കോഴിക്കോട്: വിദേശത്തേക്ക് കയറ്റി അയക്കാനുള്ള പച്ചക്കറിയും പഴങ്ങളും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മഴനനഞ്ഞ് നശിക്കുന്നു. കേരളത്തിൽനിന്ന് ഏറ്റവുംകൂടുതൽ പച്ചക്കറി കയറ്റിയയക്കുന്ന രണ്ടാമത്തെ വിമാനത്താവളത്തിലാണ് ഈ സ്ഥിതി. കഴിഞ്ഞദിവസത്തെ മഴയിലും 15 ലക്ഷത്തിലധികം രൂപയുടെ പച്ചക്കറിയാണ് നശിച്ചത്.
മഴനനഞ്ഞ് പാക്കിങ് ഉൾപ്പെടെ നശിക്കുന്നതോടെ ഇത് കയറ്റിയയക്കാൻ പറ്റാതാവുകയും പ്രാദേശികവിപണിയിൽ പാതിവിലയ്ക്ക് വിറ്റഴിക്കേണ്ടിവരുകയും ചെയ്യുന്ന അവസ്ഥയാണെന്ന് കയറ്റുമതിക്കാർ പറയുന്നു. പാക്കിങ്ങിനുശേഷം പച്ചക്കറി കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസിന്റെ കാർഗോ കോംപ്ലക്സിലെത്തിക്കും. ഇവിടെവെച്ച് കേന്ദ്രസർക്കാരിന്റെ പ്ലാന്റ് ക്വാറന്റൈൻ വിഭാഗത്തിന്റെയും കസ്റ്റംസിന്റെയും ക്ലിയറൻസും പൂർത്തിയാക്കി വിമാനത്തിൽ കയറ്റുന്നതിനായി ചെറിയ കണ്ടെയ്നറിൽ എയർപോർട്ടിലെ അതിസുരക്ഷാമേഖലയിലേക്കു മാറ്റും. ഇതോടെ എയർലൈൻസ് ജീവനക്കാർക്കുമാത്രമാണ് ഇത് കൈകാര്യംചെയ്യാൻ അനുമതി.
തുടർന്ന് ഇത് വിമാനത്തിലേക്കു കയറ്റുന്നതുവരെ മഴയും വെയിലുമേറ്റ് തുറന്ന ഇടനാഴിയിലാണ് സൂക്ഷിക്കുന്നത്. ഇതാണ് പെട്ടെന്ന് മഴവന്നാൽ പായ്ക്കുചെയ്ത പച്ചക്കറി നശിച്ചുപോകാൻ കാരണം. കടുത്ത വെയിലേറ്റാലും ഇതുതന്നെയാണ് സ്ഥിതി. മറ്റു വിമാനത്താവളങ്ങളിലൊന്നും ഇങ്ങനെയൊരു പ്രശ്നമില്ല.