എബി എൻ. ജോസഫ്
ഒരു പാക്കറ്റ് പൊരിച്ചചോളം ഒടുവിൽവരെ തുറക്കാൻ കഴിയാതെപോയത് വിശക്കുന്ന നജീബ് മുൻപിലുള്ളപ്പോൾ അങ്ങനെ എന്തെങ്കിലും കഴിക്കുന്നത് ഒരു പാപമാണെന്ന് തോന്നിയതിനാലാണ്.നജീബിന്റെ വിരഹവും ദാഹവും ഏകാന്തതയും പീഡനവും ഏറ്റെടുക്കാൻ ഒരുമ്പെട്ടുവേണം നിങ്ങൾ തിയേറ്ററിൽ എത്താൻ.”നിങ്ങൾ അനുഭവിക്കാത്ത ജീവിതം ഒരു കെട്ടുകഥ” മാത്രമാണെന്ന ബെന്യാമിന്റെ വെല്ലുവിളിക്കു സമാനമായ സത്യപ്രസ്ഥാവം സംവിധായകൻ ബ്ലെസ്സി ഏറ്റെടുക്കുകയും നജീബിന്റെ ചോരപൊടിയുന്ന അനുഭവങ്ങളുടെ വേദന പങ്കിട്ടുകൊണ്ടല്ലാതെ തീയറ്റർ വിട്ടിറങ്ങാൻ ഒരാൾക്ക് കഴിയാതെ വരുകയും ചെയ്യുന്നു.
ബെന്യാമിന്റെ ആടുജീവിതം ഖണ്ഡശ്ശവായിച്ചതും അത് പുസ്തകമായപ്പോൾ വീണ്ടും വായിച്ചതും ഓർമ്മവച്ചുകൊണ്ട് കഥയറിഞ്ഞു ആട്ടം കാണാൻ എത്തിയ എന്നെ അമ്പരപ്പിക്കുന്ന സിനിമാ അനുഭവമാണ് ബ്ലെസ്സിയും സംഘവും തന്നത്.ക്യാമറ എങ്ങനെ,പാട്ട്, ശബ്ദലേഖനം ആർട്ട് ഇവയൊക്കെ എങ്ങനെ എന്നൊന്നും ചോദിച്ചാൽ ഒരു ഉത്തരം കൊടുക്കാൻ എനിക്ക് കഴിയാതെവരുന്നു.കാരണം ഞാൻ പൂർണ്ണമായും നജീബിന്റെ ദുരിതങ്ങളിൽ പെട്ടുഴലുകയായിരുന്നു.ഓരോന്നും വേറിട്ടുകാണാൻ എനിക്ക് നേരമുണ്ടായില്ല.
പ്രേം നസീറിന്റെ മറുനാട്ടിൽ ഒരു മലയാളി ഞാൻ കണ്ടിട്ടുണ്ട്. പ്രിത്വിരാജിന്റെ അച്ഛൻ, വലിയ പ്രതിഭയായിരുന്ന സുകുമാരൻ വേഷമിട്ട ‘വിൽക്കാനുണ്ട് സ്വപ്നങ്ങൾ ‘ഞാൻ ഓർമ്മിക്കുന്നു. പ്രവാസത്തെ ചലച്ചിത്രമാക്കിമാറ്റിയ പല രചനകളും ഇപ്പോൾ ഓർമ്മിച്ചെടുക്കാൻ ശ്രമിക്കുന്നു. എന്നാൽ പ്രിത്വി നമുക്ക് സമ്മാനിച്ച ത്യാഗപൂർണ്ണ സമർപ്പണത്തിന് സമാനമായി ഒരനുഭവത്തിന് ഞാൻ ഇതുവരെ സാക്ഷിയായിട്ടില്ല.ഒരു അഭിനേതാവോ അഭിനേത്രിയോ പ്രധാനമായും നമുക്ക് നൽകുന്നത് അവരുടെ ഉടൽതന്നെയാണെന്ന് തോന്നുന്നു. പാത്രത്തെ വ്യാഖ്യാനിക്കാൻ ഏറ്റവും മികച്ച ഉപകരണം സ്വന്തം ശരീരംതന്നെ.
കാലത്തെ അറിയാൻ ഘടികാരമോ ഗ്രിഗോറിയൻ കലണ്ടറോ എന്തിനു, നാട്ടിലെ ഇടവപ്പാതിയോ തുലാവർഷമോ ഇല്ലാതെ സ്വന്തം ശരീരത്തിൽ വളരുന്ന രോമവും നീണ്ടുവരുന്ന നഖവും കണ്ടറിഞ്ഞു നജീബ് 10000BC ക്ക് മുൻപുള്ള നരജീവിതത്തിലേക്ക് തിരിച്ചുനടക്കുന്നു.വിയർപ്പിലും ജലകണമുണ്ടെന്ന് മറ്റൊരു വംശത്തിൽനിന്ന് എത്തിയ വർഗ്ഗബന്ധു പഠിപ്പിക്കുന്നു.മർദ്ദകനും മർദ്ദിതനും ഓരേ ദൈവത്തെ വിളിക്കുന്ന വിചിത്രദൈവാനുഭവങ്ങളും വേണ്ടുവോളം.
തിയേറ്റർ മുഴുവൻ നിറഞ്ഞു നിൽക്കുന്ന അമ്മയുടെ,അച്ചാറിന്റ,നന്മയുടെ മണം നമ്മെ വിടാതെ പിന്തുടരും.ഒരു പല്ലി,ജലസാന്നിധ്യം ഉറപ്പുവരുത്തുന്നതുപോലെ സൂചനകൾ,കാറ്റായി,കഴുകനായി നിലവിളിയായി ഉടനീളം ഒപ്പമുണ്ട്.നജീബിന് അറിയാത്തതൊന്നും നമുക്കും അറിയില്ല.നജീബ് അറിഞ്ഞതൊന്നും നമുക്ക് വിസ്മരിക്കാനുമാവില്ല.ഇനിയെന്ത് എന്ന് നജീബിനുവേണ്ടി നാം ചോദിച്ചുകൊണ്ടിരിക്കും.അത് കേവലം ഒരു മലയാളി മറ്റൊരുമലയാളിയെ ആർദ്രഹൃത്തനായി കാണുന്നതുകൊണ്ടായിരിക്കില്ല;നൊമ്പരങ്ങളുടെ നൂൽബന്ധങ്ങൾ അതിരുകൾ ഭേദിക്കുന്നവിധം നമ്മെ വരിഞ്ഞു മുറുക്കുന്നതുകൊണ്ടാവണം.
ഒടുവിൽ കാദിരി ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമായി ചുവരിൽ സർവ്വസാധാരണമെന്നതുപോലെ തൂങ്ങുകയും മണൽകൂനകൾക്കുമുകളിൽ ദൈവത്തെ വിളിച്ചുകേഴുന്ന പ്രത്യാശാനിർഭരനായ വിശ്വാസിയെ ഓർമിപ്പിക്കുകയും ചെയ്യുന്നു.നനഞ്ഞു കുതിർന്ന കേരളവും അവിടെ മുങ്ങിനിവരുന്ന പ്രണയവും അതിഭൂതകാലതെന്നതുപോലെയും വരണ്ടുണങ്ങിയ ജീവിതമാകട്ടെ ഒഴിഞ്ഞുപോകാതെ വേട്ടയാടുന്ന വർത്തമാനകാല യാഥാർഥ്യമാവുകയും ചെയ്യുന്നു.
തകർന്നുപോയ ആ മനുഷ്യന്റെ വിറകുപോലെ മെലിഞ്ഞുണങ്ങിയ ശരീരം എങ്ങനെയാണ് അയാളുടെ അമ്മ കണ്ടിരിക്കുമെന്ന് നടുക്കത്തോടെ ഓർമ്മിക്കുമ്പോൾ കഥയിലെ അമ്മയുടെ കാര്യമാണ് ആളുകൾ പരിഗണിക്കുക.എന്നാൽ മല്ലിക എന്നൊരാൾ എങ്ങനെയാണ് ഈ ദൃശ്യം ഇടനെഞ്ചു പൊട്ടാതെ കണ്ടിരിക്കുക!മലയാളിയെ അമ്പരപ്പിച്ച ഒരു നോവൽ ഈ സിനിമക്ക് കാരണമായിട്ടുണ്ട്.എങ്കിലും എനിക്കുറപ്പിച്ചു പറയാനാവുന്ന ഒന്ന്, ഇത് എല്ലാ അർത്ഥത്തിലും വേറിട്ട സംവേദനക്ഷമത ആവശ്യപ്പെടുന്നുണ്ട് എന്നാണ്.
അരനൂറ്റാണ്ടിന്റെ നയനശീലങ്ങൾ സാക്ഷിനിർത്തി ഇതുകൂടി പറഞ്ഞുപോവുകയാണ്. “ആടുജീവിതം എന്ന ഈ സിനിമ നിങ്ങൾ കാണുന്നില്ലെങ്കിൽ മലയാളം കണ്ട ഏറ്റവും മികച്ച സിനിമ നിങ്ങൾകണ്ടില്ല “എന്ന് ഞാനങ്ങു ഉറപ്പിച്ചു പറയുകയാണ്.സമ്മതിക്കുന്നു.ഈ കുറിപ്പ് സമഗ്രത അവകാശപ്പെടാത്ത ഒന്നാണ്.ഹക്കീമിനെക്കുറിച്ച് പറയാനുണ്ട്. ആഗോള പരിസരം നിരീക്ഷിക്കേണ്ടതുണ്ട്.അത് നടന്നില്ല.ആർട്ട് അത്ഭുതകരമാണ്.ത്യാഗം എന്ന വിശുദ്ധമായ മനുഷ്യാവസ്തയിലേക്ക് ഒരു കൂട്ടം ആളുകൾ ഒന്നിക്കുന്നതിന് കല കാരണമാകുന്നതിനെക്കുറിച്ച് വാചാലനാവേണ്ടതുണ്ട്.അങ്ങനെ പലതും ബാക്കിയുണ്ട്.
ഭ്രമയുഗം, മഞ്ഞുമ്മൽ ബോയ്സ്, ആടുജീവിതം എന്നീ മൂന്ന് സമകാലിക സിനിമകളും ഒരു പ്രത്യേക ജാമിതീയ ഘടനയിൽ കണ്ണിചേരുന്നു. രക്ഷപെടുക അഥവാ രക്ഷപ്പെടുത്തുക എന്നതാണ് ആ സമകാലിക ദൗത്യം.രാജ്യം വിമോചനലക്ഷ്യത്തോടെ വിയോജിപ്പുകൾ മറന്ന് ഒന്നിക്കുമ്പോൾ വീണുപോയ പാതാളക്കുഴിയിൽനിന്നും – കാലം മരവിച്ചുണങ്ങിയ കൊടുമൺ കോട്ടയിൽ നിന്നും -മണൽകാട്ടിൽ നിന്നും അവിശ്വസനീയമായാവിധം ഉയർന്നെഴുനേൽക്കാൻ നേരമായെന്ന് ഈ കലാസൃഷ്ടികൾ നമ്മോട് പറയാതെപറയുന്നു.ഈ സിനിമകൾ മടിയില്ലാതെ നമ്മോട് രാഷ്ട്രീയം പറയുന്നുണ്ട്.പൊതു തെരഞ്ഞെടുപ്പ് ഒരു ജനതയുടെ രക്ഷാദൗത്യമാണ് എന്നതാണ് ആ രാഷ്ട്രീയം.