കൊച്ചി: യു.ഡി.എഫിലെ എല്ലാ എം.എൽ.എമാരും ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ദുരന്തത്തിന് ഇരയായ വയനാട്ടിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള എല്ലാ കാര്യങ്ങളിലും യുഡിഎഫ് പങ്കാളികളാകുമെന്നും അദ്ദേഹം അറിയിച്ചു. കൊച്ചിയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സതീശൻ.’മുസ്ലീംലീഗ് വലിയ പുനരധിവാസ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. യുഡിഎഫിലെ എല്ലാ ഘടകക്ഷികളും പുനരധിവാസ ശ്രമങ്ങളിൽ പങ്കാളികളാകും. എല്ലാ കുടുംബങ്ങളേയും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ ഇപ്പോൾ പ്രഖ്യാപിച്ചതിനു പുറമെയുള്ള സഹായങ്ങൾ കൂടി യുഡിഎഫിന്റെ ഭാഗത്തുനിന്ന് ഉണ്ടാകും. വയനാട് പുനരധിവാസവുമായി പൂർണമായി സഹകരിക്കും’, അദ്ദേഹം വ്യക്തമാക്കി.
സമാന അപകടങ്ങൾ ഇല്ലാതാക്കാൻ എന്തുചെയ്യണമെന്ന് ഗൗരവമായി ആലോചിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് 2021-ൽ ഐ.എസ്.ആർ.ഒയുടെ ഉൾപ്പെടെ രാജ്യാന്തര പഠന റിപ്പോർട്ടുകൾ നിയമസഭയിൽ അടിയന്തര പ്രമേയമായി പ്രതിപക്ഷം കൊണ്ടുവന്നിരുന്നു. മണ്ണിടിച്ചിലിന് സാധ്യതയുള്ള എല്ലാ സ്ഥലങ്ങളും മാപ്പുചെയ്യണം. വിവിധ വകുപ്പുകളെ ഏകോപിപ്പിക്കണം. മണ്ണ് പരിശോധിക്കണം. കുസാറ്റിലെ കാലാവസ്ഥ വകുപ്പ് രാജ്യാന്തര നിലവാരമുള്ളതാണ്. അവരേകൂടി ലിങ്ക് ചെയ്യിക്കണം. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ മണ്ണിടിച്ചിൽ ഉൾപ്പടെയുള്ളവയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ലഭിക്കാനുള്ള സംവിധാനം ഉണ്ടാകണമെന്നും പുനരധിവാസത്തിനൊപ്പം ഇതിനെല്ലാമുള്ള ശ്രമവും വേണമെന്ന് വി.ഡി.സതീശൻ ആവശ്യപ്പെട്ടു.