ഇന്ത്യയിലെ എന്നല്ല ലോകത്തിലെ തന്നെ പ്രമുഖ മുഖമായ ഒരു ബ്രാന്‍ഡ്, അതിന്റെ വളര്‍ച്ചയെ ലോകം അത്രയധികം ആകാംക്ഷയോടെ നോക്കി കാണുകയായിരുന്നു. ഇന്നിതാ ബൈജൂസിനെ പാപ്പരായി പ്രഖ്യാപിച്ചിരിക്കുകയാണ്. ബൈജൂസ് ആപ്പിന്റെ സ്ഥാപകനായ ബൈജു രവീന്ദ്രന് എന്ന മലയാളി യുവാവ് വളര്‍ത്തിയെടുത്ത ശതകോടികളുടെ ഐ ടി വ്യവസായ സാമ്രാജ്യം ഇതാ ഒരു ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു വീണിരിക്കുന്നു.
ബൈജൂസ് മറ്റ് സ്ഥാപനങ്ങളില്‍ നിന്ന് വ്യത്യസ്തമായത് ബൈജൂസിന്റെ ദ്രുതഗതിയിലുള്ള കുതിപ്പ് കൊണ്ട് തന്നെയായിരുന്നു. ഒടുവില്‍ അതൊരു വലിയ പതനത്തിലേക്കുള്ള യാത്രയായിരുന്നു എന്ന് ലോകം തിരിച്ചറിഞ്ഞത് കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മാത്രമായിരുന്നു.
2020ല്‍ ആദ്യമായി ഫോബ്സ് ലോകശതകോടീശ്വര പട്ടികയില്‍ സ്ഥാനം പിടിക്കുമ്പോള്‍ 180 കോടി ഡോളറിന്റെ ആസ്തിയായിരുന്നു ബൈജു രവീന്ദ്രന്, ബൈജൂസിന്റെ മൂല്യം 1,000 കോടി ഡോളറും. രണ്ടു വര്‍ഷത്തിനുള്ളില്‍ ബൈജു രവീന്ദ്രന്റെ ആസ്തി 360 കോടി ഡോളറായും ബൈജൂസിന്റെ മൂല്യം 2,200 കോടി ഡോളറായും ഉയര്‍ന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ എഡ്ടെക് സ്ഥാപനത്തിന്റെ സിഇഒയില്‍ നിന്നും ഇഡി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നതുവരെ സംഭവ ബഹുലമായിരുന്നു ബൈജു രവീന്ദ്രന് എന്ന മലയാളിയുടെ ബിസിനസ് ജീവിതം. ‘ഇന്ത്യ വിട്ടുപോകരുത്’; സാമ്പത്തിക പ്രതിസന്ധികള്‍ക്ക് ഇടയില്‍ ബൈജു രവീന്ദ്രന് കുരുക്കായി ഇഡി നോട്ടീസ് മോഹന്‍ലാല്‍, ഷാരൂഖ് ഖാന് തുടങ്ങിയ ഫുട്ബോള്‍ ദൈവം ലയണല്‍ മെസിയും വരെ ബൈജൂസിന്റെ ഭാഗമായിരുന്നു ഒരു കാലത്ത്.
എന്നാല്‍ പോയ കാലത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ ഉണ്ടാക്കിയെടുത്ത നേട്ടങ്ങളേക്കാള്‍ ഇന്നത്തെ തകര്‍ച്ചയുടെ ആഴം എത്രമേല്‍ വലുതാണെന്ന് നമുക്ക് ഊഹിച്ചെടുക്കാന്‍ കഴിയില്ല, കാരണം ഉയരംകൂടുന്തോറും വീഴ്ചയുടെ ആഘാതവും കൂടുമല്ലോ.
ഏറ്റവും ലളിതമായി ബൈജൂസിന്റെ തകര്‍ച്ചയെ വിവരിക്കാന്‍ ഒരൊറ്റ കാരണമേയുള്ളൂ, അമിത ആത്മവിശ്വാസം. അതിന്റെ ചുവടുപിടിച്ച് എടുത്ത ഒരുകൂട്ടം തെറ്റായ തീരുമാനങ്ങളും തകര്‍ച്ചയുടെ തോത് കൂട്ടി. ബൈജീസിന് കാലിടറുന്നത്, കമ്പനിയുടെ ശ്രദ്ധ – ഏറ്റെടുക്കലുകളിലും വിപുലീകരണത്തിലുമായപ്പോള് മേല്‍നോട്ടത്തില്‍ പിഴവുകള്‍ സംഭവിച്ചതിലായിരുന്നു.
2021 ഡിസംബര്‍ മുതല്‍ 2023 ഏപ്രില്‍ വരെ കമ്പനിക്ക് ചീഫ് ഫൈനാന്‍ഷ്യല്‍ ഓഫീസര്‍ ഉണ്ടായിരുന്നില്ല.2020-21 സാമ്പത്തിക വര്‍ഷത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 4,560 കോടി ഡോളറിന്റെ നഷ്ടം കമ്പനിക്കുണ്ടായി. വരുമാനം മൂന്ന് ശതമാനം ഇടിഞ്ഞ് 2,430 കോടി ഡോളര്‍ കമ്പനി രേഖപ്പെടുത്തി.
നിത്യനിദാന ചെലവുകള്‍ക്ക് പോലും പണമില്ലാതെ നഷ്ടത്തിലായ ഇതേ കമ്പനി കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മലയാളികളുടെ അഭിമാനം വാനോളം ഉയര്‍ത്തിയ സ്റ്റാര്‍ട്ടപ്പ് അത്ഭുതമായിരുന്നുവെന്നതാണ് നിരാശയുണ്ടാക്കിയത്.
ഏകദേശം 22 ബില്യണ്‍ ഡോളര്‍ ആസ്ഥിയുണ്ടായിരുന്ന കമ്പനി 3 ബില്യണ്‍ ഡോളറിലേക്ക് കൂപ്പികുത്തുന്ന കാഴ്ചയ്ക്ക് അടുത്തിടെ ബിസിനസ് ലോകം സാക്ഷ്യം വഹിച്ചത്. 1.82 ലക്ഷം കോടി രൂപ മൂല്യത്തില്‍ നിന്ന് വെറും 8,200 കോടി രൂപയിലേക്ക് കമ്പനിയുടെ മൂല്യം വെട്ടിച്ചുരുക്കിയപ്പോഴും ബൈജു രവീന്ദ്രന് പ്രതീക്ഷ കൈവിട്ടിരുന്നില്ല.
കണ്ണൂര്‍ അഴീക്കോട് എന്ന ഒരു ചെറു ഗ്രാമത്തില്‍ ഒരു സാധാരണ മലയാളം മീഡിയം സ്കൂളില്‍ പഠിച്ചിറങ്ങി, സര്‍ക്കാര്‍ എഞ്ചിനീയറിംഗില്‍ ബിരുദവും നേടി പുത്തന്‍ ആശയം നടപ്പിലാക്കിയ ബൈജുവിന് പക്ഷേ ഇടയ്ക്ക് എവിടെയൊക്കെയോ പിഴച്ചു എന്നത് വാസ്തവം.
ബൈജു രവീന്ദ്രന് അധ്യാപകരായ മാതാപിതാക്കള്‍ തന്നെയായിരുന്നു ഏറ്റവും വലിയ പ്രചോദനം. കോമണ്‍ അഡ്മിഷന് ടെസ്റ്റിന് തയ്യാറെടുക്കാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ തുടങ്ങിയാണ് ബൈജൂസ് ആപ്പ് എന്ന എഡുക്കേഷന്‍ ആപ്പിലേക്കുള്ള വളര്‍ച്ച.
പഠിപ്പിക്കുന്നതിലും വിദ്യാര്‍ത്ഥികളെ ക്യാറ്റ് പരീക്ഷയ്ക്ക് ഒരുക്കുന്നതിലും ബൈജു അതീവ ശ്രദ്ധ പുലര്‍ത്തി. 2007 ലാണ് അദ്ദേഹം ക്ലാസുകള്‍ ആരംഭിക്കുന്നത്. പിന്നീട് പതിയെ പതിയെ ഇടത്തരം നിലവാരത്തിലേക്ക് ആ സംരംഭം വളരാന്‍ തുടങ്ങി. എന്നാല്‍ ഇന്ന് കാണുന്ന നിലയിലേക്ക് കമ്പനി അറിയപ്പെടാന്‍ കാരണമായ വഴിത്തിരിവ് 2011 ലാണ് നടന്നത്. ഭാര്യയായ ദിവ്യ ഗോകുല്‍നാഥുമായി ചേര്‍ന്ന് ബൈജൂസിന് തുടക്കം കുറിച്ചത്.
സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം വര്‍ധിച്ചു വന്നതോടെയാണ് ഒട്ടുമിക്ക വീടുകളിലും ഓണ്‍ലൈന്‍ ക്ലാസ് സാധ്യത ഉണ്ടെന്ന് അവര്‍ തിരിച്ചറിഞ്ഞത്. പിന്നീടെല്ലാം പെട്ടെന്നായിരുന്നു. 2017-ല്‍ ഷാരൂഖ് ഖാനെ ബ്രാന്‍ഡ് അംബാസഡറായി തിരഞ്ഞെടുത്തതോടെ സ്റ്റാര്‍ട്ടപ്പ് അവരുടെ വര്‍ദ്ധിച്ചുവരുന്ന പ്രാധാന്യം വിപണിയില്‍ തെളിയിച്ചു.
2018-ല്‍ 15 ദശലക്ഷം ഉപയോക്താക്കളുള്ള ബൈജൂസിന് യൂണികോണ്‍ പദവി ലഭിച്ചു. 2019ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പ്രധാന സ്പോണ്‍സറായി ഒപ്പോയെ മറികടന്ന് വന്നതോടെ കമ്പനി ആഗോള തലത്തില്‍ അറിയപ്പെടാന്‍ തുടങ്ങി.
ഇതിനിടെ ബൈജൂസ് യുഎസ് നിക്ഷേപ സ്ഥാപനമായ റെഡ്വുഡില് നിന്ന് 1.2 ബില്യണ്‍ ഡോളര്‍ ടേം ലോണ്‍ സമാഹരിച്ചു. 2022-ല്‍, കമ്പനിയുടെ വിപണി മൂല്യം 22 ബില്യണ്‍ ഡോളറിലെത്തി, ഏറ്റവും മൂല്യമുള്ള ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പായി മാറിയപ്പോഴേക്കും, ബൈജൂസ് ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയെ ആദ്യ ആഗോള അംബാസഡറായി പ്രഖ്യാപിക്കുകയും 2022ലെ ഫുട്ബോള്‍ ലോകകപ്പിന് ഔദ്യോഗിക സ്പോണ്സര്മാരില് ഒരാളാകാന്‍ തയ്യാറാവുകയും ചെയ്തു.
ഇതിനിടെ ആശങ്ക ഉയര്‍ത്തിയ ഒരു സംഭവം കമ്പനി 20 -21 സാമ്പത്തിക വര്‍ഷത്തിലെ ഓഡിറ്റ് ചെയ്ത സാമ്പത്തിക റിപ്പോര്‍ട്ടുകള്‍ 18 മാസത്തേക്ക് വൈകിപ്പിച്ചു എന്നതാണ്. 2022 സെപ്റ്റംബറില്‍ സ്റ്റാര്‍ട്ടപ്പ് അതിന്റെ ഫലങ്ങള്‍ പുറത്തുവിട്ടപ്പോള്‍ തന്നെ കാര്യങ്ങളുടെ കിടപ്പ് ശരിയല്ലെന്ന് പലരും മനസിലാക്കി. 4588 കോടിയുടെ നഷ്ടമായിരുന്നു കമ്പനി നേരിട്ടത്.
സ്റ്റാര്‍ട്ടപ്പുകള്‍ നഷ്ടം നേരിടുന്നത് സാധാരണ സംഭവം തന്നെയാണ്, എന്നാല്‍ ബൈജൂസിന്റെ നഷ്ടം മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 15 മടങ്ങ് കൂടുതലായിരുന്നു എന്നതാണ് അപായ സൂചനയായി വന്നത്. പിന്നീട് അങ്ങോട്ട് ബൈജൂസിന്റെ തകര്‍ച്ച ആരംഭിച്ചു.
നഷ്ടത്തിലായിരുന്ന കോഡിംഗ് പ്ലാറ്റ്ഫോം വൈറ്റ് ഹാറ്റ് ജൂനിയര്‍, ആകാശ് ഇന്‍സ്റ്റിറ്യൂട്ട്, ഗ്രേറ്റ് ലേണിംഗ് തുടങ്ങിയ കമ്പനികള്‍ ഏറ്റെടുത്തതോടെ പ്രതിസന്ധി മൂര്‍ച്ഛിച്ചു. യുഎസ് ഫെഡറല്‍ റിസര്‍വ് സാമ്പത്തിക നയങ്ങളില്‍ വരുത്തിയ മാറ്റവും ബൈജൂസിന് ഇരുട്ടടിയായി. അമേരിക്കന്‍ വിപണി ലക്ഷ്യമിട്ട് നടത്തിയ പദ്ധതികള്‍ മുഴുവന്‍ പാളി.
ഇടിത്തീ എന്ന പോലെ 2022 ല്‍ ബൈജൂസിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടിയും ആരംഭിച്ചു. ഫെമ നിയമ പ്രകാരം 9,362.35 കോടി രൂപയുടെ ചട്ടലംഘനം നടത്തിയെന്ന് ആരോപിച്ച് കഴിഞ്ഞ വര്‍ഷം നവംബറില്‍ ബൈജൂസിന്റെ മാതൃ കമ്പനിയായ തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡിനും ബൈജു രവീന്ദ്രനും ഇഡി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു.
ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം അന്വേഷണ ഏജന്‍സി ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചു. നിലവില്‍ ദുബായില്‍ കഴിയുകയാണ് ബൈജു രവീന്ദ്രന് എന്നാണ് സൂചന. നേരത്തേ ബൈജു ഇന്ത്യ വിട്ടാല്‍ അറിയിക്കണമെന്ന് കാട്ടി ഇഡി നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അതിന് ശേഷമാണ് ബൈജു രവീന്ദ്രന് ദുബായിലേക്ക് പോയതെന്നാണ് സൂചന. അന്ന് രാജ്യം വിടുന്നതിന് തടസമുണ്ടായിരുന്നില്ല എന്നതിനാലാണ് ബൈജു ദുബായിലേക്ക് മാറിയത്.
ഇനി ഇന്ത്യയിലേക്ക് ബൈജു രവീന്ദ്രന് തിരികെ വരുമോ എന്നതില്‍ വ്യക്തതയില്ല. എജ്യൂടെക് കമ്പനിയായ ബൈജൂസിനെ പാപ്പര്‍ കമ്പനിയായി പ്രഖ്യാപിക്കാനുള്ള നടപടികള്‍ തുടങ്ങിയതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ബെംഗളൂരുവിലെ ദേശീയ കമ്പനികാര്യ ട്രൈബ്യൂണലാണ് ബൈജൂസ് കമ്പനിയെ പാപ്പരായി പ്രഖ്യാപിക്കാന്‍ ഉത്തരവിട്ടത്.
ബിസിസിഐ നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്. ദേശീയ ടീമിന്റെ സ്പോണ്‍സര്‍ഷിപ്പ് വകയില്‍ 158 കോടി രൂപ ബൈജൂസ് തരാനുണ്ടെന്ന് കാണിച്ചാണ് ബിസിസിഐ ഹര്‍ജി നല്‍കിയത്. ബൈജൂസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനും പാപ്പരായി പ്രഖ്യാപിക്കാനുള്ള നടപടികള്‍ക്കും കോടതി പ്രതിനിധിയെ നിയമിച്ചു. ബൈജുരവീന്ദ്രനെ പാപ്പരായി പ്രഖ്യാപിക്കപ്പെടുന്നതോടെ ഒരു ബാങ്കില്‍ നിന്നും ബൈജുവിന് വായ്പ ലഭിക്കില്ല.
ഒരു സംരഭവും ആരംഭിക്കാനാവില്ല. ഒരു വ്യവവസായ സംരഭകനെന്ന നിലയില്‍ എവിടെ നിന്നും നിക്ഷേപവും വരില്ല… ബൈജൂസ് ഒരു ചീട്ടുകൊട്ടാരം പോലെ തകരുകയാണ്. ട്രൈബ്യൂണല്‍ ഉത്തരവിനെതിരെ കോടതിയെ സമീപിക്കുമെന്നാണ് ബൈജുവിന്റെ ഇപ്പോഴുള്ള പ്രതികരണം.