വടകര: ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെ വര്‍ഗീയസന്ദേശം പ്രചരിപ്പിച്ച സംഭവത്തിന് പിന്നില്‍ യു.ഡി.എഫ്. പ്രവര്‍ത്തകര്‍ തന്നെയെന്ന് വിശ്വസിക്കുന്നതായി വടകരയിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി കെ.കെ. ശൈലജ.
വടകരയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. കാഫിറായ കെ.കെ. ശൈലജയ്ക്ക് വോട്ട് ചെയ്യരുത് എന്ന ഓഡിയോ സന്ദേശവും സാമൂഹ്യമാധ്യമ പോസ്റ്റുകളുമായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നത്.
‘വര്‍ഗീയ സന്ദേശങ്ങള്‍ക്കുപിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അത്തരം പോസ്റ്റുകള്‍ വന്ന പേജുകളുടെ സ്ക്രീന്‍ഷോട്ടുകള്‍ കൈയിലുണ്ട്. വിശദമായ പരിശോധനയില്‍ അവ യു.ഡി.എഫ്. പ്രവര്‍ത്തകരുടെ പേജുകളാണെന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്.
ആ സന്ദേശങ്ങള്‍ വ്യാജമാണെന്നാണ് ഷാഫി പത്രസമ്മേളനത്തില്‍ പറഞ്ഞത്. അങ്ങനെയെങ്കില്‍ ഷാഫി തന്നെ അത് തെളിയിക്കട്ടെ’ കെ.കെ. ശൈലജ പറഞ്ഞു. ‘എനിക്ക് കിട്ടിയ വിവരങ്ങള്‍ വെച്ച് ആ സന്ദേശം വ്യാജമല്ല എന്നാണ് മനസിലാകുന്നത്.
ഇതിനുമുമ്പും സമാനമായ അനുഭവങ്ങള്‍ എനിക്കുണ്ടായിട്ടുണ്ടല്ലോ. മാതൃഭൂമി ഓണ്‍ലൈനിന്റെ ഔദ്യോഗിക പേജുവരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വ്യാജമായി ഉണ്ടാക്കിയില്ലേ. അതിന്റെയെല്ലാം പിന്തുടര്ച്ചയായിട്ടാണ് ഈ വര്ഗീയസന്ദേശവും വന്നിട്ടുള്ളത്.
അവരെന്തോ പ്രതീക്ഷിച്ചിട്ടുണ്ട എന്ന് തോന്നുന്നു. വോട്ടെടുപ്പിന്റെ തലേദിവസം തന്നെ ഇത്തരം ഒരു സന്ദേശം പ്രചരിപ്പിച്ചതിലൂടെ അങ്ങനെയാണ് മനസിലാകുന്നത്’ – ശൈലജ കൂട്ടിച്ചേര്‍ത്തു. ഇത്രയും തരംതാണ ഒരു സന്ദേശം പ്രചരിപ്പിച്ചു എന്നത് ദൗര്‍ഭാഗ്യകരമാണ്.
അത് വ്യാജമാണെന്ന് തെളിയിച്ചാല്‍ യു.ഡി.എഫിന് തന്നെയാണ് നല്ലത്. സൈബര്‍ കേസ് ആയതുകൊണ്ടുതന്നെ അന്വേഷിച്ച് പ്രതിയെ കണ്ടെത്താന്‍ സമയമെടുക്കും. സംഭവം വ്യാജമാണെന്ന് ബോധ്യപ്പെട്ടിട്ടും ഞാന്‍ ആരോപണം തള്ളിക്കളഞ്ഞില്ല എന്നാണ് ഷാഫി പത്രസമ്മേളനത്തില്‍ പറഞ്ഞത്.
അത് തെറ്റാണ്, കാരണം സംഭവം വ്യാജമാണെന്ന് എനിക്ക് ബോധ്യപ്പെട്ടിട്ടില്ല – ശൈലജ പറഞ്ഞു. അതേസമയം, സംഭവത്തെക്കുറിച്ച് അറിയില്ലെന്ന് വടകരയിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
വടകരയിലെ എതിര്‍സ്ഥാനാര്‍ഥിയുടെ തരംതാണ പ്രസ്താവനകള്‍ എന്നെ അദ്ഭുതപ്പെടുത്തി. മനഃപൂര്‍വം എന്റെമേല്‍ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. കാഫറിന് വോട്ട് ചെയ്യരുത് എന്ന തരത്തില്‍ പ്രചരിച്ച പോസ്റ്റ് വ്യാജമാണ്. എനിക്ക് മതത്തിന്റെ പ്ലസ് വേണ്ട. വര്‍ഗീയവാദി എന്ന് വിളിക്കപ്പെടുന്നത് അത്ര രസകരമായ അനുഭവമല്ല – ഷാഫി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.