യു ഡി എഫ് കോട്ടയം ജില്ലാ ചെയര്‍മാനും കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം ജില്ലാ അധ്യക്ഷനുമായിരുന്ന സജി മഞ്ഞക്കടമ്പിലിന്റെ രാഷ്ട്രീയ നീക്കം എന്തായിരിക്കും… ബിജെപിയിലേയ്ക്കോ അതോ മാതൃസംഘടനയായ കേരളാ കോണ്‍ഗ്രസ് എമ്മിലേക്കോ…? പാര്‍ട്ടിയില്‍ നിന്നും യു ഡി എഫ് ജില്ലാ ചെയര്മാന് സ്ഥാനത്തുനിന്നും രാജിവച്ച സജി മഞ്ഞക്കടമ്പലിന്റെ നീക്കത്തെ സൂഷ്മതയോടെയാണ് യു ഡി എഫ് നേതൃത്വം നിരീക്ഷിക്കുന്നത്.
https://youtu.be/nmA19YS9Rqk?si=u560tesQTACgT1SJ
കേരളാ കോണ്‍ഗ്രസിലേക്കോ, യു ഡി എഫിലേക്കോ ഇല്ലെന്ന ഉറച്ച നിലപാടിലാണ് സജി.
കുടുംബവുമായി ആലോചിച്ച് തീരുമാനം പ്രഖ്യാപിക്കുമെന്നാണ് സജി പറയുന്നതെങ്കിലും മാണി ഗ്രൂപ്പിലേക്ക് ചേക്കേറാനുള്ള നീക്കമാണ് സജി നടത്തുന്നതെന്നാണ് സൂചനകള്‍. സജിയെ തിരികെ എത്തിക്കുന്നതിന് കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസ് നേതാക്കളും ഇന്നലെ ചര്‍ച്ചകള്‍ നടത്തിയിരുന്നുവെങ്കിലും അതൊന്നും ഫലം കണ്ടിരുന്നില്ല.
കടുത്തുരുത്തി എം എല്‍ എയും കേരളാ കോണ്‍ഗ്രസിലെ രണ്ടാമനുമായ മോന്‍സ് ജോസഫിനെതിരെയാണ് സജിയുടെ ആരോപണം. തന്നെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്നാണ് സജിയുടെ രാജിവെക്കാനുണ്ടായ കാരണമായി പറഞ്ഞിരുന്നത്. എന്നാല്‍ മോന്സുമായുള്ള അഭിപ്രായ ഭിന്നത മാത്രമല്ല സജി പാര്‍ട്ടി വിടാനുണ്ടായ കാരണമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
സ്ഥാനാര്‍ത്ഥി പ്രഖ്യാപനം തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ യു ഡി എഫ് ജില്ലാ ചെയര്മാന് പാര്‍ട്ടി വിട്ടത് വളരെ ഗുരുതരമായ വിഷയമായാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്. കേരളാ കോണ്‍ഗ്രസുകള്‍ തമ്മില്‍ ഏറ്റുമുട്ടുന്ന കോട്ടയത്ത് ഒരു തരത്തിലുള്ള അനൈക്യവും ഉണ്ടാവരുതെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടതാണ്. യു ഡി എഫിലും ഇക്കാര്യം കോണ്‍ഗ്രസ് ഉന്നയിച്ചിരുന്നതാണ്. സജിയും മറ്റു ചില നേതാക്കളും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഘട്ടത്തില്‍ സ്ഥാനാര്‍ത്ഥിത്വം സ്വയം പ്രഖ്യാപിച്ച് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയിരുന്നു.
കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പുകാരനായിരുന്ന സജി മഞ്ഞക്കടമ്പിലിനെ നേരത്തെ തന്നെ മോന്‍സ് ജോസഫ് അംഗീകരിച്ചിരുന്നില്ല
സീറ്റ് തര്‍ക്കം പൊതുവേദിയില്‍ എത്തിയതോടെയാണ് കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ തര്‍ക്കം ഉടലെടുത്തത്. കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പുകാരനായിരുന്ന സജി മഞ്ഞക്കടമ്പിലിനെ നേരത്തെ തന്നെ മോന്‍സ് ജോസഫ് അംഗീകരിച്ചിരുന്നില്ല, എങ്കിലും മാണി ഗ്രൂപ്പില്‍ നിന്നും എത്തിയ യുവ നേതാവെന്ന പരിഗണനയിലാണ് പാര്‍ട്ടിയുടെ ജില്ലാ അധ്യക്ഷനാക്കിയതും യു ഡി എഫ് ചെയര്‍മാനായി മാറുന്നതും. പാര്‍ട്ടിയില്‍ അസ്വസ്ഥതകളുണ്ടായപ്പോഴും കേരളാ കോണ്‍ഗ്രസ് ചെയര്‍മാനായ പി ജെ ജോസഫ് മൗനം പാലിച്ചതും തര്‍ക്കത്തിന് പരിഹാരമുണ്ടാക്കാന്‍ കഴിഞ്ഞില്ല.
യു ഡി എഫ് കോട്ടയം സീറ്റില്‍ മത്സരിപ്പിച്ചിരുന്നത് കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെയാണ് എന്ന ഒറ്റ പരിഗണന വച്ചാണ് കോട്ടയം നിലവില്‍ യു ഡി എഫിലുള്ള ജോസഫ് വിഭാഗത്തിന് സീറ്റ് നല്കാന് തീരുമാനിച്ചത്. ഈ സീറ്റില്‍ തുടക്കം മുതല്‍ കണ്ണുവച്ച് നിരവധി പേര് നീങ്ങിയിരുന്നു. ഇതില്‍ ഒരാള്‍ യു ഡി എഫ് ചെയര്‍മാനായിരുന്ന സജി മഞ്ഞക്കടമ്പിലായിരുന്നു. തര്‍ക്കം മൂര്‍ച്ഛിച്ചതോടെ കോട്ടയം സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്തേക്കുമെന്ന ഘട്ടംവരെ എത്തിച്ചതും കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിലെ ചിലനേതാക്കളുടെ നീക്കമായിരുന്നു.
ഇരു കേരളാ കോണ്‍ഗ്രസുകളും ജീവന്മരണ പോരാട്ടമാണ് കോട്ടയത്ത്
മുന്‍ ഇടുക്കി എം പിയും കേരളാ കോണ്‍ഗ്രസ് നേതാവുമായ ഫ്രാന്‍സിസ് ജോര്‍ജ് കോട്ടയത്ത് സ്ഥാനാര്‍ത്ഥിയായി എത്തിയതോടെ യു ഡി എഫ് ക്യാമ്പ് സജീവമായി. ഇരു കേരളാ കോണ്‍ഗ്രസുകള്‍ക്കും ജീവന്മരണ പോരാട്ടമാണ് കോട്ടയത്തേത്. കഴിഞ്ഞ തവണ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി എത്തി വിജയിച്ച തോമസ് ചാഴികാടന് ഇത്തവണ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായാണ് കോട്ടയത്ത് രണ്ടാം തവണ മത്സരിക്കാനെത്തുന്നത്. എന്തു വിലകൊടുത്തും വിജയിക്കാനുള്ള മാര്‍ഗമാണ് ജോസ് കെ മാണിയും സി പി എമ്മും തേടുന്നത്.
ജോസഫ് ഗ്രൂപ്പില്‍ അസ്വസ്ഥനായി കഴിഞ്ഞിരുന്ന സജി മഞ്ഞക്കടമ്പലിനെ സ്വന്തം തട്ടകത്തില്‍ എത്തിക്കാന്‍ നേരത്തെ തന്നെ ജോസ് കെ മാണി ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. യു ഡി എഫ് ചെയര്മാന് സ്ഥാനത്തുനിന്നും സജി രാജിവച്ചപ്പോള്‍ ആദ്യം സജിയെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയത് ജോസ് കെ മാണിയായിരുന്നു എന്നതും ശ്രദ്ധേയമാണ്. സജി മികച്ച നേതാവാണെന്നായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം. തന്നെ കേരളത്തിലെ എല്ലാ പാര്‍ട്ടികളും ബന്ധപ്പെട്ടിരുന്നുവെന്നും ബി ജെ പിയടക്കം പാര്‍ട്ടിയിലേക്ക് ക്ഷണിച്ചുവെന്നും ഇപ്പോള്‍ തീരുമാനമൊന്നും എടുക്കില്ലെന്നുമാണ് സജി മഞ്ഞക്കടമ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്.
എന്നാല്‍ സജി മാതൃസംഘടനയായ കേരളാ കോണ്‍ഗ്രസ് എമ്മിലേക്ക് ചേക്കറുമെന്ന സൂചനകള്‍ തന്നെയാണ് നല്‍കുന്നത്. കേരളാ കോണ്‍ഗ്രസ് എം നേതാക്കള്‍ തന്നോട് സംസാരിച്ചിരുന്നുവെന്ന് മഞ്ഞക്കടമ്പിലും വ്യക്തമാക്കുന്നുണ്ട്. ജോസഫ് ഗ്രൂപ്പിലുള്ള മറ്റു ചിലരും വൈകാതെ കേരളാ കോണ്‍ഗ്രസ് എമ്മില്‍ എത്തുമെന്നുള്ള സൂചനകളും ലഭ്യമാവുന്നുണ്ട്. കേരളാ കോണ്ഗ്രസിലുണ്ട രാജിയും തുടര്‍ന്നുണ്ടായിക്കൊണ്ടിരിക്കുന്ന വിവാദങ്ങളും ഒരിക്കലും ഉണ്ടാവാന്‍ പാടില്ലാത്തതാണെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്.
മഞ്ഞക്കടമ്പലിന്റെ രാജി യു ഡി എഫിനെ ഒരുതരത്തിലും ബാധിക്കില്ല
എന്നാല്‍ മഞ്ഞക്കടമ്പലിന്റെ രാജി യു ഡി എഫിനെ ഒരുതരത്തിലും ബാധിക്കില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. ജോസഫ് ഗ്രൂപ്പിലെ ചിലനേതാക്കളെ അടര്‍ത്തിയെടുക്കാന്‍ ജോസ് കെ മാണി നേരത്തെ തന്നെ പദ്ധതിയിട്ടിരുന്നുവെന്നുവെന്നാണ് പുറത്തുവരുന്ന വിവരം.
അടുത്ത കാലത്ത് മാത്രം ജോസഫ് ഗ്രൂപ്പിലെത്തിയ ഫ്രാന്‍സിസ് ജോര്‍ജിന് യു ഡി എഫിന്റെ ഏറ്റവും സുരക്ഷിതമായ കോട്ടയം സീറ്റു നല്‍കിയതില്‍ എതിര്‍പ്പുള്ള നേതാക്കളെയാണ് ജോസ് കെ മാണി ലക്ഷ്യമിടുന്നത്. സജിയെ എത്തിക്കാനുള്ള ജോസ് കെ മാണിയുടെ തന്ത്രങ്ങള്‍ വിജയിക്കുകയാണെന്നു വേണം അനുമാനിക്കാന്‍. കേരളാ കോണ്‍ഗ്രസിലെ പിളര്‍പ്പോടെ മറു പക്ഷത്തായ സജി മഞ്ഞക്കടമ്പില്‍ ജോസ് കെ മാണിക്ക് എന്നും തലവേദനയായിരുന്നു.