തന്നെ അതിഥിയായി ക്ഷണിച്ച പരിപാടിയിൽ വിതരണംചെയ്ത ബുക്ക്ലെറ്റിൽ വ്യക്തിഗത വിവരങ്ങൾ തെറ്റായി രേഖപ്പെടുത്തിയതിൽ സംഘാടകരെ തിരുത്തി നടി നവ്യാ നായർ. കഴിഞ്ഞദിവസം ഒരു സംഘടന നടത്തിയ പരിപാടിയിൽ വിതരണംചെയ്ത ബുക്ക്ലെറ്റിൽ തന്നേക്കുറിച്ച് തെറ്റായ വിവരങ്ങളാണുള്ളതെന്ന് ചടങ്ങിൽ സംസാരിക്കവേ നവ്യ ചൂണ്ടിക്കാട്ടി. രസകരമായ രീതിയിൽ സംഘാടകരെ തിരുത്തുന്ന നവ്യയുടെ വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു.
നവ്യക്ക് രണ്ടുമക്കളുണ്ടെന്നും ഇതിൽ മകളുടെ പേര് യാമിക എന്നാണെന്നുമാണ് ബുക്ക്ലെറ്റിൽ പറഞ്ഞിരുന്നത്. നവ്യ അഭിനയിക്കാത്ത ചില ചിത്രങ്ങളുടെ പേരും ബുക്ക്ലെറ്റിന്റെ ഉള്ളടക്കത്തിലുണ്ടായിരുന്നു. ഈ പിശകുകൾ നവ്യ സംസാരത്തിനിടെ ചൂണ്ടിക്കാട്ടുകയായിരുന്നു.
‘‘ഒരു പരിഭവമുണ്ട് നിങ്ങളോട് പറയാൻ. ഒരു ബുക്ക്ലെറ്റ് ഞാനിവിടെ കണ്ടു. അതിൽ എഴുതിയിരിക്കുന്നത് എനിക്ക് രണ്ട് മക്കളുണ്ടെന്നാണ്. എന്റെ മോൻ എന്തുവിചാരിക്കും? എന്റെ കുടുംബം എന്തുവിചാരിക്കും? എനിക്ക് യാമിക എന്ന പേരിൽ മകളുണ്ടെന്നാണ് ബുക്ക്ലെറ്റിൽ എഴുതിയിരിക്കുന്നത്. എന്നെപറ്റി അറിയാത്തവർ അതല്ലേ മനസിലാക്കുക, അല്ലെങ്കിൽ വായിക്കുക. എനിക്ക് ഒരു മകനേ ഉള്ളൂവെന്ന് കുറച്ചുപേർക്കല്ലേ അറിയൂ. അറിയാവത്തർ ഒരുപാട് ഉണ്ടാകില്ലേ?” നവ്യ ചോദിച്ചു.
ഇത്തരം കാര്യങ്ങൾ ഊഹിച്ച് എഴുതരുത്. വിക്കിപീഡിയയിൽ നിന്ന് എല്ലാ വിവരങ്ങളും എളുപ്പത്തിൽ കിട്ടും. അതിഥികളെ വിളിക്കുമ്പോൾ അവരെക്കുറിച്ചുള്ള കൃത്യമായ കാര്യങ്ങൾ തന്നെ എഴുതണമെന്നും നവ്യാ നായർ വ്യക്തമാക്കി.
താൻ അഭിനയിക്കാത്ത കുറച്ച് സിനിമകളുടെ ലിസ്റ്റ് കൂടി അതിൽ എഴുതിച്ചേർത്തതിൽ അതിയായ സന്തോഷമുണ്ട്. അത് നല്ല സ്പിരിറ്റിൽ എടുക്കും. പക്ഷേ കുട്ടിയുടെ കാര്യത്തിൽ അവകാശം ഏറ്റെടുക്കാൻ പറ്റില്ല. എനിക്കില്ലാത്ത കുട്ടിയായതുകൊണ്ടാണ്. എന്നിരുന്നാലും തന്നെ ഇവിടെ വിളിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും നവ്യാ നായർ കൂട്ടിച്ചേർത്തു.