സുല്‍ത്താന്‍ബത്തേരി: വോട്ടര്‍മാരെ സ്വാധീനിക്കാനായി വിതരണം ചെയ്യാനെന്ന് സംശയിക്കുന്ന രണ്ടായിരത്തോളം കിറ്റുകള്‍ ബത്തേരിയില്‍ പോലീസ് പിടികൂടി. ചരക്കുവാഹനത്തില്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്ന ഭക്ഷ്യസാധനങ്ങളടങ്ങിയ കിറ്റുകളാണ് പോലീസ് പിടികൂടിയത്.
ബുധനാഴ്ച രാത്രിയാണ് സംഭവം. ബത്തേരിയിലെ ഒരു കടയില്‍നിന്ന് കിറ്റുമായി പോകുന്നതിനിടെ ബത്തേരിയിലെ മൊത്തവിതരണസ്ഥാപനത്തിന് മുന്നില്‍വെച്ചാണ് വാഹനം പോലീസ് പിടികൂടിയത്.
വോട്ടര്‍മാരെ സ്വാധീനിക്കാനായി കിറ്റുകള്‍ കൊണ്ടുപോകുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് വാഹനം പരിശോധിച്ചത്. ചുള്ളിയോട് ഭാഗത്തേക്കാണ് കിറ്റുകള്‍ കൊണ്ടുപോകുന്നതെന്നാണ് ലഭിച്ച വിവരം.
ഒരാള്‍ കിറ്റ് ബുക്കുചെയ്യുകയായിരുന്നെന്നും ഫോണിലൂടെ ആവശ്യപ്പെട്ടതനുസരിച്ചാണ് കിറ്റ് വാഹനത്തില്‍ കയറ്റിയതെന്നുമാണ് ഡ്രൈവര്‍ പറഞ്ഞതെന്ന് പോലീസ് അറിയിച്ചു. സുല്‍ത്താന്‍ ബത്തേരി ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലാണ് കിറ്റുകള്‍ പിടികൂടിയത്.
കിറ്റുകള്‍ തിരഞ്ഞെടുപ്പ് ഫ്ലയിങ് സ്ക്വാഡിന് കൈമാറി. വ്യാഴാഴ്ച കുടുതല്‍വിവരങ്ങള്‍ ശേഖരിച്ച് തുടര്‍നടപടി സ്വീകരിക്കാന്‍ കളക്ടര്‍ രേണു രാജ് നിര്‍ദേശം നല്കി. വയനാട്ടില്‍ വ്യാപകമായ രീതിയില്‍ കിറ്റ് വിതരണത്തിന് ശ്രമം നടത്തിയിട്ടുണ്ടെന്നാണ് സൂചന.
കല്പറ്റയിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍നിന്ന് രണ്ടുവാഹനങ്ങളിലായി കിറ്റ് കൊണ്ടുപോയതായി ഫ്ലയിങ് സ്ക്വാഡ് സി.സി.ടി.വി. പരിശോധിച്ച് കണ്ടെത്തി. ഭക്ഷണസാധനങ്ങള്‍ക്ക് പുറമേ അടയ്ക്ക, വെറ്റില ഉള്‍പ്പെടെയുള്ളവയും കിറ്റിലുണ്ട്.
ഇവ ആദിവാസി കോളനിയില്‍ വിതരണം ചെയ്യാനുള്ളതാണെന്നാണ് സൂചന. അഞ്ചാംമൈലിലെ ഒരു കടയില്‍ സമാനരീതിയില്‍ വിതരണം ചെയ്യാനായി പാക്ക് ചെയ്തുവെച്ച അവശ്യസാധനങ്ങളടങ്ങിയ കിറ്റ് വിതരണത്തിന് കൊണ്ടുപോകുന്നതിന് മുന്‍പ് യു.ഡി.എഫ്. പ്രവര്‍ത്തകരെത്തി തടഞ്ഞു.
കിറ്റിനു പിന്നില്‍ ബി.ജെ.പി.യാണെന്ന് ടി. സിദ്ദിഖ് എം.എല്‍.എ. ആരോപിച്ചു. ബി.ജെ.പി.ക്കുവേണ്ടി പഞ്ചായത്ത് ഇലക്ഷനില്‍ മത്സരിച്ചവരും ഭാരവാഹികളുമാണ് ഇതിനുപിന്നിലെന്ന് വ്യക്തമായിട്ടുണ്ട്. നേരേ ചൊവ്വേ മത്സരിച്ചാല്‍ വോട്ടുകിട്ടില്ലെന്ന് മനസ്സിലാക്കി കിറ്റ് നല്കി തോല്‍വി കുറയ്ക്കാനാണ് അവരുടെ ശ്രമം. കിറ്റ് മാത്രമല്ല കോളനികളില്‍ മറ്റുപലതും ഇവര്‍ എത്തിച്ചിട്ടുണ്ടെന്നും എം.എല്‍.എ. ആരോപിച്ചു.