തിരുവനന്തപുരം: ടിപി വധക്കേസ് പ്രതികൾക്ക് ചട്ടം മറികടന്ന് ശിക്ഷാ ഇളവ് നൽകാനുള്ള ശുപാർശ പട്ടിക തയ്യാറാക്കിയത് സിപിഎം നേതാവ് പി ജയരാജൻ അംഗമായ ജയിൽ ഉപദേശക സമിതിയെന്ന് റിപ്പോർട്ട്.
ഇന്നലെയാണ് ടിപി കേസ് പ്രതികൾക്ക് ശിക്ഷായിളവ് നൽകാനുള്ള നീക്കം പുറത്തുവന്നത്. മൂന്ന് പ്രതികളെ പുറത്തിറക്കാനാണ് സർക്കാർ നീക്കം. അതേസമയം, വിഷയത്തില്‍ ഗവര്‍ണറെ സമീപിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. നിയമ സഭയില്‍ നാളെ വിഷയം ഉന്നയിക്കാനും പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്.
ഹൈക്കോടതി വിധി മറികടന്നാണ് ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാൻ സർക്കാർ മുന്നിട്ടിറങ്ങുന്നത്. പ്രതികളായ ടികെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത് എന്നിവരാണ് പട്ടികയിലുള്ളത്. ശിക്ഷായിളവിന് മുന്നോടിയായി പ്രതികളുടെ പൊലീസ് റിപ്പോർട്ട് ആവശ്യപ്പെട്ടു കഴിഞ്ഞതായാണ് വിവരം.
ശിക്ഷാ ഇളവില്ലാത്ത ജീവപര്യന്തം തടവിന് ഹൈക്കോടതി പ്രതികളെ ശിക്ഷിച്ചിരുന്നു. പ്രതികളുടെ അപ്പീൽ തള്ളിയായിരുന്നു ശിക്ഷ വർധിപ്പിച്ചത്. ഇതിനിടയിലാണ് പ്രതികളെ വിട്ടയക്കാനുള്ള നീക്കവുമായി സർക്കാർ മുന്നോട്ട് വരുന്നത്.