കൊച്ചി:കരുവന്നൂര്‍ സഹരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സി പി എം ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിനെ ഇ ഡി ചോദ്യം ചെയ്യുന്നു.രാവിലെ പത്തോടെ ഇ ഡി ക്കുമുന്നിലെത്തിയ വര്‍ഗീസിനെ ഇന്ന് അറസ്റ്റുചെയ്തേക്കുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.തൃശ്ശൂരില്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപിക്ക് സി പി എമ്മിന്റെ സഹായം ലഭിച്ചുവെന്ന ആരോപണം ശക്തമായിരിക്കയാണ് ഇ ഡി വീണ്ടും എം എം വര്‍ഗീസിനെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയത്.
കരുവന്നൂരില്‍ കര്‍ശന നടപടിയുണ്ടാവുമെന്ന് പ്രധാന മന്ത്രി കുന്നംകുളത്ത് നടത്തിയ പ്രസംഗത്തില്‍ വ്യക്തമാക്കിയതാണ്.തെരഞ്ഞെടുപ്പിന് മുന്‍പ് ചിലരെ അസ്റ്റു ചെയ്തേക്കുമെന്നും വാര്‍ത്തകള്‍ പരന്നിരുന്നുവെങ്കിലും അതുണ്ടായില്ല.രണ്ടു തവണ ചോദ്യം ചെയ്യലിന് ഹാജരാവണമെന്നു കാട്ടി ഇ ഡി നോട്ടീസ് നല്‍കിയിരുന്നവെങ്കിലും എം എം വര്‍ഗീസ് ഹാജരായില്ല.തെരഞ്ഞെടുപ്പിന് ശേഷം എന്നുവേണമെങ്കിലും ഹാജരാവാമെന്നായിരുന്നു അദ്ദേഹം ഇ ഡിയോട് ആവശ്യപ്പെട്ടത്.അത് അംഗീകരിച്ച ഇ ഡി തെരഞ്ഞെടുപ്പിന് ശേഷം വീണ്ടും ഹാജരാവണമെന്നു കാണിച്ച് വര്‍ഗീസ് നോട്ടീസ് നല്‍കുകയായിരുന്നു.
ഇ പി ജയരാജന് വിഷയത്തില്‍ ഒരുപോലെ ഡാമേജായിരിക്കയാണ് സി പി എമ്മും ബി ജെ പിയും.കേസുകള്‍ അവസാനിപ്പിക്കാനുള്ള ഡീല്‍ ചര്‍ച്ച ചെയതെന്ന നന്ദകുമാറിന്റെ വെളിപ്പെടുത്തലുകളാണ് സി പി എമ്മിനെ വെട്ടിലാക്കിയത്.തൃശ്ശൂരില്‍ സി പി എം- ബി ജെ പി അന്തര്‍ധാരയുണ്ടെന്ന കോണ്‍ഗ്രസിന്റെ ആരോപണം ശരിവെക്കുന്നതാണ് ദല്ലാള്‍ നന്ദകുമാറിന്റെ വെളിപ്പെടുത്തല്‍.തൃശ്ശൂരില്‍ സുരേഷ് ഗോപിക്ക് അനുകൂലമായി വോട്ടുകള്‍ ഇടതുപക്ഷത്തില്‍ നിന്നും കിട്ടിയതായി കോണ്‍ഗ്രസ് ഇപ്പോഴും ആരോപിക്കുന്നുണ്ട്.സുരേഷ് ഗോപി ജയിക്കില്ലെന്ന് സി പി എം നേതാക്കളൊക്കെ ആണയിടുന്നുണ്ടെങ്കിലും ബി ജെ പിക്ക് വിജയം ഉണ്ടായാല്‍ ഡീല്‍ വലിയ ചര്‍ച്ചയായി മാറും.
ബി ജെ പിയില്‍ ചേരാനല്ല ഇ പി ജാവഡേക്കറെ കണ്ടതെന്നും ലാവ്ലിന് കേസില്‍ സെറ്റില്‍മെന്റ് ഉണ്ടാക്കാനാണെന്നുമാണ് ദല്ലാളുടെ മൊഴി.കരുവന്നൂര്‍ കേസിലും ഈ ഒത്തുതീര്പ്പുണ്ടായെന്നാണ് ഉയരുന്ന ആരോപണം.സി പി എം ജില്ലാ സെക്രട്ടറിയെ ഇ ഡി അറസ്റ്റു ചെയ്യുകയാണെങ്കില്‍ ഡീല്‍ ആരോപണത്തില്‍ നിന്നും ബി ജെ പിക്ക് കൈകഴുകാനാവും.ഒരു സമുന്നതനായ നേതാവിനെതിരെ നടപടിയുണ്ടായെന്നും ഇഡി ഒരു സ്വതന്ത്ര ഏജന്സിയാണെന്നുമുള്ള ബി ജെ പി നേതാക്കളുടെ വാദത്തിന് അതു കരുത്തേകും.കള്ളപ്പണം വെളുപ്പിച്ചു,സി പി എമ്മിന് കണക്കില്‍ പെടാത്ത അക്കൗണ്ടുകള്‍ ഉണ്ടാക്കി തുടങ്ങിയ ആരോപണങ്ങളിലാണ് ഇ ഡി ചോദ്യം ചെയ്യല്‍ തുടരുന്നത്. ഇംകം ടാക്സ് കണ്ടെത്തിയ അഞ്ച്കോടിയുടെ കണക്കും എം എം വര്‍ഗീസ് ഇ ഡിക്കു നല്‍കേണ്ടിവരും.
ഐ ടി റിട്ടേണ്‍ സമര്‍പ്പിച്ചപ്പോള്‍ സി പി എം ജില്ലാ കമ്മിറ്റിയുടെ പേരിലുള്ള ഒരു അക്കൗണ്ട് വിവരം മറച്ചുവച്ചത് എന്തിനെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കിയിട്ടില്ല.അഞ്ച് കോടി രൂപയാണ് ഈ അക്കൗണ്ടില്‍ ഉണ്ടായിരുന്നത്.കരുവന്നൂര്‍ ബാങ്കില്‍ അഞ്ചോളം അക്കൗണ്ടുകള്‍ പാര്‍ട്ടിക്കുണ്ടായിരുന്നു.ഇതൊന്നും ഐ ടി ഡിപ്പാര്‍ട്ടുമെന്റിന് കൊടുത്ത രേഖകളില്‍ ഉണ്ടായിരുന്നില്ലെന്നാണ് ഇ ഡിയുടെ കണ്ടെത്തല്‍.കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്ന കോടികളുടെ തട്ടിപ്പില്‍ പാര്‍ട്ടിയുടെ പങ്കെന്താണെന്നാണ് ഇ ഡി എം എം വര്‍ഗീസില്‍ നിന്നും ചോദിച്ചറിയാന്‍ ശ്രമിക്കുന്നത്.പാര്‍ട്ടിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു സമിതിയാണ് ലോണുകള്‍ പാസാക്കിയിരുന്നത്.ഈ ലോണുകളില്‍ നടത്തിയ തട്ടിപ്പുകള്‍ പാര്‍ട്ടിയുടെ അറിവോടെയാണോ?ഇത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കണ്ടെത്തുകയാണ് ഇഡി.
സി പി എം നേതാക്കളായ എം കെ കണ്ണന്, പി കെ ബിജു, മുന്‍ മന്ത്രി എ സി മൊയ്തീന് എന്നിവരെയും തുടര്‍ ദിവസങ്ങളില്ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് ഇ ഡി.കരുവന്നൂര്‍ കേസില്‍ പണം നഷ്ടപ്പെട്ട നിക്ഷേപകര്‍ക്ക് പണം എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന പ്രധാനമന്ത്രിയുടെ ഉറപ്പ് പാലിക്കാനുള്ള ബാധ്യത ഇ ഡിയുടെ മുകളില്‍ വന്നതോടെ നടപടികള്‍ വേഗത്തിലാക്കാനുള്ള ശ്രമമായിരിക്കും ഇനിയുണ്ടാവുക.