കൊച്ചി: നാഷണല്‍ സ്റ്റോക് എക്സ്ചേഞ്ച് മാനേജിങ് ഡയറക്ടറും സിഇഒയുമായ ആഷിഷ്കുമാര്‍ ചൗഹാന്റെ ചിത്രവും ശബ്ദവും എന്‍എസ്ഇ ലോഗോയും ദുരുപയോഗിച്ച് വ്യാജ വിഡിയോകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ നാഷണല്‍ സ്റ്റോക് എക്സ്ചേഞ്ച് മുന്നറിയിപ്പു നല്കി. അത്യാധുനിക സാങ്കേതികവിദ്യകള്‍ വഴി മുഖവും ശബ്ദവും അനുകരിച്ചാണിത് ചെയ്യുന്നതെന്ന് എന്‍എസ്ഇ ചൂണ്ടിക്കാട്ടി.
ഇത്തരം വിഡിയോകള്‍ വഴി നിക്ഷേപത്തിനോ മറ്റെന്തെങ്കിലും കാര്യങ്ങള്‍ക്കോ ഉപദേശം നല്‍കുന്നതിനെതിരെ കരുതിയിരിക്കണം. എന്‍എസ്ഇ ഉദ്യോഗസ്ഥര്‍ക്ക് ഏതെങ്കിലും ഓഹരികള്‍ ശുപാര്‍ശ ചെയ്യാന്‍ അധികാരവുമില്ല. ഇത്തരം വ്യാജ വിഡിയോകള്‍ നീക്കം ചെയ്യാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും എന്‍എസ്ഇ അറിയിച്ചു.
നാഷണല്‍ സ്റ്റോക് എക്സ്ചേഞ്ചിന്റെ എല്ലാ ഔദ്യോഗിക സന്ദേശങ്ങളും www.nseindia.com എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴിയും ഔദ്യോഗിക സാമൂഹ്യ മാധ്യമ ഹാന്‍ഡിലുകളായ ട്വിറ്റര്‍ @NSEIndia, ഫെയ്സ്ബുക്ക് @NSE India, ഇന്‍സ്റ്റാഗ്രാം @nseindia, ലിങ്ക്ഡ്ഇന്‍ @NSE India, യുട്യൂബ് NSE India എന്നിവ വഴിയും മാത്രമായിരിക്കും നല്‍കുക. ഇത്തരത്തിലുള്ള എല്ലാ സന്ദേശങ്ങളുടേയും സ്രോതസ് പരിശോധിക്കണമെന്നും എന്‍എസ്ഇയുടെ ഔദ്യോഗിക സ്രോതസുകളില്‍ നിന്നാണെന്ന് ഉറപ്പാക്കണമെന്നും എക്സ്ചേഞ്ച് അഭ്യര്‍ത്ഥിച്ചു.