ചാലക്കുടി: ചാലക്കുടി പുഴയ്ക്ക് കുറുകെയുള്ള റെയില്‍വെ പാലത്തിലൂടെ നടന്നുപോകുകയായിരുന്ന നാലു പേര്‍ക്ക് അപകടം സംഭവിച്ചതായി ലോക്കോ പൈലറ്റിന്റെ മൊഴി ശരിവച്ച് പൊലീസ് അന്വേഷണം നടത്തിയിരുന്നു. അന്വേഷണ വിവരങ്ങൾവെച്ച് നാലംഗ സംഘം സ്വർണ്ണ ഇടപാടിന് എത്തിയതെന്നാണ് വിവരം.
മുക്കു പണ്ടം കാണിച്ച് പണം തട്ടിയെടുത്ത് നാലംഗ സംഘം ഓടിരക്ഷപ്പെട്ടെന്നാണ് പരാതിക്കാർ പൊലീസിന് മൊഴി നൽകിയത്.
ഏഴ് ലക്ഷം രൂപയുടെ സ്വർണ ഇടപാടിനായാണ് സംഘം എത്തിയത്. എന്നാൽ സ്വർണം നൽകണമെങ്കിൽ ആദ്യം അഡ്വാൻസ് നൽകണമെന്ന് വന്നവർ നിലപാടെടുത്തു.
റെയിൽവെ ട്രാക്കിലായിരുന്നു സംഘം ഉണ്ടായിരുന്നത്. പണം ലഭിച്ചയുടനെ ഇവർ മുക്കുപണ്ടം കാട്ടി. അപ്പോഴേക്കും ട്രെയിൻ വന്നു. നാല് ലക്ഷം രൂപയുടെ ബാഗുമായി പ്രതികൾ ട്രാക്കിലൂടെ ഓടി. ട്രെയിൻ അടുത്തെത്തിയപ്പോൾ പുഴയിലേക്ക് ചാടി.
കോഴിക്കോട് സ്വദേശിയുടെ പേര് പറഞ്ഞ് പരിചയപ്പെടുത്തിയാണ് ഇവർ ചാലക്കുടിയിലെത്തിയതെന്നും എന്നാൽ ഈ നാലംഗ സംഘത്തെ പണം നഷ്ടപ്പെട്ടവർക്ക് അറിയില്ലെന്നുമാണ് പൊലീസിന് ലഭിച്ച മൊഴി.