കോഴിക്കോട്: മുഖ്യമന്ത്രിക്ക് നേരേ യു.ഡി.എസ്.എഫിൻ്റെ കരിങ്കൊടി പ്രതിഷേധം. മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി ചൂണ്ടിക്കാണിച്ചാണ് കെ.എസ്.യു, എം.എസ്.എഫ് പ്രവർത്തകർ പ്രതിഷേധിച്ചത്. കരിങ്കൊടി കാണിച്ച എട്ട് കെ.എസ്.യു. പ്രവർത്തകരെയും നാല് എം.എസ്.എഫ്. പ്രവർത്തകരെയും പോലീസ് അറസ്റ്റ് ചെയ്തുനീക്കി.
കോഴിക്കോട് എൻ.ജി.ഒ. യൂണിയന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മുഖ്യമന്ത്രി. ഗസ്റ്റ് ഹൗസിൽനിന്ന് ബീച്ചിലെ സമ്മേളന നഗരിയിലേക്ക് പോകുന്നതിനിടെ വെസ്റ്റ്ഹില്ലിൽ വെച്ചാണ് കെ.എസ്.യു, എം.എസ്.എഫ്. പ്രവർത്തകർ മുഖ്യമന്ത്രിക്ക് നേരേ കരിങ്കൊടി കാണിച്ചത്.
പ്രതിഷേധ സാധ്യതയുള്ളതായി സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടുണ്ടായിരുന്നതിനാൽ കൂടുതൽ പോലീസുകാരെ സ്ഥലത്ത് വിന്യസിച്ചിരുന്നു. കെ.എസ്.യു. ജില്ലാ പ്രസിഡൻ്റ് സൂരജ് ഉൾപ്പടെയുള്ള നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. എന്നാൽ, സ്ഥലത്തുണ്ടായിരുന്ന മറ്റ് പ്രവർത്തകർ കരിങ്കൊടിയും പ്രതിഷേധ പോസ്റ്ററുകളുമായി തെരുവിലിറങ്ങുകയായിരുന്നു.