മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും കുറഞ്ഞ് തിങ്കൾ രാവിലെ ആറിന് 118.10 അടിയെത്തി.കഴിഞ്ഞവർഷം ഇതേദിവസം അണക്കെട്ടിൽ 117.15 അടി വെള്ളം ഉണ്ടായിരുന്നു.കഴിഞ്ഞ വർഷത്തേക്കാൾ ഒരടിയോളം കൂടുതൽ വെള്ളമാണുള്ളത്.
മുൻവർഷത്തെ പോലെ ഇത്തവണയും കാലവർഷം ചതിച്ചു. കഴിഞ്ഞ വർഷവും മെയ് അവസാനം കാലവർഷം എത്തുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ് ഉണ്ടായെങ്കിലും നേരിയ മഴ മാത്രമാണ് ലഭിച്ചത്. കഴിഞ്ഞവർഷത്തേതിന്റെ തനിയാവർത്തനമാണ് ഇത്തവണയും. 2020ലും 21ലും ഇതേസമയം അണക്കെട്ടിൽ 130 അടിക്കു മുകളിൽ വെള്ളം ഉണ്ടായിരുന്നു.
ഇതിനുമുമ്പ് 2017 ലാണ് അണക്കെട്ടിലെ ജലനിരപ്പ് ഏറെ താഴുന്നത്. 2017 ജൂൺ ആദ്യം ജലനിരപ്പ് 110 അടിക്ക് താഴെ പോയി. തിങ്കളാഴ്ച രാവിലെ ആറു വരെയുള്ള 24 മണിക്കൂറിനുള്ളിൽ അണക്കെട്ടിലേക്ക് സെക്കൻഡിൽ 102.13 ഘനയടി വീതം വെള്ളം ഒഴുകിയെത്തിയപ്പോൾ തമിഴ്നാട് 521.11 ഘനയടി വീതം കൊണ്ടുപോയി. ഒരാഴ്ചയായി വൃഷ്ടി പ്രദേശങ്ങളിൽ മഴയില്ല. തേനി ജില്ലയിലും സമാനമായ കാലാവസ്ഥയാണ്.