അനുഷ .എൻ. എസ്
എന്തേ മനസിലൊരു നാണം ഓ ഓ എന്തേ മനസിലൊരു നാണം….ഗിരീഷ് പുത്തഞ്ചേരിയുടെ ഈ വരികൾ കേൾക്കുന്ന ഓരോ മലയാളികൾക്കും മനസിനൊരു കുളിരാണ്. മജന്തയും പച്ചയും കളറിലെ പട്ട്പാവാടയും ബ്ളൗസും ഇരുവശവും മെടഞ്ഞിട്ട മുടിയും,നിറയെ ആഭരണങ്ങളുമൊക്കെയണിഞ്ഞ് റാന്തൽ വിളക്കുകളുടെ വെട്ടത്തിൽ ഗ്രാമക്കുട്ടത്തിന് മുന്നിൽ നൃത്തം ചെയ്യുന്ന കാർത്തുമ്പി. ഒപ്പം ഗ്രാമക്കൂട്ടത്തിനിടയിൽ നെറ്റിചുളിച്ച് നിൽക്കുന്ന മാണിക്യനും ,നൃത്തം ചെയ്യുന്ന കാർത്തുമ്പിയെ പ്രണയപരവശനായി നോക്കി നൃത്തം ആസ്വദിക്കുന്ന മാണിക്യനും പ്രീയപ്പെട്ട തമ്പ്രാൻ ചേട്ടനും .ജനുവരി 22 ആം തീയതി 1994ലാണ് പ്രിയദർശൻ്റെ സംവിധാനത്തിൽ തേൻമാവിൻ കൊമ്പത്ത് എന്ന ചിത്രം പുറത്തിറങ്ങുന്നത്.ഇത് വർഷം 2024 അതെ തേൻമാവിൻ കൊമ്പത്ത് പ്രേക്ഷകർ ഏറ്റെടുത്തിട്ട് ഇന്നേക്ക് 30 വർഷം
കേരളത്തിൻ്റെയും കർണാടകയിലെയും അതിരിലായി പ്രിയദർശൻ മാജിക്കിൽ തീർത്ത ഒരു സ്വപ്ന ഗ്രാമം . അവിടെ മാണിക്യനും യശോദാമ്മയും ശ്രീകൃഷ്ണനും ഒക്കെ താമസിക്കുന്ന പ്രൗഢിയുള്ളൊരുമനോഹരമായ തറവാടും. കേരളത്തിലെ ആളുകളുടെ ജീവിതരീതിയിൽ നിന്നും വളരെ വ്യത്യസ്തമായി നാട്ട്ക്കൂട്ടവും ,കാളയോട്ടങ്ങളുംഒക്കെയുള്ളൊരു ഗ്രാമം.
അർത്ഥമറിയാതെ ,കാട്ടിൽ നിന്ന് വിറകുമായി വന്ന ആദിവാസി സ്ത്രീയോട് മുത്ത്ഗൗ ചോദിക്കുന്ന കാളവണ്ടിക്കാരൻ മാണിക്യൻ ,അച്ഛനും അമ്മയും കറുത്തവരും ,കുഞ്ഞ് വെളുത്തതുമായതിന് കുഞ്ഞിൻ്റെ പിതൃത്വത്തെ ചൊല്ലി തർക്കമുണ്ടാകുന്നതും ഒടുവിൽ വെറ്റിലമുറുക്കി തുപ്പിച്ച് കുഞ്ഞ് സ്വന്തം ഭർത്താവിൻ്റേത് തന്നെയെന്ന് തെളിയിക്കുന്ന നാട്ട്ക്കൂട്ടവും.ഇനി കുഞ്ഞ് മറ്റാരുടേതെങ്കിലുമാണെങ്കിൽ പിഴച്ച് പെറ്റ പെണ്ണിനെ നാട്കടത്താൻചുക്കാൻ പിടിക്കുന്ന ഗിഞ്ചിമൂട് ഗാന്ധാരി അമ്മ . മൺമറഞ്ഞ് പോയ അനശ്വര കലാകാരി സുകുമാരിയമ്മയാണ് ഗാന്ധാരിയമ്മയായി സ്ക്രീനിൽ അഭിനയിച്ചത്,അല്ല ജീവിച്ചത്. ഈ പറഞ്ഞ നാട്ട്ക്കൂട്ടവും ,കാളയോട്ടങ്ങളും എന്തിന് ഗിഞ്ചിമൂട് ഗാന്ധാരി ,ശ്രീഹള്ളി,മല്ലിക്കെട്ട് കുയിലി, കണ്ണയ്യന്, ചിന്നു, കാര്ത്തു, ചാക്കുട്ടി, തിമ്മയ്യന്, ……എന്നിങ്ങനെയുള്ള പേരുകൾപോലും നമ്മൾ മലയാളികൾ കേൾക്കുന്നത് തന്നെ ഒരുപക്ഷേ ഈ ചിത്രത്തിലൂടെയാവണം.
എത്രവർഷം കഴിഞ്ഞാലും പ്രായമാകാത്ത ഒന്നാണ്ലാലേട്ടൻ്റെ ലേലു അല്ലു. മരത്തിൽ പറ്റിച്ചേർത്ത് കെട്ടിവെച്ചിരിക്കുന്ന മാണിക്യൻ ,ആ ഷോട്ട് കാണുമ്പോൾ തന്നെ ചിരിക്കാത്തവരായി ആരുമില്ല കൂട്ടത്തിൽ ചിണുങ്ങിക്കൊണ്ടുള്ള ലേലു അല്ലു ലേലു അല്ലു എന്ന പറച്ചിലും ശ്വാസം കിട്ടാതെ ചിരിച്ച് മണ്ണ്തപ്പാൻ വേറൊന്നും വേണ്ട.
പിന്നെ ലാലേട്ടൻ്റെ മാണിക്യൻ പ്രത്യേകിച്ച് പറയണ്ടല്ലോ…
നർത്തകി ആയ കാർത്തുമ്പി തമ്പ്രാൻ ചേട്ടനും മാണിക്യനുമൊപ്പം കൂടുന്നത് മുതൽക്ക് ആണ് യതാർത്ഥകഥയുടെ ആരംഭം എന്ന് വേണമെങ്കിൽ നമുക്ക് പറയാം. പിന്നീടങ്ങോട്ട് മാണിക്യൻ അറിയാതെ മാണിക്യനെ പ്രണയിക്കുന്ന കാർത്തുമ്പിയും, കാർത്തുമ്പിയെ പ്രണയിക്കുന്ന തമ്പ്രാൻചേട്ടൻ്റെയുംത്രികോണ പ്രണയകഥയാണ്. ശേഷം മാണിക്യൻ്റെയും കാർത്തുമ്പിയുടെയും പ്രണയം നമ്മളെ ഹരം പിടിപ്പിക്കുമെങ്കിലും, തമ്പ്രാൻചേട്ടൻ്റെ നഷ്ടപ്രണയം 30 വർഷങ്ങൾക്കിപ്പുറവും ചിലർക്കെങ്കിലും മനസിലൊരു വിങ്ങലാണ്. തമ്പ്രാൻ ചേട്ടൻ്റെ നഷ്ടപ്രണയത്തെക്കുറിച്ചോർത്ത് വിഷമിച്ച പ്രേക്ഷകർക്ക് കുറച്ച് സമാധാനമാകുന്നത് ലളിതാമ്മയുടെ കാത്തുചേച്ചിയുടെ വരവോടെയാണ്.കഥയുടെ അവസാനത്തിൽ എത്തുന്ന കാത്തുചേച്ചി തീർത്തും ഒരും ട്വിസ്റ്റായിരുന്നു.
എല്ലായിടത്തും ഒളിഞ്ഞുനോക്കുകയും കാർത്തുമ്പീ- മാണിക്യൻ പ്രണയം എടുത്തിട്ട് തമ്പ്രാൻ ചേട്ടനെയും തമ്പ്രാൻചേട്ടൻ്റെ പ്രീയപ്പെട്ട മാണിക്യനെയും തമ്മിൽ തല്ലിപ്പിക്കുന്ന അപ്പക്കാളയെയും നമുക്ക് മറക്കാൻ പറ്റില്ല.വളരെ വ്യത്യസ്ത്തമായ ഒരു മേക്കോവറിൽ നമുക്ക് മുന്നിലെത്തിയ പ്രീയപ്പെട്ട ശ്രീനിവാസനും അതേ പുതുമയിൽ നമ്മുടെ മനസ്സിൽ ഇന്നുമുണ്ട് . നെഗറ്റീവ് റോളിൽ എത്തുന്ന കഥാപാത്രങ്ങളോട് പ്രേക്ഷകൻ എന്ന നിലയിൽ നമുക്കെപ്പോഴും ദേഷ്യമാണ് എന്നാൽ ഒരു അഭിനേതാവെന്ന നിലയിൽ അതാണ് ആ നടൻ്റെ വിജയവും എന്ന് പറയാറുണ്ട് അങ്ങനെ നോക്കുമ്പോൾ അപ്പക്കാളഹീറോതന്നെ. കുറച്ച് തമാശ നിറഞ്ഞൊരു കഥാപാത്രമാണ് ലാലേട്ടൻ്റെ മാണിക്യൻ കുറച്ച്കൂടി വ്യക്തമായി ശ്രദ്ധിച്ചവർക്ക് മനസിലായിട്ടുണ്ടാവും മാണിക്യൻ്റെ ഒട്ടുമിക്യ എല്ലാ കോമഡി സീനുകളിലും മറ്റൊരു കോമഡി താരങ്ങളുടെയും സപ്പേർട്ട് ഇല്ലാതെയാണ് അദ്ദേഹം ചെയ്തിരിക്കുന്നത്. ഒരു തരത്തിൽ “ഏട്ടൻസ് മാജിക്”. അഭിനേതാക്കാൾ ,സംവിധായകൻ, അതിലെ ഗാനങ്ങൾ എന്ന് വേണ്ട എല്ലാം കൊണ്ടും ഈ 30 ആം വർഷത്തിലും തേൻമാവിൽകൊമ്പത്ത് ‘കൊമ്പത്ത് ‘തന്നെയാണ്.