ന്യൂഡൽഹി: തമിഴ്നാട്ടിലെ നീലഗിരിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഹെലികോപ്റ്റർ പരിശോധിച്ചതിൽ വിമർശനവുമായി ജയറാം രമേശ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോയ രാഹുലിന്റെ ഹെലികോപ്റ്റർ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഫ്ലൈയിങ് സ്ക്വാഡാണ് പരിശോധിച്ചത്. അങ്ങനെയെങ്കിൽ രാഹുലിന്റേതു മാത്രമല്ല, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും ഹെലികോപ്റ്ററുകൾ പരിശോധിക്കണമെന്ന് ജയറാം രമേശ് ആവശ്യപ്പെട്ടു.
‘‘തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി നേതാക്കന്മാർക്ക് പോകേണ്ടതുണ്ട്. താരപ്രചാരകർക്ക് ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്കു പോകാൻ ഹെലികോപ്റ്റർ ആവശ്യമുണ്ട്. തിരഞ്ഞെടുപ്പ് കമ്മിഷൻ പരിശോധന നടത്തുന്നതിൽ ഒരു പ്രശ്നവുമില്ല. പക്ഷേ, പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും ഹെലികോപ്റ്ററുകൾ പരിശോധിക്കണം’’ – വാർത്താ സമ്മേളനത്തിൽ ജയറാം രമേശ് പറഞ്ഞു.