ആധാർ സൗജന്യമായി പുതുക്കാനുള്ള സമയ പരിധി നീട്ടി യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ. ആധാര്‍ കാര്‍ഡിലെ തിരിച്ചറിയല്‍ വിവരങ്ങള്‍, വിലാസം അടക്കമുള്ളവ സൗജന്യമായി പുതുക്കാനുള്ള സമയ പരിധിയാണ് നീട്ടിയത്. 2024 സെപ്റ്റംബർ 14 വരെ ആധാര്‍ വിവരങ്ങള്‍ സൗജന്യമായി പുതുക്കാം.
സൗജന്യമായി ആധാര്‍ പുതുക്കാന്‍ കഴിയുക myAadhaar പോർട്ടൽ വഴി മാത്രമാണ്. ഓഫ്ലൈൻ ആയി ആധാർ കേന്ദ്രത്തിൽ എത്തി പുതുക്കാൻ 50 രൂപ ഫീസ് നല്‍കണം. പേര്, ജനന തിയ്യതി, വിലാസം മുതലായ വിവരങ്ങളാണ് ഓൺലൈൻ ആയി തിരുത്താൻ സാധിക്കുക. ഫോട്ടോ, ബയോമെട്രിക്, ഐറിസ് തുടങ്ങിയ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെങ്കിൽ ആധാർ കേന്ദ്രങ്ങളിൽ പോകണം.
പുതുക്കിയ വിവരങ്ങളുടെ തെളിവായി ആവശ്യമായ രേഖകൾ വ്യക്തികൾ സമർപ്പിക്കേണ്ടതുണ്ട്. ജൂൺ 14 വരെ ആയിരുന്നു സൗജന്യമായി ആധാർ കാർഡ് പുതുക്കാനുള്ള സമയപരിധി. എന്നാൽ ഇപ്പോൾ സൗജന്യ ഓൺലൈൻ ഡോക്യുമെൻ്റ് അപ്ലോഡ് സൗകര്യം യുഐഡിഎഐ മൂന്ന് മാസത്തേക്ക് കൂടി നീട്ടി.