വാഷിങ്ടണ്‍: പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തന്റെ എതിരാളിയായ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനു നേരെയുണ്ടായ വധശ്രമത്തില്‍ പ്രതികരണവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. സഹപ്രവര്‍ത്തകര്‍ ശത്രുക്കളല്ല, അഭിപ്രായവ്യത്യാസങ്ങള്‍ക്കിടയിലും ഒരുമിച്ച് നില്‍ക്കേണ്ട സുഹൃത്തുക്കളാണെന്നും ബൈഡന് വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസ് മീറ്റിങ്ങില്‍ പറഞ്ഞു.
രാഷ്ട്രീയമായ എതിര്‍പ്പുകള്‍ മാറ്റിവെക്കേണ്ട സമയമാണിതെന്ന് ബൈഡന് ഓര്‍മിപ്പിച്ചു. വിയോജിക്കുമ്പോഴും നമ്മള് ശത്രുക്കളല്ലെന്നും നമ്മള് അയല്‍ക്കാരാണെന്നും സുഹൃത്തുക്കളാണെന്നും സഹപ്രവര്‍ത്തകരാണെന്നും എല്ലാറ്റിനും ഉപരിയായി നാമെല്ലാം അമേരിക്കക്കാരാണെന്നും ഓര്‍മിക്കേണ്ടതുണ്ട്. നാം ഒരുമിച്ച് നില്‍ക്കേണ്ടത് അത്യാവശ്യമാണ്, ബൈഡന് പറഞ്ഞു.
പെന്‍സില്‍വേനിയയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് ഡൊണാള്‍ഡ് ട്രംപിനുനേരെ വെടിവെപ്പുണ്ടായത്. നിരവധി തവണ വെടിയുതിര്‍ത്തെങ്കിലും ഒരു വെടിയുണ്ട മാത്രമാണ് ട്രംപിന്റെ വലത് ചെവിയുടെ മുകള്‍ഭാഗത്ത് കൊണ്ടത്. നിമിഷങ്ങള്‍ക്കകം സുരക്ഷാ ഉദ്യോഗസ്ഥര്‍ തോമസ് മാത്യു ക്രൂക്ക് എന്ന ഇരുപതുകാരനായ അക്രമിയെ വെടിവെച്ചുവീഴ്ത്തി. സംഭവത്തിന് പിന്നാലെ ചികിത്സതേടിയ ട്രംപ് വൈകാതെ ആശുപത്രി വിട്ടു.തിന്മ വിജയിക്കാന്‍ അമേരിക്കക്കാര്‍ അനുവദിക്കില്ലെന്ന് ആക്രമണത്തിനു പിന്നാലെ ട്രംപ് സന്ദേശത്തില്‍ പറഞ്ഞിരുന്നു. അചിന്ത്യമായ കാര്യം സംഭവിക്കുന്നതില്‍നിന്ന് ദൈവമാണ് തന്നെ സംരക്ഷിച്ചതെന്നും ട്രംപ് സാമൂഹ്യമാധ്യമത്തിലൂടെ പ്രതികരിച്ചു.