രാജേഷ് തില്ലങ്കേരി
പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സി പി എമ്മിനേറ്റ കനത്ത പരാജയത്തിന്റെ ഞെട്ടലില്‍ നിന്നും നേതാക്കള്‍ ഇപ്പോഴും മോചിതരായിട്ടില്ല. ജില്ലാ സെക്രട്ടറിമാരേയും മുന്‍മന്ത്രിമാരെയും മറ്റും ഇറക്കി വന്‍ വിജയം ലക്ഷ്യമിട്ട് തിരഞ്ഞെടുപ്പിനിറങ്ങിയ സി പി എമ്മിനേറ്റ കനത്ത പരാജയത്തിന്റെ കാരണം അന്വേഷിച്ചുള്ള ഓട്ടത്തിലാണ് പാര്‍ട്ടി. പരാജയകാരണം ആഴത്തില്‍ പഠിക്കുമെന്നും, തിരുത്തേണ്ടതുണ്ടെങ്കില്‍ തിരുത്തുമെന്നാണ് നേതാക്കള്‍ തിരഞ്ഞെടുപ്പ് ഫലം വന്ന അന്നുതൊട്ട് ഒരു മാസക്കാലമായി പറഞ്ഞുകൊണ്ടേയിരിക്കുന്നത്.എന്നാല്‍ ആരൊക്കെയാണ് തിരുത്തേണ്ടവരെന്നും എന്താണ് തിരുത്തേണ്ടതെന്നും നേതാക്കളാരും മിണ്ടിയതുമില്ല.
മുഖ്യമന്ത്രിയുടെ ശൈലിയാണ് മാറേണ്ടതെന്ന് ജില്ലാ കമ്മിറ്റികളുടെ അവലോകനയോഗത്തില്‍ ചിലര്‍ ആവശ്യപ്പെട്ടുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ സി പി എം കേന്ദ്രകമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ ഇതൊന്നും സ്ഥാനം പിടിച്ചതുമില്ല. മുഖ്യന് രാജാവിനെപ്പോലെ പെരുമാറുന്നു എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. എന്നാല്‍ മുഖ്യന് പറയുന്നത് ഞാന്‍ ദാസനാണ് എന്നാണ്. വിജയന് എന്നുമുതലാണ് ദാസനായതെന്നാണ് ഇപ്പോഴെല്ലാവരുടേയും സംശയം. വിജയന് ഒരിക്കലും ദാസനായിട്ടില്ലെന്നും ഒരു ശൈലിയും മാറാന്‍ പോവുന്നില്ലെന്നും അദ്ദേഹം തന്നെ നിയമസഭയില്‍ നടത്തിയ പ്രസംഗം പിന്നീട് വ്യക്തമാക്കുകയും ചെയ്തതതാണല്ലോ.
പാര്‍ട്ടിക്കുണ്ടായ കനത്തപരാജയത്തിന് എന്താണ് സഖാക്കളെ പ്രധാനകാരണം. ഈ ചോദ്യത്തിന് ഇനിയെങ്കിലും വ്യക്തമായ മറുപടി പറയേണ്ടേ…മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യമാണോ പരാജയ കാരണം ? അതോ അഴിമതിയാണോ. പാര്‍ട്ടിയും ജനങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വലിയ അകല്‍ച്ചയുണ്ടായി എന്നാണ് കേന്ദ്രകമ്മിറ്റിയും വ്യക്തമാക്കുന്നത്. പാര്‍ട്ടിയില്‍ ജീര്‍ണതയുണ്ടായി എന്നു പറയുമ്പോഴും എന്തുകൊണ്ടുണ്ടായി. ആരൊക്കെയാണ് ഈ അവസ്ഥയിലേക്ക് പാര്‍ട്ടിയെ തള്ളിവിട്ടത്.ജീര്‍ണതയിലേക്ക് ആരൊക്കെയാണ് പാര്‍ട്ടിയെ തള്ളിവിട്ടത്.പാര്‍ട്ടി സ്വയം ജീര്ണിച്ചതാണോ തുടങ്ങിയ നിരവധി ചോദ്യങ്ങളാണ് പാര്‍ട്ടി അനുഭാവികളുടെ ചോദിക്കുന്നത്.ജനങ്ങളോടുള്ള ധാര്‍ഷ്ട്യവും ജനവിരുദ്ധമായ എല്ലാം മാറ്റുമെന്നാണ് ഗോവിന്ദന് മാഷ് പറയുന്നത്.
പാര്‍ട്ടി തിരുത്തും ശൈലിമാറ്റും എന്നൊക്കെ പറയുമ്പോഴും ആരുടെ ശൈലിയാണ് മാറുകയെന്നും നേതാവ് വ്യക്തമാക്കുന്നില്ല. ഒരാളുടെ ശൈലി മാത്രമല്ല പരാജയത്തിന് കാരണമെന്നാണ് പാര്‍ട്ടി സെക്രട്ടറി പറയുന്നത്. മാധ്യമങ്ങളുടെ പ്രചാരവേലയാണ് മുഖ്യമന്ത്രിക്കെതിരെയുള്ള വാര്‍ത്തകള്‍ വരുന്നതെന്നാണ് പാര്‍ട്ടി സെക്രട്ടറി പറയുന്നത്.ദാസനായ വിജയന് ഇതൊന്നും അറിഞ്ഞിട്ടുപോലുമില്ലെന്നാണ് സെക്രട്ടറി പറയുന്നത്.തിരിച്ചടിക്ക് കാരണം എന്തായാലും തിരുത്തുമെന്നു പറയുന്ന അതേ സെക്രട്ടറിയാണ് മുഖ്യമന്ത്രി ഒരു ശൈലി മാറ്റത്തിനും വിധേയമാവേണ്ടതില്ലെന്നു പറയുന്നത്.
ഇത് കേരളമാണ്… എന്നായിരുന്നു ദാസനും വിജയനുമൊക്കെ തിരഞ്ഞെടുപ്പിന് മുന്‍പ് വ്യക്തമാക്കിയിരുന്നത്.കേരളത്തില്‍ ബി ജെ പിക്ക് വളരാന്‍ ആവില്ലെന്നും ഒരു അക്കൗണ്ടും തുറക്കാന്‍ ബി ജെ പിക്ക് കഴിയില്ലെന്നുമായിരുന്നു ഇവര്‍ ആവര്‍ത്തിച്ച് പറഞ്ഞിരുന്നത്. തൃശ്ശൂരില്‍ ബി ജെ പി അക്കൗണ്ട് തുറന്നു. വിജയിച്ച ബി ജെ പി സ്ഥാനാര്‍ത്ഥി നിലവില്‍ കേന്ദ്രത്തില്‍ മന്ത്രിയുമായി. ബി ജെ പിയിലേക്ക് പാര്‍ട്ടി വോട്ടുകള്‍ ഒഴുകിയെന്നാണ് സി പി എം കേന്ദ്രകമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ബി ജെ പിയുടെ സ്ഥാനാര്‍ത്ഥികള്‍ എല്ലാവരും പ്രഗല്ഭരാണെന്ന അഭിപ്രായ പ്രകടനം നടത്തിയ എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജനെ കേന്ദ്രകമ്മിറ്റിയില്‍ പേരെടുത്ത് വിമര്‍ശിച്ചുവെന്ന വാര്‍ത്ത തെറ്റാണെന്നാണ് എം വി ഗോവിന്ദന് പറയുന്നത്. തിരുത്തുമെന്ന് പറയുമ്പോഴും പി ജയരാജന് തെറ്റുകാരനല്ല, ഇ പി ജയരാജനും തെറ്റുകാരനല്ല. മുഖ്യമന്ത്രി ഒരിക്കലും തെറ്റുകാരനല്ലേയല്ല…
പാര്‍ട്ടിക്കാകെ സരംഭവിച്ച ദൗര്‍ബല്യമാണ് തോല്‍വിയുടെ കാരണമെന്നാണ് ഏറ്റവും ഒടുവിലത്തെ കണ്ടെത്തിയത്. ഏറ്റവും താഴേത്തട്ടുമുതല്‍ പാര്‍ട്ടി ജീര്‍ണിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. മുഖ്യമന്ത്രിയെ മാത്രം എയറില്‍ നിര്‍ത്തുകയെന്നതാണ് രക്ഷാ പ്രവര്‍ത്തനം എന്നല്ലാതെ എന്ത് പറയും എന്നാണ് സംസ്ഥാന സെക്രട്ടറിയായ എം വി ഗോവിന്ദന് ന്യായീകരിക്കുന്നത്. ജനങ്ങളുടെ ദാസനാണ് താനെന്ന് പറയുന്ന വിജയനാണ് ശരിയെന്നും ഗോവിന്ദന് ശരിക്കും ഗോാവിന്ദാന്നായി എന്നും പാര്‍ട്ടി വോട്ടുകള്‍ ബി ജെ പിയിലേക്ക് പോയെന്ന കണ്ടെത്തലാണ് കേന്ദ്രകമ്മിറ്റി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. ബി ജെ പിയുടെ വളര്‍ച്ച അപകടരമായിമാറിയിരിക്കുന്നുവെന്നാണ് പാര്‍ട്ടി കണ്ടെത്തിയിരിക്കുന്നത്. പരാജയത്തിന് മുഖ്യകാരണം നേതാക്കളുടെ ധാര്‍ഷ്ട്യമെന്ന് ദേശീയ നേതൃത്വം നേരത്തെ കണ്ടെത്തിയിരിക്കുന്നു. കേരളത്തിലടക്കം പാര്‍ട്ടി ഏറെ ദുര്‍ബലമായിരിക്കയാണ്.
എന്നാല്‍ ദാസന് ഇതൊന്നും അംഗീകരിക്കുന്ന ലക്ഷണമേയില്ല.ദേശീയ തലത്തില്‍ പാര്‍ട്ടിയുടെ നില പരുങ്ങലിലാണ്.പാര്‍ലമെന്ററി വ്യാമോഹം അഴിമതി എന്നിവ പാര്‍ട്ടിയുടെ സ്വീകാര്യതയ്ക്ക് വലിയതോതില്‍ മങ്ങലേല്‍പ്പിച്ചുവെന്നും സി പി എം കേന്ദ്രകമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.അപ്പോഴും എസ് എഫ് ഐക്കാര്‍ നടത്തുന്ന സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനത്തെ തള്ളിപ്പറയാന്‍ പാര്‍ട്ടി സെക്രട്ടറിയും തയ്യാറല്ല.അടിയന്തിരാവസ്ഥക്കാലത്തുള്‍പ്പെടെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ വേട്ടയാടപ്പെട്ടിട്ടുണ്ടെന്നും 33 എസ് എഫ് ഐ സഖാക്കളേയാണ് മൃഗീയമായി കൊലപ്പെടുത്തിയതെന്നുമാണ് എം വി ഗോവിന്ദന് പറയുന്നത്.
എസ് എഫ് ഐ ആരെയും കൊലപ്പെടുത്തിയിട്ടില്ല.ഒരു ഉറുമ്പിനേപ്പോലും ദ്രോഹിക്കാത്ത എസ് എഫ് ഐക്കാര്‍ എന്ന മട്ടിലുള്ള ന്യായീകരണമാണ് സെക്രട്ടറി നടത്തിയിരിക്കുന്നത്.ഏതെങ്കിലും ഒരു കോളജിലുണ്ടാവുന്ന ഒരു വിഷയം മാത്രം എടുത്ത് എസ് എഫ് ഐയെ തകര്‍ക്കാമെന്ന് കരുതേണ്ടെന്നും മാഷ് പറഞ്ഞിരിക്കയാണ്.സ്വര്‍ണം പൊട്ടിക്കല്‍ ടീമിനെ ഒരിക്കലും പാര്‍ട്ടി അംഗീകരിച്ചിട്ടില്ല. അവരെയൊക്കെ നേരത്തെ തള്ളിപ്പറഞ്ഞിട്ടുണ്ട്. സി പി എം ക്രമിനല്‍ സംഘത്തെ അംഗീകരിക്കില്ലെന്നു മാത്രമല്ല, ഈ പാര്‍ട്ടിയില്‍ അവര്‍ക്കൊന്നും ഒരു സ്ഥാനവുമില്ലെന്നുള്ള പതിവ് പ്രതികരണവും പുറത്തുവന്നിരിക്കയാണ്.
പാര്‍ട്ടി തിരുത്തും… ഉറപ്പായും തെറ്റുകള്‍ തിരുത്തും… അത് ആരായാലും തിരുത്തും… പക്ഷേ മുഖ്യമന്ത്രിയാണ് തെറ്റു തിരുത്തേണ്ടത് ശൈലി മാറ്റേണ്ടത് എന്നൊന്നും ആരും പറയരുത്…ഇതെല്ലാം കേള്‍ക്കുകയും കാണുകയും ചെയ്തവര്‍ക്കൊരു സംശയം … അല്ല സഖാവേ….. ഇവിടെ ആരാണ് യഥാര്‍ത്ഥ ദാസന്… വിജയനോ അതോ ഗോവിന്ദനോ… ദാസനും വിജയനും ഒരാളാണെന്നാണ് പറയുന്നത്. ആണോ സഖാക്കളേ…