി സി.പി.എമ്മിനെതിരെ പുകമറ സൃഷ്ടിക്കാനാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ശ്രമമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പ്രതിപക്ഷ പാർട്ടികളേയും നേതാക്കളേയും വേട്ടയാടുന്ന ഇ.ഡി നിലപാടിന്റെ ഭാഗമാണ് ഇത്. കരുവന്നൂരിൽ ശക്തമായ അന്വേഷണം നടക്കണമെന്ന് തന്നെയാണ് സി.പി.എം നിലപാടെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
ഇ.ഡി തോന്ന്യാസം കാട്ടുകയാണ്. ഇതിന് രാഷ്ട്രീയമായും നിയമപരമായും നേരിടും. ലോക്കൽ കമ്മിറ്റിയോ, ബ്രാഞ്ച് കമ്മിറ്റിയോ വാങ്ങിയ സ്ഥലത്തിന്റെ പേരിൽ സി.പി.എമ്മിനെതിരെ എന്തിനാണ് കേസെടുക്കുന്നത്. ലോക്കൽ കമ്മിറ്റി പിരിച്ച പണം ഉപയോഗിച്ചാണ് സ്ഥലം വാങ്ങിയത്.
കുറ്റക്കാരായ അധ്യാപകർക്ക് മലബാറിലേക്ക് സ്ഥലംമാറ്റം; നടപടി വിവാദത്തിലേക്ക്
ഇത് ജില്ലാ കമ്മിറ്റിയുടെ പേരിൽ രജിസ്റ്റർ ചെയ്യുന്നതാണ് പതിവെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് വാർത്താമാധ്യമങ്ങളിൽ നിന്നും ലഭിച്ച വിവരങ്ങൾ മാത്രമേയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മനുതോമസുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിക്കാൻ എം.വി ഗോവിന്ദൻ തയാറായില്ല.
അക്കാര്യം ജില്ലാ കമ്മിറ്റിയോട് ചോദിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇക്കാര്യത്തിൽ സംസ്ഥാന കമ്മിറ്റി എന്ത് പറയാനാണ്. ജില്ലാ കമ്മിറ്റിയിലെ ഒരംഗവുമായി ബന്ധപ്പെട്ട പ്രശ്നം മാത്രമാണിതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
ഇതുപയോഗിച്ച് പാർട്ടിയെ പ്രതിരോധത്തിലാക്കാമെന്ന് ആരും വിചാരിക്കേണ്ട. ജില്ലാതലത്തിലെ വിഷയം മാത്രമാണത്. എം.വി ജയരാജനോട് ചോദിച്ചാൽ ഇതിന് മറുപടി കിട്ടും. അല്ലാതെ നിയമസഭയിലും മറ്റ് പലയിടങ്ങളിലും ഈ വിഷയം ഉന്നയിക്കേണ്ട കാര്യമില്ലെന്നും എം.വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.