ബിജെപിയുമായി അടുക്കാനുള്ള ശ്രമം മാത്രമാണോ മുതിര്‍ന്ന സിപിഎം നേതാവും എല്‍ഡിഎഫ് കണ്‍വീനറുമായ ഇപി ജയരാജന് നടത്തിയത് ? അല്ലെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. പിണറായി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കമാണ് ജയരാജന് നടത്തിയതെന്നാണ് ലഭ്യമാകുന്ന വിവരങ്ങള്‍.
പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും പുറത്താക്കാനായി ഇപി ജയരാജന് ബിജെപി ദേശീയ നേതാക്കളുടെ സഹായം തേടിയതായാണ് വിവരം. സിപിഎമ്മില്‍ മുതിര്‍ന്ന നേതാവായ ഇപിയെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കം ദല്ലാള്‍ നന്ദകുമാര്‍ നടത്തിയെന്നും ആരോപണം ഉയരുന്നുണ്ട്.
30 എംഎല് എമാര്‍ കൂടെയുണ്ടെന്നായിരുന്നു ഇപിയുടെ അവകാശവാദം. എന്നാല്‍ അവര്‍ ആരൊക്കെയാണെന്നുള്ള വിശദവിവരം ജയരാജന് വ്യക്തമാക്കിയിട്ടില്ല. പിണറായിക്കെതിരെ നീക്കം നടത്തിയ എംഎല്‍എമാര്‍ ആരാണെന്നും അങ്ങിനെ ആരെങ്കിലുമായി ജയരാജന് ചര്‍ച്ച നടത്തിയിരുന്നോ എന്നുള്ള ചര്‍ച്ചകള്‍ സിപിഎമ്മിലും കലാപമുണ്ടാക്കും.
ഘടകകക്ഷികളില്‍ ജോസ് കെ മാണിയും ഇപിക്കൊപ്പം ചേരാന്‍ തീരുമാനിച്ചിരുന്നതായാണ് ലഭിക്കുന്ന വിവരം. എന്നാല്‍ നീക്കം ഫലം കാണാതായതിനു പിന്നില്‍ ബിജെപിയിലെ തന്നെ ചിലര്‍ വിവരം ചോര്‍ത്തിയതാണെന്നുള്ള ആരോപണവും ഉയരുന്നുണ്ട്. ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിയ നീക്കം പൊളിക്കാന്‍ എതിര് ചേരിയില്‍പ്പെട്ടവര്‍ ഇടപെട്ടുവെന്നാണ് ആരോപണം.
ബിജെപി നേതാക്കളെ കണ്ടില്ലെന്നും ശോഭാ സുരേന്ദ്രന്റെ ആരോപണം ശരിയല്ലെന്നും നേരത്തെ പറഞ്ഞ ഇപി ജയരാജന് പ്രകാശ് ജാവഡേക്കറെ കണ്ടില്ലെന്ന സ്വന്തം പ്രസ്താവന തിരുത്തി. തൃശ്ശൂര്‍ രാമനിലയത്തില്‍ വച്ച് കണ്ടിരുന്നുവെന്നും ചര്‍ച്ചകള്‍ ഏറെ മുന്നോട്ടു പോയെന്നുമുള്ള ശോഭാ സുരേന്ദ്രന്റെ വെളിപ്പെടുത്തല്‍ ശരിയല്ലെന്നാണ് ഇപിയുടെ ഇപ്പോഴത്തെ വാദം.
എന്നാല്‍ എല്ലാ കൂടിക്കാഴ്ചയുടെയും വീഡിയോ തെളിവായി അടുത്ത ദിവസം പുറത്തുവരുമെന്നാണ് ചില കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം. ബിജെപി ദേശീയ നേതൃത്വവുമായി ചര്‍ച്ച നടന്നെന്ന ആരോപണത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കൂടുതല്‍ പ്രതിരോധത്തിലാവും.
ഇതോടെ സിപിഎമ്മും പെട്ടതോടെ സിപിഎം പ്രതിരോധത്തിലായി. തനിക്കറിയില്ലെന്നും ആരോപണം അടിസ്ഥാന രഹിതമാണെന്നുള്ള സ്ഥിരം പരിപാടിയൊക്കെ ഫലിക്കാതെ പോവുകയാണ്. പോളിംഗ് ദിനത്തില്‍ ഇപി ജയരാജന് വിവാദം കത്തിപ്പടര്‍ന്നതും, മുഖ്യമന്ത്രി ജയരാജനെ തള്ളിയതും സിപിഎമ്മിനുതിരിച്ചടിയാവും.
സിപിഎമ്മിന്റെ പ്രമുഖനേതാവും എല്‍ഡിഎഫ് കണ്‍വീനറുമായ ഇപി ജയരാജന് എന്തിനാണ് പ്രകാശ് ജാവഡേക്കറെ കണ്ടതെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമല്ല നല്‍കിയത്. എന്തൊക്കെ സംസാരിച്ചുവെന്നോ, ബിജെപിയിലേക്ക് ചേക്കാറാനുള്ള നീക്കം നടത്തിയോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമല്ല നല്‍കിയത്.
ആസൂത്രിതമായൊരു പ്രചാരണമാണെന്നാണ് നേതാക്കള്‍ പറയുന്നത്. എന്നാല്‍ സത്യമറിയാവുന്ന നേതാക്കളെല്ലാം മൗനത്തിലും. വിവാദ ദല്ലാള്‍ ടിജി നന്ദകുമാറുമായുള്ള അടുത്ത ബന്ധത്തെക്കുറിച്ച് നേരത്തെത്തന്നെ സിപിഎം നേതാക്കള്‍ക്ക് അറിയാവുന്നതാണ്.
പ്രകാശ് ജാവഡേക്കറുമായി തന്റെ മകന്റെ ഫ്ളാറ്റിലേക്ക് വന്നെന്നാണ് ഇപ്പോള്‍ ഇപി വ്യക്തമാക്കുന്നത്. അതുവഴി കടന്നു പോകുമ്പോള്‍ ആക്കുളത്തെ ഫ്ളാറ്റില്‍ ഞാനുണ്ടെന്ന് അറിഞ്ഞ് പരിചയപ്പെടാനായി വരികയായിരുന്നു എന്നാണ്. ഒരാള്‍ കയറിവരുമ്പോള്‍ ഇറങ്ങിപ്പോകാനായി പറയാന്‍ കഴിയില്ലല്ലോ എന്നും നിഷ്ക്കളങ്കമായാണ് ഇപി ചോദ്യം ഉന്നയിക്കുന്നത്. ഞാന്‍ ആളെക്കണ്ടപ്പോള്‍ ഞെട്ടിപ്പോയിരുന്നു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ പത്മജാ വേണുഗോപാലിനെ ഇടത് പാളയത്തിലെത്തിക്കാന്‍ ഇപിയുടെ ആവശ്യപ്രകാരം ഇടപെട്ടുവെന്നും വെളിപ്പെടുത്തിയിരുന്നു. കോണ്‍ഗ്രസ് നേതാവ് ദീപ്തിമേരി വര്‍ഗീസ് ഇടത് സ്ഥാനാര്‍ത്ഥിയാക്കണമെന്നാവശ്യപ്പെട്ട് തന്നെ സമീപിച്ചെന്നും ആരോപണം ഉയര്‍ന്നിരുന്നു.
ദല്ലാള്‍ നന്ദകുമാറിനെ തനിക്കറിയില്ലെന്നായിരുന്നു ഇപിയുടെ ആരോപണം. എന്നാല്‍ കഴിഞ്ഞ മാര്‍ച്ചില്‍ എംവി ഗോവിന്ദന് കേരള രക്ഷായാത്ര സംഘടിപ്പിച്ചപ്പോള്‍ യാത്രയുമായി സഹകരിക്കാതെ നന്ദകുമാറിന്റെ അമ്മയുടെ ജന്മദിനാഘോഷത്തില് പങ്കെടുക്കാന്‍ നന്ദകുമാറിന്റെ വീട്ടിലെത്തിയിരുന്നു വെന്നതിന് തെളിവുകള്‍ ഉണ്ട്.
ദല്ലാള്‍ നന്ദകുമാറിനൊപ്പം ഇപി ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണത്തില്‍ ആദ്യഘട്ടത്തില്‍ സിപിഎം നേതാക്കള്‍ തികഞ്ഞ മൗനത്തിലായിരുന്നു. ജയരാജനുമായി ബന്ധപ്പെട്ട ബിജെപി വിവാദത്തില്‍ നേരത്തെ അറിവുണ്ടായിരുന്നുവെന്നു വേണം കരുതാന്‍. ബിജെപി ഇപി വിഷയത്തില്‍ പ്രതികരിക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നു.
തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ചില നേതാക്കള്‍ ബിജെപിയുമായി സഹകരിക്കുന്ന രാഷ്ട്രീയ മാറ്റം കേരളത്തില്‍ ഉണ്ടാവുമെന്നായിരുന്നു ചില ബിജെപി നേതാക്കള്‍ രഹസ്യമായി സൂചിപ്പിച്ചിരുന്നത്. ഇതോടെയാണ് പോളിംഗ് ദിവസം പിണറായി വിജയന് ഇപിയെ തള്ളിപ്പറയേണ്ട സാഹചര്യം ഉണ്ടായതെന്നാണ് ലഭ്യമാവുന്ന വിവരം.
മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട ലാവ്ലിന് കേസ്, സ്വര്‍ണക്കടത്ത് കേസ് തുടങ്ങിയവയില്‍ ഉടന്‍ തീരുമാനമെടുക്കാമെന്ന് ബിജെപി നേതാക്കള്‍ ഉറപ്പുനല്‍കിയെന്നും തൃശ്ശൂര്‍ പിടിക്കാന്‍ ബിജെപിക്ക് സഹായം ചെയ്യണമെന്നും പ്രകാശ് ജാവഡേക്കര്‍ ആവശ്യപ്പെട്ടുവെന്നാണ് ദല്ലാള്‍ പറയുന്നത്.