വയനാട്: വായ്പ നല്കിയ പണം തിരികെ ചോദിച്ചതിന് യുവാവിനെ വിളിച്ചുവരുത്തി സംഘംചേര്‍ന്ന് ആക്രമിച്ചതായും ബലംപ്രയോഗിച്ച് മദ്യം കുടിപ്പിച്ചതായും പരാതി. സംഭവത്തില്‍ കേസെടുത്ത പുല്പള്ളി പോലീസ് രണ്ടുപേരെ അറസ്റ്റുചെയ്തു. പുല്പള്ളി ചെറ്റപ്പാലം സ്വദേശികളായ യോഗിമൂല ബിനു (37), പുത്തന്‍വീട്ടില്‍ രമേശന് (48) എന്നിവരെയാണ് അറസ്റ്റുചെയ്തത്. കോളറാട്ടുകുന്ന് ആണ്ടുവീട്ടില് ഷിന്റോ ബാബുവിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്.
ഷിന്റോ സുഹൃത്തായ ചെറ്റപ്പാലം സ്വദേശി മനുവിന് ആറുമാസം മുന്‍പ് 25,000 രൂപ വായ്പയായി നല്‍കിയിരുന്നെന്നും ഇത് തിരിച്ചുചോദിച്ചതിലുള്ള വൈരാഗ്യത്തില്‍ ആളുകളെ കൂട്ടിവന്ന് അക്രമിച്ചതെന്നുമാണ് പരാതി. വായ്പനല്‍കി തുക തിരിച്ചുചോദിച്ചതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ ചെറിയ തര്‍ക്കമുണ്ടായിരുന്നു. ഈ പ്രശ്നം സംസാരിച്ച് പരിഹരിക്കാമെന്ന് പറഞ്ഞാണ് ഷിന്റോയെ കാപ്പിസെറ്റിലേക്ക് വിളിച്ചുവരുത്തിയത്.സുഹൃത്തും അംഗപരിമിതനുമായ പട്ടാണിക്കൂപ്പ് സ്വദേശി റാഫിയോടൊപ്പം വൈകുന്നേരം മൂന്നുമണിയോടെയാണ് ഷിന്റോ കാപ്പിസെറ്റിലെത്തിയത്. ടൗണിലേക്ക് വാഹനത്തില്‍ വന്നിറങ്ങിയ ഉടന്‍ ഒരു പ്രകോപനവുമില്ലാതെയാണ് ബിനുവും രമേശനും ചേര്‍ന്ന് തന്നെ മര്‍ദിച്ചതെന്നാണ് ഷിന്റോയുടെ പരാതി. നാട്ടുകാര്‍ ഇടപെട്ടാണ് ഷിന്റോയെയും സുഹൃത്തിനെയും അക്രമികളില്‍നിന്ന് രക്ഷപ്പെടുത്തി പറഞ്ഞയച്ചത്.
തുടര്‍ന്ന് റാഫിയും ഷിന്റോയും വാഹനത്തില്‍ പുല്പള്ളി ഭാഗത്തേക്ക് പോകുന്നതിനിടെ, പിന്തുടര്ന്നെത്തിയ ആക്രമികള്‍ ബാങ്ക് കവലയ്ക്ക് സമീപംവെച്ച് തടഞ്ഞുനിര്‍ത്തി വീണ്ടും മര്‍ദിച്ചു. അക്രമത്തിനിടെ ഷിന്റോയെ ബലംപ്രയോഗിച്ച് മദ്യം കുടിപ്പിക്കുകയും ദേഹത്ത് മദ്യം തളിക്കുകയും ചെയ്തെന്നും പരാതിയിലുണ്ട്. അക്രമത്തില്‍ പരിക്കേറ്റ് ഷിന്റോ പുല്പള്ളി സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടിയശേഷം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.