ട്വന്റി20 ലോകകപ്പിൽ വിജയികളായ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് നാട്ടിൽ ആവേശോജ്വലമായ സ്വീകരണം. ഇന്ത്യൻ ടീമിനെ സ്വീകരിക്കാൻ നൂറു കണക്കിന് ആരാധകർ ഡൽഹി വിമാനത്താവളത്തിനു മുന്നിൽ തടിച്ചുകൂടി. എഐസി 24 ഡബ്യുസി (എയർ ഇന്ത്യ ചാംപ്യൻസ് 24 വേൾഡ്കപ്പ്) എന്നാണ് ചാർട്ടേട് വിമാനത്തിലാണ് ലോക ചാംപ്യൻമാർ എത്തിയത്. ടെർമിനൽ മൂന്നിലേക്കാണ് ടീം എത്തുന്നത്. ‘‘ ഈ പ്രത്യേക നിമിഷം നിങ്ങളോടൊത്ത് ആസ്വദിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. വൈകുന്നേരം 5:00 മണി മുതൽ മറൈൻ ഡ്രൈവിലും വാങ്കഡെയിലും ഒരു വിജയ പരേഡിലൂടെ ഈ വിജയം ആഘോഷിക്കാം’’– രോഹിത് ശർമ എക്സിൽ കുറിച്ചു.
ടീമംഗങ്ങൾക്ക് രാവിലെ 11 ന് പ്രധാനമന്ത്രിയുടെ വസതിയിൽ സ്വീകരണം നൽകും. ഇതിനു ശേഷം വൈകിട്ടോടെ ടീം മുംബൈയിൽ എത്തും. വൈകിട്ട് 5 ന് മുംബൈയിലെ നരിമാൻ പോയിന്റിൽ നിന്നു വാങ്കഡെ സ്റ്റേഡിയം വരെ തുറന്ന ബസിൽ ടീം ലോകകപ്പ് ട്രോഫിയുമായി പര്യടനം നടത്തും. പിന്നാലെ രാത്രി 7ന് സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ വച്ച് ടീമംഗങ്ങൾക്കുള്ള സമ്മാനത്തുക കൈമാറുമെന്നു ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചു.
ബാർബഡോസിലെ കെൻസിങ്ടൺ ഓവലിൽ, ദക്ഷിണാഫ്രിക്കയെ 7 റൺസിനു തോൽപിച്ചാണ് ഇന്ത്യ ജേതാക്കളായത്. അവസാന ഓവറിൽ ഡേവിഡ് മില്ലറെ പുറത്താക്കാൻ സൂര്യകുമാർ യാദവ് എടുത്ത ഉജ്വല ക്യാച്ചും ഇന്ത്യൻ വിജയത്തിൽ നിർണായകമായി.