വടകര: അശ്ലീല വീഡിയോയുമായി ബന്ധപ്പെട്ട വിവാദത്തില്‍ മാപ്പ് പറയേണ്ടത് താനാണോ എന്ന് വടകര എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി കെ.കെ. ശൈലജ. ഇല്ലാത്ത വീഡിയോയുടെ പേരില്‍ വ്യക്തിപരമായി ആക്ഷേപിച്ചു എന്നുകാണിച്ച് വടകരയിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ അയച്ച വക്കീല്‍ നോട്ടീസിനെപ്പറ്റി പ്രതികരിക്കുകയായിരുന്നു ശൈലജ. ഇതെല്ലാം ബൂത്തിലെത്തുന്ന ജനങ്ങള്‍ വിലയിരുത്തുമെന്നും അവര്‍ പറഞ്ഞു.
അങ്ങനെയൊരു വക്കീല്‍ നോട്ടീസ് കിട്ടിയിട്ടില്ല. എന്നെ ഇത്രയേറെ ഉപദ്രവിച്ചിട്ട് ഞാനാണോ മാപ്പ് പറയേണ്ടത്? പലതും കല്‍പ്പിച്ച് കൂട്ടി ചെയ്തിട്ട് ഞാന്‍ മാപ്പ് പറയണോ? ഇതെല്ലാം ബൂത്തില്‍ എത്തുന്ന ജനങ്ങള്‍ വിലയിരുത്തും. സൈബര്‍ പ്രചാരണങ്ങള്‍ അവഗണിക്കാനാണ് ആദ്യം തീരുമാനിച്ചത്. എന്നാല്‍ മാതൃഭൂമി ഓണ്‍ലൈന്‍ പേജും കാന്തപുരത്തിന്റെ ലെറ്റര്‍ഹെഡും വരെ കൃത്രിമമായി ഉണ്ടാക്കി. പലരീതിയിലും തെറ്റായ പ്രചാരണങ്ങള്‍ ഉണ്ടായതോടെയാണ് പ്രതികരിക്കാന്‍ തീരുമാനിച്ചതെന്ന് കെ.കെ. ശൈലജ പറഞ്ഞു.
ഒന്നിനുപുറകെ ഒന്നായി തെറ്റായ പ്രചാരണങ്ങള്‍ പടച്ചുവിട്ടു. ചിത്രം മോശമായി ഉപയോഗിച്ചു. ഒരു വിഭാഗം ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചപ്പോളാണ് പരാതി നല്‍കിയതെന്നും കെ.കെ. ശൈലജ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് അടുക്കുമ്പോഴേക്കും മൂന്ന് റൗണ്ടായി ഓരോ മണ്ഡലത്തിലും പോയി ആളുകളെ നേരില്‍ കണ്ടതായും അവര്‍ പറഞ്ഞു. ഇതുവരെ ഇടതുമായി സഹകരിക്കാത്തവരും ഇപ്പോള്‍ സഹകരിക്കുന്നുണ്ട്. പ്രചാരണം നല്ല രീതിയില്‍ നടക്കുന്നുണ്ട്, കെ.കെ. ശൈലജ പറഞ്ഞു.
അതേസമയം, അശ്ലീല വീഡിയോയുമായി ബന്ധപ്പെട്ട വിവാദം സി.പി.എം. അജണ്ടയുടെ ഭാഗമെന്ന് വടകരയിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ ആരോപിച്ചു. ഇല്ലാത്ത വീഡിയോയുടെ പേരില്‍ തനിക്കും ഉമ്മയില്ലേ എന്നതരത്തില്‍ വരെ ആക്ഷേപങ്ങള്‍ ഉണ്ടായ സാഹചര്യത്തിലാണ് ശൈലജയ്ക്കെതിരെ നോട്ടീസ് അയച്ചതെന്നും അവര്‍ മാപ്പുപറഞ്ഞേ മതിയാവൂ എന്നുമാണ് ഷാഫി പറമ്പില്‍ വടകരയില്‍ മാധ്യമങ്ങളോട് പറഞ്ഞത്.
തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടി സി.പി.എം. നടപ്പാക്കിയ അജണ്ടയായിരുന്നു അത്. ആ വീഡിയോ സത്യമല്ല എന്നത് വടകരയിലെ ജനങ്ങള്‍ക്കും കേരളത്തിലെ ജനങ്ങള്‍ക്കും മനസിലായിട്ടുണ്ട്. സി.പി.എം. പ്രവര്‍ത്തകര്‍ക്ക് പോലും അത് മനസിലായിട്ടുണ്ട്. ആരെയും വ്യക്തിപരമായി കുറ്റംപറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഷാഫി പറഞ്ഞു.
അശ്ലീല വീഡിയോ ഇല്ലെന്ന് വടകരയിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി കെ.കെ. ശൈലജ നിലപാട് മാറ്റിയതാണ്. അടുത്തദിവസം രാവിലെ പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന് പത്രസമ്മേളനം വിളിച്ച് തറപ്പിച്ച് പറയുന്നു അങ്ങനെയൊരു വീഡിയോ ഉണ്ടെന്ന്. അതിനര്‍ത്ഥം, ഇടതുമുന്നണി സ്ഥാനാര്‍ഥിയെക്കൊണ്ട് അങ്ങനെ പറയിപ്പിച്ചത് പാര്‍ട്ടിയാണ് എന്നല്ലേ?, ഷാഫി ചോദിച്ചു.
നടപടി എടുക്കുമ്പോള്‍ എല്ലാവര്‍ക്കുമെതിരെ എടുക്കണം. ഞാന്‍ അയച്ച നോട്ടീസിന് ഇതുവരെയും മറുപടി ലഭിച്ചിട്ടില്ല. ഇല്ലാത്ത ഒരു വീഡിയോയുടെ പുറത്ത് എനിക്ക് ഉമ്മയില്ലേ എന്നൊക്കെ ചോദിക്കുമ്പോ, തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വേണ്ടി പറയേണ്ട കാര്യങ്ങളാണോ ഇതൊക്കെ. അതുകൊണ്ടാണ് നോട്ടീസ് അയച്ചത്. അതില്‍ കെ.കെ. ശൈലജ മാപ്പ് പറഞ്ഞേ പറ്റൂ എന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു.