ഡല്‍ഹി:ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025ലെ മെഗാതാരലേലത്തിന് മുമ്പായി റിഷഭ് പന്ത് ഡല്‍ഹി ക്യാപിറ്റല്‍സ് വിട്ടേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത്.വാഹനാപകടത്തിന് ശേഷം ക്രിക്കറ്റിലേക്കുള്ള പന്തിന്റെ തിരിച്ചുവരവ് കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ഏറെ ചര്‍ച്ചയായിരുന്നെങ്കിലും താരത്തിന്റെ ബാറ്റിംഗ് പ്രകടനത്തില്‍ ടീം ഉടമകള്‍ സംതൃപ്തരല്ലെന്നാണ് സൂചനകള്‍.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ കഴിഞ്ഞ സീസണില്‍ 13 മത്സരങ്ങള്‍ കളിച്ച റിഷഭ് പന്തിന് 448 റണ്‍സാണ് നേടാനായത്.മൂന്ന് മത്സരങ്ങളില്‍ അര്‍ദ്ധ സെഞ്ച്വറി നേടി.പോയിന്റ് ടേബിളില്‍ ആറാം സ്ഥാനത്തായി ഡല്‍ഹി ക്യാപിറ്റല്‍സ് ഫിനിഷ് ചെയ്തു.2021ലാണ് റിഷഭ് പന്ത് ആദ്യമായി ഡല്‍ഹിയുടെ നായകസ്ഥാനത്ത് എത്തുന്നത്. ആ സീസണില്‍ ടീം ഫൈനല്‍ കളിച്ചതാണ് താരത്തിന്റെ നായകമികവില്‍ എടുത്തുപറയാനുള്ളത്.
അഞ്ച് താരങ്ങളെ നിലനിര്‍ത്താനാണ് ഡല്‍ഹി മാനേജ്മെന്റ് ശ്രമിക്കുന്നത്.അതില്‍ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ കുല്‍ദീപ് യാദവിനും അക്സര്‍ പട്ടേലിനുമൊപ്പമാണ് റിഷഭ് പന്തിന്റെ സ്ഥാനം. എന്നാല്‍ മൂന്ന് ഇന്ത്യന്‍ താരങ്ങളെ നിലനിര്‍ത്താന്‍ കഴിയില്ലെങ്കില്‍ ഡല്‍ഹി മാനേജ്മെന്റിന് തിരിച്ചടിയായേക്കും.റിഷഭ് പന്ത് ചെന്നൈയിലേക്കെങ്കില് ഒരുപക്ഷേ റുതുരാജ് ഗെയ്ക്ക്വാദിന് പകരം ടീം നായക സ്ഥാനവും ലഭിച്ചേക്കും.