കഴിഞ്ഞ ഒരാഴ്ച്ച ദുർബലമായിരുന്ന കാലവർഷം വ്യാഴാഴ്ചയ്ക്ക് ശേഷം സജീവമാകാൻ സാധ്യത. അടുത്ത 1-2 ദിവസങ്ങളിൽ എല്ലാം ജില്ലകളിലും പലയിടത്തായി മഴ ലഭിക്കാൻ സാധ്യതയുണ്ട്. ജൂൺ 20 നു ശേഷം കേരള തീരത്ത് കാലവർഷക്കാറ്റ് ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതിനാൽ തുടർ ദിവസങ്ങളിൽ മഴയും ശക്തമായേക്കാം. പ്രാഥമിക സൂചനവച്ച് വടക്കൻ- മധ്യ കേരളത്തിൽ ശക്തമായ മഴയുണ്ടായേക്കാമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ നിഗമനം.
കേരള തീരത്ത് ചൊവ്വാഴ്ച രാത്രി 10.00 മണി മുതൽ ബുധനാഴ്ച (19-06-2024) രാത്രി 07.00 വരെ കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. തമിഴ്നാട് തീരത്ത് ബുധനാഴ്ച രാത്രി 11.30 വരെ ഇത് തുടരാനാണ് സാധ്യത. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ഗവേഷണ കേന്ദ്രം അറിയിച്ചു.