ഹാഥ്റസ്: ഹാഥ്റസ് കൂട്ടമരണത്തിന് കാരണമായ ആൾദൈവം ഭോലെ ബാബയുടെ പരിപാടി നിരുത്തരവാദിത്തപരമായിട്ടാണ് കൈകാര്യം ചെയ്തതെന്ന് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ വീഴ്ചവരുത്തിയ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ഉൾപ്പെടെ ആറ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട ഇതുവരെ ഒൻപതുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഉത്തർപ്രദേശിൽ ഭോലെ ബാബയുടെ പരിപാടിയിൽ തിക്കും തിരക്കിലും പെട്ട് 121 പേരായിരുന്നു മരിച്ചത്. രണ്ടര ലക്ഷത്തോളം പേർ പരിപാടിയിൽ സംഘടിച്ചുവെന്നാണ് റിപ്പോർട്ട്. പരിപാടിക്ക് അനുമതി നൽകിയ സബ് ഡിവിഷണൽ മജിസ്ട്രേറ്റിനെതിരേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഡ് ചെയ്തത്.
പരിപാടിയെക്കുറിച്ചോ പരിപാടി നടക്കുന്ന സ്ഥലത്തെക്കുറിച്ചോ ഉയർന്ന ഉദ്യോഗസ്ഥരെ വിവരം അറിയിച്ചില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് സമർപ്പിച്ച പ്രത്യേകാന്വേഷണ റിപ്പോർട്ടിൽ പറയുന്നു. സബ് ഡിവിഷണൽ മജിസ്ട്രേറ്റ്, സർക്കിൾ ഓഫീസർ, തഹസിൽദാർ, രണ്ട് പോലീസ് ഉദ്യോഗസ്ഥർ അടക്കം ആറ് പേരെയാണ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്തത്.