ദില്ലി: എൽഡിഎഫ് കൺവീനർ ഇ പി ജയരാജനുമായുള്ള കൂടിക്കാഴ്ച നിഷേധിക്കാതെ ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ. നേതാക്കളെ കണ്ടാൽ എന്താണ് പ്രശ്നം എന്ന് പ്രകാശ് ജാവദേക്കർ ചോദിച്ചു. രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി പലരേയും കാണേണ്ടി വരും.
അതിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നും ജാവദേക്കർ പ്രതികരിച്ചു. പിണറായി പറയുന്നത് അവരുടെ ആഭ്യന്തര പ്രശ്നമാണെന്ന് പറഞ്ഞ പ്രകാശ് ജാവദേക്കർ, ദല്ലാൾ നന്ദകുമാറിന്റെ ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്നും കൂട്ടിച്ചേർത്തു.
ഇ പി ജയരാജനെയും തന്നെയും ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ കണ്ടിരുന്നുവെന്നായിരുന്നു കഴിഞ്ഞ ദിവസം ടി ജി നന്ദകുമാർ ആരോപിച്ചത്. ഇടതുമുന്നണി സഹായിച്ചാൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ കഴിയുമെന്ന് ജാവദേക്കർ ഇ പിയോട് പറഞ്ഞതായും പകരം എസ്എൻസി ലാവലിൻ കേസ്, സ്വർണ്ണക്കടത്ത് കേസ് എന്നിവ സെറ്റിൽ ചെയ്ത് തരാം എന്ന് ഉറപ്പ് കൊടുത്തതായുമാണ് നന്ദകുമാർ ആരോപിച്ചത്.
പക്ഷെ തൃശ്ശൂർ സിപിഐ സീറ്റായതിനാൽ ഇ പി സമ്മതിച്ചില്ലെന്നും അങ്ങനെ ആദ്യ ചർച്ച പരാജയപ്പെട്ടു പോയെന്നും ടി ജി നന്ദകുമാർ ആരോപിച്ചിരുന്നു. ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ തന്നെ വന്ന് കണ്ടുവെന്ന് സ്ഥിരീകരിച്ചെങ്കിലും ബിജെപിയിൽ പോകാൻ ചർച്ച നടത്തിയെന്ന ആരോപണം ഇപി ജയരാജന് തള്ളി.
തന്റെ മകന്റെ ഫ്ലാറ്റിലെത്തി പ്രകാശ് ജാവദേക്കർ കണ്ടുവെന്നും രാഷ്ട്രീയകാര്യങ്ങളൊന്നും സംസാരിച്ചില്ലെന്നുമായിരുന്നു ജയരാജന് പറഞ്ഞത്. വീട്ടിൽ വന്നയാളോട് ഇറങ്ങിപ്പോകാൻ പറയാൻ കഴിയുമോ എന്നായിരുന്നു ഇപിയുടെ ചോദ്യം.