പെരിങ്ങത്തൂര്‍ (കണ്ണൂര്‍): അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ട്വന്റി 20 ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള സ്വിസ് ദേശീയടീമിലേക്ക് തലശ്ശേരി സ്വദേശികളായ സഹോദരങ്ങളും. തലശ്ശേരി നിട്ടൂരിലെ അര്ജുന് വിനോദും അശ്വിന് വിനോദുമാണ് ടീമിലിടംനേടിയത്. ജര്‍മനിയില്‍ ജൂലായ് ഏഴുമുതല്‍ 14 വരെയാണ് ടൂര്‍ണമെന്റ്.
29-കാരനായ അര്ജുന് വിനോദ് ഓള്‍റൗണ്ടറാണ്. സ്വിറ്റ്സര്‍ലന്‍ഡിലെ കോസോണേ ക്രിക്കറ്റ് ക്ലബ്ബിന്റെ (സി.സി.സി.) ക്യാപ്റ്റനുമായിരുന്നു. യു.കെ. ലോഫ്ബറോ സര്‍വകലാശാലയില്‍നിന്ന് ഫിനാന്‍സ് ആന്‍ഡ് മാനേജ്മെന്റില്‍ മാസ്റ്റേഴ്സ് നേടിയ ഇദ്ദേഹം ജനീവയിലാണ് ജോലിചെയ്യുന്നത്. സ്വിസ് ദേശീയടീമിന്റെ അണ്ടര്‍ 15, അണ്ടര്‍ 17, അണ്ടര്‍ 19 ടീമുകളുടെ ക്യാപ്റ്റനുമായി. സ്വിസ് ദേശീയടീമിന്റെ ഓപ്പണിങ് ബൗളറായിരുന്ന സഹോദരന് അശ്വിന് വിനോദും ഓള്‍റൗണ്ടറാണ്. സാമ്പത്തികശാസ്ത്രത്തിലും ധനകാര്യത്തിലും ബിരുദാനന്തര ബിരുദം നേടിയ അശ്വിന് സ്വിറ്റ്സര്‍ലന്‍ഡിലെ നിര്‍ബന്ധിത സൈനികസേവന പദ്ധതിയുടെ ഭാഗമായി ജനീവയില്‍ ജോലിചെയ്യുന്നു.
അണ്ടര്‍-13, അണ്ടര്‍-15, അണ്ടര്‍ 17, അണ്ടര്‍-19 വിഭാഗത്തില്‍ സ്വിസ് ടീമിന്റെ ക്യാപ്റ്റനായി. 2021-ല്‍ മാള്‍ട്ടയിലും 2022-ല്‍ ലക്സംബര്‍ഗിലും സ്വിറ്റ്സര്‍ലന്‍ഡ് ദേശീയടീമിനെ പ്രതിനിധാനംചെയ്തു.
ജനീവയില്‍ ലോകാരോഗ്യസംഘടനയില്‍ ജോലിചെയ്യുന്ന തലശ്ശേരി നിട്ടൂരിലെ വിനോദ് ഉണിക്കടത്തിന്റെയും ജനീവയിലെ ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനിലെ രാജശ്രീ വിനോദിന്റെയും മക്കളാണിവര്‍.