രാജേഷ് തില്ലങ്കേരി
തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി മണിചെയിന്‍ തട്ടിപ്പു സംഘത്തിന് കുടപിടിച്ചത് ആരാണ്. ആരുടെയൊക്കയോ സഹായത്താല്‍ സൈ്വര്യവിഹാരം നടത്തിയിരുന്ന ഹൈറിച്ച് ഉടമ ഇന്നലെ അറസ്റ്റു ചെയ്യപ്പെട്ടത് എങ്ങിനെ ? 3141 കോടിയുടെ തട്ടിപ്പാണ് ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പിയുടെ മറവില്‍ തട്ടിയെടുത്തതെന്നാണ് പൊലീസ് പറയുന്നത്.
തൃശ്ശൂരില്‍ സുരേഷ് ഗോപിയെ വിജയിപ്പിച്ചത് ഞങ്ങളാണെന്നും നാല്‍പ്പതിനായിരം വോട്ടുകള്‍ ഞങ്ങള്‍ ബി ജെ പി സ്ഥാനാര്‍ത്ഥിക്കായി ചെയതിട്ടുണ്ടെന്നുമായിരുന്നു ഹൈറിച്ച് ഉടമകളുടെ വാദം.സുരേഷേട്ടന് ഞങ്ങളെ സംരക്ഷിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച ഹൈറിച്ച് ഉടമകളെ തള്ളാന്‍ ബി ജെ പി നേതൃത്വവും രംഗത്തുവന്നില്ല.നവകേരള യാത്രയ്ക്ക് സ്പോണ്‍സര്‍ഷിപ്പ് നല്കിയതിനാല് സംസ്ഥാന സര്‍ക്കാരും ഹൈറിച്ച് ഉടമകളെ സംരക്ഷിക്കുന്നുവെന്നായിരുന്നു ആരോപണം.
ഹൈറിച്ച് ഉടമകളെ സംസ്ഥാന, കേന്ദ്രസര്‍ക്കാരുകള്‍ സംരക്ഷിക്കുന്നുവെന്ന ആരോപണം കടുത്തതോടെയാണ് പൊലീസ് ചോദ്യം ചെയ്യാനും ഹൈറിച്ച് ഉടമയായ കെ ഡി പ്രതാപനെ അറസ്റ്റുചെയ്യാനും പൊലീസ് തയ്യാറായത്.ഓണ്‍ലൈന്‍ ഷോപ്പിയുടെ പേരില്‍ പിരിച്ചെടുത്ത പണം വിദേശത്തേക്ക് ഹവാലയായി കടത്തിയെന്നാണ് പൊലീസ് പറയുന്നത്.
പൊലീസ് നടപടികളൊന്നും ഉണ്ടാവില്ലെന്നും കമ്പനി അതി ശക്തമായി വീണ്ടും സജീവമാവുമെന്നുള്ള പ്രതാപന്റെ ഉറപ്പിലാണ് പണം പിരിച്ചു നല്കിയ ഏജന്റുമാര്‍ അന്നുമുതല്‍ പിന്തുണയുമായി നിന്നത്.തൃശ്ശൂരില്‍ മാത്രം നാല്‍പ്പതിനായിരം വോട്ടുകള്‍ സുരേഷ് ഗോപിക്ക് അനുകൂലമായി നല്‍കാനുള്ള സംഘടിത ശക്തി ഹൈറിച്ചിനുണ്ടോ…? സുരേഷ് ഗോപി കേന്ദ്രമന്ത്രിയായതോടെ തങ്ങളെ സഹായിക്കുമെന്ന് ഹൈറിച്ച് ഉടമകള്‍ നടത്തിയ പരസ്യ പ്രചാരണത്തിനെതിരെ എന്തുകൊണ്ടാണ് സുരേഷ് ഗോപി മൗനം പാലിച്ചത്..?
ഹൈറിച്ച് കമ്പനിയുടെ ഡയറക്ടറും സി ഇ ഒയുമായ പ്രതാപന്റെ ഭാര്യ ശ്രീനയെ എന്തുകൊണ്ടാണ് എന്‍ഫോഴ്സ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ് അറസ്റ്റു ചെയ്യാതിരുന്നത്. പ്രതാപന്റെ ബന്ധുക്കളുടെ പേരിലുണ്ടായിരുന്ന 260 കോടിയുടെ സ്വത്തുവകകള്‍ കണ്ടുകെട്ടിയിട്ടും പ്രതാപനെ മാത്രം അറസ്റ്റു ചെയ്തതിനു പിന്നില്‍ എന്ത് ഇടപെടലാണ് നടന്നത്. അടിമുടി ദുരൂഹമായ ഇടപാടുകള്‍ നടത്തിയിട്ടും ഉന്നത ബന്ധം ഉപയോഗിച്ചാണ് കോടികള്‍ വിദേശത്തേക്ക് കടത്തിയതെന്നാണ് ആരോപണം.
ഓണ്‍ലൈന്‍ ഷോപ്പിംഗിലൂടെയും ഒ ടി ടി പ്ലാറ്റ് ഫോമിന്റെ മറവിലും കോടികളാണ് പിരിച്ചെടുത്തത്.അംഗത്വഫീസായി മാത്രം 1500 കോടി രൂപ പിരിച്ചെടുത്തെന്നാണ് അന്വേഷണ സംഘം പറയുന്നത്. 250 കോടി രൂപയാണ് ഈ ഇനത്തില്‍ മാത്രം പ്രതാപനും ശ്രീനയും തട്ടിയെടുത്തത്.
കേരളത്തില്‍ മണിചെയിന്‍ മാതൃകയില്‍ പ്രവര്‍ത്തിച്ച ഹൈറിച്ചിനെതിരെ കോണ്‍ഗ്രസ് നേതാവും മുന്‍ എം എല്‍ എയുമായ അനില്‍ അക്കരെയാണ് പരാതിയുമായി എത്തുന്നത്. ആറുമാസത്തിലേറെയായി ഹൈറിച്ചിനെതിരെ കേസെടുത്തിട്ട്. എന്നിട്ടും എന്തുകൊണ്ടാണ് കുറ്റക്കാര്‍ക്കെതിരെ നടപടി വൈകിയതെന്നാണ് ഉയരുന്ന ചോദ്യം.ലക്ഷക്കണക്കിന് പേരില്‍ നിന്നായി മണി ചെയിന്‍ മാതൃകയിലാണ് പണം സ്വരൂപിച്ചിരുന്നത്. വ്യാജ വിവരങ്ങള്‍ കാണിച്ച് ആളുകളെ തെറ്റിദ്ധരിപ്പിച്ചാണ് പണം പിരിച്ചെടുത്തിരുന്നത്. കേസുകള്‍ ഉടന്‍ അവസാനിക്കുമെന്നും, എല്ലാവര്ക്കും ലാഭവിഹിതമടക്കമുള്ള ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുമെന്നുമായിരുന്നു പ്രതാപനും ശ്രീനയും പ്രചരിപ്പിച്ചിരുന്നത്.
പണം വിദേശത്തേക്ക് കടത്താനുള്ള സഹായം ആരില്‍ നിന്നാണ് ഉണ്ടായതെന്ന് ഇപ്പോഴും അജ്ഞാതമാണ്. ഉന്നതരില്‍ നിന്നും സഹായം ലഭിച്ചുവെന്നു വ്യക്തമായിട്ടും അത്തരത്തില്‍ അന്വേഷണം വ്യാപിപ്പിക്കാന്‍ അന്വേഷണ സംഘം ഇതുവരെ തയ്യാറായിട്ടില്ല.ഇ ഡിക്കു പുറമെ, സി ബി ഐയും കേസില്‍ അന്വേഷണം നടത്തുന്നുണ്ട്.കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത ഏറ്റവും വലിയ കള്ളപ്പണം വെളുപ്പിക്കല്‍ കേസാണിതെന്നാണ് ഇ ഡി പറയുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഹൈറിച്ച് തട്ടിപ്പു കേസില്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.