രാജ്യത്ത് തിരഞ്ഞെടുപ്പ് മാമാങ്കം അവസാനിച്ചിരിക്കുന്നു.വിജയിച്ചവര്‍ ആഹ്ലാദത്തിലാണ്.പരാജയപ്പെട്ടവര്‍ പരസ്പരം പഴിച്ചും പരാജയകാരണങ്ങള്‍ തിരക്കിയും നല്ല തിരക്കിലുമാണ്.എന്നാല്‍ വോട്ടുനല്‍കി എല്ലാവരേയും വിജയിപ്പിച്ച വനിതകള്‍ കേരളത്തില്‍ വട്ടപൂജ്യമായതിന്റെ ചരിത്രമാണ് ഇവിടെ പരിശോധിക്കുന്നത്.
ഭക്ഷണമുണ്ടാക്കി എല്ലാവര്ക്കും കൊടുത്തതിന് ശേഷം ഒരു തരിപോലും പാത്രത്തില്‍ ശേഷിച്ചില്ലെങ്കിലും ഊണ് കഴിച്ചവരുടെ സംതൃപ്തിയാണല്ലോ എല്ലാ വീട്ടമ്മമാരുടേയും സംതൃപ്തി.കേരളത്തിലെ സ്ത്രീ പ്രാതിനിധ്യം അതുപോലൊരു കഥയാണ്.പാര്‍ലമെന്റിലേയ്ക്ക് അയക്കാന്‍ ഒരു വനിത പോലുമില്ലാതെ കേരളത്തിലെ എല്ലാ മുന്നണികളും ഒരുപോലെ മാതൃകകാട്ടി.
എല്ലാ കക്ഷികളും ചേര്‍ന്ന് കേരളത്തില്‍ ഒമ്പത് വനിതാ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചിരുന്നല്ലോ. എന്നാല്‍ സംസ്ഥാനത്തെ വോട്ടര്‍മാര്‍ക്കിടയില്‍ ചലനം സൃഷ്ടിക്കുന്നതില്‍ നമ്മുടെ വനിതകളെല്ലാം പരാജയപ്പെട്ടു.ഒമ്പതുപേരില്‍ പ്രമുഖയായിരുന്ന കെ കെ ശൈലജയ്ക്കുപോലും വിജയിക്കാനായില്ല.സി.പി.എം കേന്ദ്രകമ്മിറ്റി അംഗവും മട്ടന്നൂര്‍ എം.എല്‍.എയുമായ കെ.കെ ശൈലജ മുന്‍ ആരോഗ്യവകുപ്പു മന്ത്രികൂടിയായിരുന്നല്ലോ.
കോവിഡ് കാലത്ത് ടീച്ചറമ്മ എന്നൊക്കെയായിരുന്നു കെ കെ ശൈലജയെ വിളിച്ചിരുന്നത്. വടകരയില്‍ വന്‍ഭൂരിപക്ഷം നേടി വിജയിക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രവചനങ്ങള്‍ വന്നിരുന്നുവെങ്കിലും വോട്ടെണ്ണിയപ്പോള്‍ ടീച്ചറുടെ തോല്‍വി ചരിത്രമായി. കോണ്‍ഗ്രസിന്റെ യുവരക്തവും പാലക്കാട് എം എല്‍ എയുമായ ഷാഫി പറമ്പിലിനോട് ദയനീയമായി തോല്‍വി ഏറ്റുവാങ്ങുകയായിന്നു. ഇത് സിപിഎമ്മിനേറ്റ കനത്ത പ്രഹരമായിരുന്നു എന്നു പറയുമ്പോഴും തോറ്റത് പാര്‍ലമെന്റില്‍ എത്തേണ്ടിയിരുന്ന ഒരു വനിതയായിരുന്നു.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മട്ടന്നൂര്‍ നിയോജക മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമ്പോള്‍ കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രിയായി കെ കെ ശൈലജ വന്നേക്കുമെന്നുപോലും പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ചിട്ടും കേവലം മന്ത്രിസ്ഥാനത്തേക്കുപോലും പരിഗണിക്കപ്പെട്ടില്ല.
വയനാട്ടില്‍ സിറ്റിംഗ് എം പിയായ രാഹുല്‍ ഗാന്ധിയെ നേരിടാന്‍ സിപിഐ നിയോഗിച്ചത് രാജ്യത്തെ തന്നെ മുതിര്‍ന്ന വനിതാ നേതാവായ ആനി രാജയെയാണ് രംഗത്തിറക്കിയത്.രാഹുലിന്റെ വിജയം ഏറെക്കുറെ ഉറപ്പായെങ്കിലും അദ്ദേഹത്തിനും എന്‍ഡിഎ സ്ഥാനാര്‍ഥി കെ സുരേന്ദ്രനും വലിയ വെല്ലുവിളി ഉയര്‍ത്താന്‍ ഇടത് നേതാവിന് കഴിയുമെന്നായിരുന്നു ഇടത് മുന്നണിയുടെ വിലയിരുത്തല്‍. എന്നാല്‍ ആനി രാജ വോട്ടെണ്ണലിന്റെ രണ്ടാം ഘട്ടം കടന്നപ്പോള്‍ ചിത്രത്തില്‍ തന്നെ ഇല്ലാത്ത കാഴ്ച്ചയാണ് കണ്ടത്.3,64,422 വോട്ടുകള്‍ക്കളുടെ വന്‍ഭൂരിപക്ഷത്തിലാണ് രാഹുല്‍ വായനാട്ടില്‍ മിന്നും ജയം സ്വന്തമാക്കിയത്. 2,83,023 വോട്ടുകള്‍ നേടിയ ആനി രാജയ്ക്ക് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
കോഴിക്കോട് നിന്ന് പാട്ടും പാടി മത്സരിക്കാനെത്തിയ രമ്യ ഹരിദാസിന് ആലത്തൂര്‍ നല്‍കിയത് വന്‍ വിജയമായിരുന്നു. എന്നാല്‍ അതേ ആലത്തൂരില്‍ ഇത്തവണ തോല്‍വിയുടെ രുചിയറിഞ്ഞു. ആലത്തൂരില്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് എം പിയായി രണ്ടാം തവണ മത്സരിക്കാനെത്തിയ രമൃാ ഹരിദാസിനെ കോണ്‍ഗ്രസുകാര്‍ തന്നെ തോല്‍പ്പിച്ചു. കോണ്‍ഗ്രസ് വിമതനായ ഗോപിനാഥിനെപ്പോലുള്ള നേതാവ് പരസ്യമായി രമ്യയെ തോല്‍പ്പിച്ചത് താനാണെന്ന് വീരവാദം മുഴക്കിയതും നമ്മള് കണ്ടു. സ്ഥാനാര്‍ത്ഥിയെ പരിഗണിക്കാതിരുന്ന കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണവും കേരളം കേട്ടു.
രമ്യയുടെ പ്രതീക്ഷയെ സി.പി.എം നേതാവും ദേവസ്വം മന്ത്രിയുമായ കെ.രാധാകൃഷ്ണന് തകര്‍ത്തെറിഞ്ഞു. ഇതോടെ സംസ്ഥാനത്തു നിന്നുള്ള ഏക എല്‍ഡിഎഫ് എംപി ഇല്ലാതാക്കി. ഇതേ മണ്ഡലത്തില്‍ മറ്റൊരു വനിതാ സ്ഥാനാര്‍ത്ഥിയായി ബി ജെ പി ടിക്കറ്റില്‍ മത്സരിക്കാനെത്തിയ ഡോ ടി എന്‍ സരസുവും പരാജയപ്പെട്ടു. തൃശ്ശൂരില്‍ സുരേഷ് ഗോപിക്ക് കിട്ടിയ പരിഗണന ടി എന്‍ സരസുവിന് ലഭിച്ചില്ല. വ്യക്തമായ രാഷ്ട്രീയ നിലപാടുകളുള്ള അറിയപ്പെടുന്ന വിദ്യാഭ്യാസ പ്രവര്‍ത്തകയായിരുന്നു ടി എന്‍ സരസു. എന്നിട്ടും അവര്‍ മൂന്നാം സ്ഥാനംകൊണ്ട് തൃപ്തിപ്പെട്ടു. 1,88230 വോട്ടുകളാണ് അവര്‍ക്ക് നേടാനായത്.
കാവി പാര്‍ട്ടി എ ക്ലാസ് മണ്ഡലങ്ങളിലൊന്നായി കണക്കാക്കിയ ആലപ്പുഴയില്‍ ഏറെ ആത്മവിശ്വാസത്തോടെ എന്‍ഡിഎ രംഗത്തിറക്കിയ ബിജെപി തീപ്പൊരി നേതാവ് ശോഭാ സുരേന്ദ്രനും ആകെ 2,99,648 വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്തേയ്ക്ക് തളളപ്പെട്ടു. ഒരു പക്ഷേ, കഴിഞ്ഞ തവണ മത്സരിച്ച ആറ്റിങ്ങലില്‍ തന്നെ ഇത്തവണയും ശോഭാ സുരേന്ദ്രന് മത്സരിച്ചിരുന്നുവെങ്കില്‍ ചിത്രം മറ്റൊന്നായേനേ…
വടക്കന്‍ പറവൂരില്‍ മുനിസിപ്പല്‍ കൗണ്‍സിലറായി ഇതിനോടകം കഴിവ് തെളിയിച്ച എറണാകുളത്തെ ഇടതു സ്ഥാനാര്‍ഥി കെ.ജെ.ഷൈനും കാര്യമായ മാറ്റമുണ്ടാക്കാനായില്ല. മണ്ഡലത്തിലെ ജാതി സമവാക്യം തൃപ്തിപ്പെടുത്തിയെങ്കിലും 2,50,385 വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച സിറ്റിംഗ് എം പി ഹൈബി ഈഡന്റെ ഭൂരിപക്ഷത്തിലേക്ക് പോലും കെ ജെ ഷൈനിന്റെ മൊത്തം വോട്ട് എത്തിയില്ല.
എന്‍ഡിഎ സഖ്യകക്ഷിയായ ബി ഡി ജെ എസ് ഇടുക്കിയില്‍ മത്സരിപ്പിച്ച സംഗീത വിശ്വനാഥനും പൊന്നാനിയില്‍ ബിജെപിയുടെ നിവേദിത സുബ്രഹ്മണ്യന്, കാസര്‍കോട് മത്സരിച്ച എം എല്‍ അശ്വിനിയും ഏറ്റുവാങ്ങിയതും കനത്ത പരാജയം തന്നെ.
കേരളത്തില്‍ നിന്ന് 18-ാം ലോക്സഭയിലേക്ക് ഇത്തവണ എത്ര വനിതകളാണ് എത്തുന്നത് ? ഒരാള്‍പോലുമില്ല, കനല് ഒരുതരിയുണ്ടായിരുന്നത് ഇതാ കെട്ടിരിക്കുന്നു. ആലത്തൂരില്‍നിന്നാണ് കാലങ്ങള്‍ക്ക് ശേഷം ഒരു വനിതാ പ്രതിനിധി പാര്‍ലമെന്റില്‍ എത്തിയത്. അതിനു മുന്‍പാവട്ടെ ചാലക്കുടിയില്‍ നിന്നും പ്രൊഫ. സാവിത്രി ലക്ഷ്മണന് രണ്ടുതവണ പാര്‍ലമെന്റില്‍ എത്തിയത് ഒഴിച്ചുനിര്‍ത്തിയാല്‍ കോണ്‍ഗ്രസ് ഒരു വനിതയെ പാര്‍ലമെന്റിലേക്ക് അയച്ചത് രമ്യാ ഹരിദാസിനെയായിരുന്നു. കേരളം സ്ത്രീകളുടെ ഉന്നമനത്തെക്കുറിച്ചും ഭരണത്തില്‍ വനിതാ പ്രാതിനിധ്യം അനിവാര്യമാണെന്നൊക്കെ വാതോരാതെ സംസാരിക്കും. എന്നാല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും വനിതകളെ വിജയിപ്പിക്കാന്‍ തയ്യാറുമല്ല.
കേരളത്തിന്റെ ‘പുരോഗമന’, ‘രാഷ്ട്രീയ സാക്ഷരത’ എന്ന ടാഗ് സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്. സി പി എമ്മും സി പി ഐയും കോണ്‍ഗ്രസും ബി ജെ പിയും ബിഡിജെ എസും ഒക്കെ കൊട്ടിഘോഷിച്ചുകൊണ്ട് വനതികളെ അവതരിപ്പിക്കും. എന്നാല്‍ വിജയിക്കാവുന്ന ഒരു സീറ്റില്‍പോലും വനതികളെ നിര്‍ത്തില്ല. അഥവാ വിജയിക്കുമെന്ന സ്ഥിതി വന്നാല്‍ സംഘടിതമായി തോല്‍പ്പിക്കും. അതേ അത് ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായി ശോഭാ സുരേന്ദ്രന് വന്നാലും സി പി എം സ്ഥാനാര്‍ത്ഥിയായി കെ കെ ശൈലജ വന്നാലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി രമ്യാ ഹരിദാസ് വന്നാലും നിലപാടുകള്‍ ഒരുപോലെയാണ്.
കേന്ദ്രസര്‍ക്കാര്‍ ആദ്യമായി പാര്‍ലമെന്റില്‍ അവതരിപ്പിച്ച ചരിത്രപരമായ വനിതാ ബില്ലിന് സംസ്ഥാനത്തെ രാഷ്ട്രീയ മുന്നണികള്‍ പിന്തുണ നല്‍കിയിരുന്നു. എന്നാല്‍, സ്ത്രീകള്‍ക്ക് 33 ശതമാനം ടിക്കറ്റ് നല്കുന്നതില് ഒരു പാര്‍ട്ടിയും സംവരണ തത്വം പാലിച്ചോ?പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ വിജയസാധ്യത കുറഞ്ഞ സീറ്റുകളില്‍ വനിതാ സ്ഥാനാര്‍ത്ഥികള്‍ക്ക് ടിക്കറ്റ് നല്കുന്ന രീതിയിലുള്ള മാറ്റം ഭാവിയില്‍ പോലും പ്രതീക്ഷിക്കുന്നില്ല. മിക്ക സന്ദര്‍ഭങ്ങളിലും, രാഷ്ട്രീയ രംഗത്തെ പരിചയക്കുറവും കഴിവുകേടും ചൂണ്ടിക്കാട്ടി സ്ത്രീകള്‍, ട്രാന്‍സ്ജെന്‍ഡര്‍മാര്‍, ദലിതുകള്‍, സമൂഹത്തിലെ മറ്റ് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ എന്നിവരെ മാറ്റിനിര്‍ത്തുന്നു. രാഷ്ട്രീയത്തിലെ കുറഞ്ഞ സ്ത്രീ പങ്കാളിത്തമെന്ന പ്രശ്നം എങ്ങനെ പരിഹരിക്കാനാകും എന്നാണ് ഇവിടെ ഉയരുന്ന ചോദ്യം.
സ്ത്രീ പ്രാതിനിധ്യം, കേരളത്തിന് ബംഗാളില്‍ നിന്നും ചിലത് പഠിക്കാനുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ നിന്ന് 12 സ്ത്രീകളാണ് ഇത്തവണ ലോകസഭയിലേക്കു മത്സരിച്ചത്. 42 സ്ഥാനാര്‍ത്ഥികളില്‍ 12 പേര് സ്ത്രീകള്‍ . അതില്‍ 11 പേരും വിജയിച്ചിരിക്കുന്നു. മൊത്തം ടി എം സി എം പിമാര്‍ 38%. ഡോ. കാകോലി ഘോഷ്, ശതാബ്ദി റോയ്, മഹുവാ മൊയ്ത്ര, പ്രതിമ മണ്ഡല്, മാലാ റോയ്, സജ്ദ അഹമ്മദ്, മിതാലി ബാഗ്, സയോനി ഘോഷ്, രചന ബാനര്‍ജി, ജൂണ്‍ മാലിയ, ഡോ. ശര്‍മ്മിള സര്‍ക്കാര്‍ എന്നിവരാണ് വിജയിച്ച TMC എം പിമാര്‍. 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ 17 വനിതാ സ്ഥാനാര്‍ത്ഥികളായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസിനുണ്ടായിരുന്നത്. അന്ന് TMC വിജയിച്ച 22 സീറ്റില്‍ 10 പേര് വനിതാ എം പിമാരായിരുന്നു. 2019 ല്‍ നിന്നും സ്ത്രീ സ്ഥാനാര്‍ത്ഥികളുടെ പ്രതിനിധ്യത്തില്‍ ചെറിയ കുറവ് വന്നിട്ടുണ്ടെങ്കിലും 30 % ലധികം സ്ത്രീകള്‍ ഇത്തവണയും ഉണ്ടായിരുന്നു. ലോകസഭയിലും സംസ്ഥാന അസംബ്ലികളിലും 33% സീറ്റുകള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്യുന്നതിനുള്ള ഭരണഘടന ബില്‍ 2023 സെപ്റ്റംബറില്‍ പാര്‍ലിമെന്റ്റില്‍ പാസാക്കിയശേഷം വന്ന ആദ്യ പൊതു തെരെഞ്ഞെടുപ്പ് ആയിരുന്നു ഇത്. പൊതുവില്‍ പുരോഗമന രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന , രാഷ്ട്രീയ അവബോധം കൂടുതല്‍ ഉണ്ടെന്ന് പറയപ്പെടുന്ന കേരളത്തില്‍ സി പി ഐയില്‍ നിന്ന് നാലില്‍ ഒന്നും, സി പി എമ്മില്‍ നിന്ന് 15-ല്‍ രണ്ടും, കോണ്‍ഗ്രസ്സില്‍ 16 സീറ്റില്‍ നിന്ന് ഒരാളും മാത്രമാണ് മല്‍സര രംഗത്തുണ്ടായിരുന്നത്. ഈ നാല് സ്ത്രീ സ്ഥാനാര്‍ത്ഥികളും പരാജയപ്പെട്ട സാഹചര്യത്തില്‍ പാര്‍ലമെന്റില്‍ കേരളത്തില്‍ നിന്നുള്ള സ്ത്രീ പ്രാതിനിത്യം തന്നെ ഇല്ലാതായിരിക്കുന്നു.
രാഷ്ട്രീയ ഇച്ഛാശക്തിയുണ്ടെങ്കില്‍ പ്രാദേശിക പാര്‍ട്ടികള്‍ ആയാല്‍ പോലും കൂടുതല്‍ സ്ത്രീ സ്ഥാനാര്‍ത്ഥികളെ മല്‍സരിപ്പിക്കാനും , നല്ലൊരു ശതമാനം ആളുകളെ വിജയിപ്പിച്ച് പാര്‍ലിമെന്റില്‍ സ്ത്രീ പ്രാതിനിധ്യ നിരക്ക് വര്‍ദ്ധിപ്പിക്കാനും കഴിയും എന്നതിന്റെ ഉദാഹരണമാണ് TMC. അതോടൊപ്പം തന്നെ, സ്ഥാനാര്‍ത്ഥികളായി നിര്‍ത്തിയവരിലും ജയിച്ചു കയറിയവരിലും ദളിത്-ആദിവാസി – പ്രാതിനിധ്യം വളരെ കുറവാണെന്നും ബഹു ഭൂരിപക്ഷവും സവര്‍ണ്ണ വിഭാഗത്തില്‍ പെട്ടവരാണെന്നും ഉള്ള ന്യായമായ വിമര്‍ശനം ഇവിടെ ഉന്നയിക്കാവുന്നതാണ്.