വാശിയേറിയ ത്രികോണ മത്സരം നടക്കുന്ന മണ്ഡലമാണ് കോട്ടയം.മൂന്നു പ്രാദേശിക കക്ഷികള്‍ മത്സരിക്കുന്നതിനാല്‍ ദേശീയ ശ്രദ്ധയോ സംസ്ഥനതലത്തില്‍പ്പോലുമോ ചര്‍ച്ചയൊന്നും ആയില്ലെങ്കിലും കോട്ടയത്ത് തീപ്പാറുന്ന മത്സരമാണ് നടക്കുന്നത്. 44 വര്‍ഷത്തിനുശേഷം കേരളാ കോണ്‍ഗ്രസുകാര്‍ തമ്മില്‍ ഏറ്റുമുട്ടുന്ന കോട്ടയത്ത് കടുത്ത മത്സരമാണ് നടക്കുന്നത്. സിറ്റിംഗ് എം പി തോമസ് ചാഴികാടന് ഇത്തവണ എല്‍ ഡി എഫ് ടിക്കറ്റിലാണ് ജനവിധി തേടുന്നത്. കഴിഞ്ഞ തവണ യു ഡി എഫ് ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ച ചാഴികാടന് രണ്ടാം ടേമില്‍ യു ഡി എഫിന്റെ എതിരാളിയായി വന്നതാണ് മത്സരത്തിന് വീറും വാശിയും കൂടാന്‍ കാരണം.
ജോസ് കെ മാണിയുടെ കേരളാ കോണ്‍ഗ്രസ് യു ഡി എഫ് പാളയം വിട്ട് എല്‍ ഡി എഫില്‍ ചേക്കേറിയതോടെ ജോസ് കെ മാണിയുടെ കേരളാ കോണ്‍ഗ്രസിന്റെ സ്വീകാര്യത കൂടി ചോദ്യം ചെയ്യപ്പെടുന്നതാണ് ഈ തെരഞ്ഞെടുപ്പ്.കേരളാ കോണ്‍ഗ്രസ് സ്ഥാപകരില്‍ ഒരാളായ കെ എം ജോര്‍ജിന്റെ മകനും മുന്‍ ഇടുക്കി എം പിയുമായ ഫ്രാന്‍സിസ് ജോര്‍ജാണ് ചാഴികാടന്റെ പ്രധാന എതിരാളി. മികച്ച പാര്‍ലമെന്റേറിയനായിരുന്നു ഫ്രാന്‍സിസ് ജോര്‍ജ്. കേരളാ കോണ്‍ഗ്രസിന് ഏറ്റവും വളക്കൂറുണ്ടെന്ന് വിശ്വസിച്ചിരുന്ന പാലായില്‍ അസംബ്ലി തെരഞ്ഞെടുപ്പില്‍ ഏറ്റുവാങ്ങിയ തോല്‍വിയുടെ ആഘാതത്തില്‍ നിന്നും ഇപ്പോഴും ജോസ് കെ മാണി മുക്തനായിട്ടില്ല. രാജ്യസഭാംഗംമായി ജോസ് തുടരുകയാണെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കാനാവാത്തത് ജോസിന്റെ രാഷ്ട്രീയ ജീവിതത്തില്‍ കറുത്ത അധ്യായമായി.
ഫ്രാന്‍സിസ് ജോര്‍ജ് സ്ഥാനാര്‍ത്ഥിയായി വന്നതോടെ കോട്ടയത്ത് ജോസ് വിഭാഗത്തിന്റെ വിജയപ്രതീക്ഷകള്‍ക്ക് മങ്ങലേല്‍ക്കുകയായിരുന്നു.പൊതുവെ യു ഡി എഫിന്റെ ഏറ്റവും ശക്തമായ മണ്ഡലമായാണ് കോട്ടയം അറിയപ്പെടുന്നത്.കോണ്‍ഗ്രസിന് ശക്തമായ വളക്കൂറുള്ള മണ്ഡലംകൂടിയാണ് കോട്ടയം.കോട്ടയത്ത് കേരളാ കോണ്‍ഗ്രസുകളുടെ ശക്തമായ മത്സരം അരങ്ങേറുമെന്നുറപ്പായ ഘട്ടത്തിലാണ് എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായി ബി ഡി ജെ എസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി രംഗത്തെത്തുന്നത്. ഇതോടെ കോട്ടയത്തിന്റെ ചിത്രം മാറുകയായിരുന്നു.
പരമ്പരാഗതമായി സി പി എമ്മിന് ലഭിച്ചിരുന്ന ഈഴവ വോട്ടുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് തുഷാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണം നടക്കുന്നത്.ബി ജെ പിയുടെ പരമ്പരാഗത വോട്ടും സി പി എമ്മിലെ അസംതൃപ്തരുടെ വോട്ടും നേടാനായാല്‍ തുഷാര്‍ കോട്ടയത്ത് രണ്ടാം സ്ഥാനത്തെത്തും. സിറ്റിംഗ് എം പിയും കേരളാ കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥിയുമായ തോമസ് ചാഴികാടന് മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
കെ കെ ശൈലജയ്ക്കെതിരെ സൈബര്‍ ആക്രമണം അതീവ ഗൗരവം;എം വി ഗോവിന്ദന്
കേരളാ കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷനും യു ഡി എഫ് ചെയര്‍മാനുമായിരുന്ന സജി മഞ്ഞക്കടമ്പില്‍ ഉയര്‍ത്തിയ പ്രതിസന്ധിക്ക് ഒരു ദിവസത്തെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതും ജോസ് വിഭാഗത്തെ അസ്വസ്ഥരാക്കുന്നുണ്ട്. തുഷാര്‍ വെള്ളാപ്പള്ളി രണ്ടാം സ്ഥാനത്തേക്ക് എത്തുന്നതോടെ കേരളാ കോണ്‍ഗ്രസ് എമ്മിന്റെ രാഷ്ട്രീയ പ്രസക്തിതന്നെ ചോദ്യം ചെയ്യപ്പെടും. ഈ അവസ്ഥയെ എങ്ങിനെ നേരിടാനാവുമെന്ന അന്വേഷണത്തിലാണ് ജോസ് കെ മാണിയും കൂട്ടരും.
വൈക്കം, ഏറ്റുമാനൂര്‍ മണ്ഡലങ്ങളില്‍ ബി ഡി ജെ എസ് ഇരുമുന്നണിക്കും കടുത്ത ഭീഷണിയാണ് ഉയര്‍ത്തുന്നത്. ഏറ്റുമാനൂര്‍, വൈക്കം മണ്ഡലങ്ങളില്‍ ഇടത് പാര്‍ട്ടികള്‍ക്ക് മേല്‍ക്കൈയുള്ള സ്ഥലമാണ്.കോട്ടയം, പുതുപ്പള്ളി, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലെ ഇടത് വോട്ടര്‍മാര്‍ക്കിടയില്‍ വിള്ളലുണ്ടാക്കാനുള്ള തുഷാറിന്റെ നീക്കങ്ങള്‍ക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നത്.കോട്ടയത്ത് നിര്‍ണായക ശക്തിയായി മാറുമെന്ന് തുഷാര്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച വേളയില്‍ തന്നെ പരസ്യപ്രതികരണം നടത്തിയിരുന്നു. ഇതെല്ലാം കേരളാ കോണ്‍ഗ്രസ് എമ്മിനെ ഭയപ്പെടുത്തുന്നുണ്ട്.കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ചാഴികാടന്റെ എതിരാളി വി എന്‍ വാസവനായിരുന്നു. വാസവന് ഇത്തവണ ചാഴികാടനായി വോട്ടുപിടിക്കുകയാണ്.ഇതെല്ലാം സി പി എമ്മിന്റെ താഴേത്തട്ടില്‍ വലിയ രാഷ്ട്രീയ വിദ്വേഷം സൃഷ്ടിച്ചിരിക്കയാണ്. ഇതെല്ലാം തുഷാറിന്റെ പ്രതീക്ഷകള്‍ക്ക് നിറമേകുകയാണ്.